മത്തായി 6 : 19 – 24
സ്വർഗ്ഗീയ നിക്ഷേപം
നമ്മുടെ സമ്പാദ്യങ്ങളെല്ലാം നമ്മുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനാണ്. എന്നാൽ, ഇവയൊന്നും ശാശ്വതമായി നിലനിൽക്കുന്നതല്ല എന്ന സത്യം നമുക്ക് മറച്ചുവയ്ക്കാനാവില്ല.
ആയതിനാൽ, ഭൂമിയിലെ നിക്ഷേപങ്ങളൊന്നും സ്വർഗ്ഗീയ നിക്ഷേപത്തിനുതകുന്നതല്ല എന്ന് യേശു ഈ വചനങ്ങളിലൂടെ നമ്മെ പഠിപ്പിക്കുന്നു. എത്ര വിലയേറിയതും കാലക്രമേണ നശിച്ചു മണ്ണടിയും.
എന്നാൽ, അനശ്വരമായത് സ്വർഗ്ഗീയനിക്ഷേപം മാത്രം. ഏതൊരുവന്റേയും ഹൃദയം, അവന്റെ നിക്ഷേപത്തിലായിരിക്കും. സ്വർഗ്ഗീയനിക്ഷേപം നമ്മുടെ സത്പ്രവൃത്തികളുടെ പ്രതിഫലമാണ്. അവയോ, അനശ്വര നിക്ഷേപങ്ങളും. ഇതിൽ ഏത് വേണമെന്ന് നാമാണ് തിരഞ്ഞെടുക്കേണ്ടത്.
“ശരീരത്തിന്റെ വിളക്കാണ് കണ്ണ്”. എപ്പോഴും നമ്മുടെ ഹൃദയനിക്ഷേപത്തിലേക്കാണ് കണ്ണുകളുടെ നോട്ടം. ആയതിനാൽ, നമ്മുടെ ഹൃദയവും, കണ്ണുകളും, നിക്ഷേപങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നന്മനിറഞ്ഞ കണ്ണുകൾ നല്ലതേ കാണൂ, ആ നന്മയാണ് നമ്മുടെ ഹൃദയനിക്ഷേപം.
ആയതിനാൽ, നല്ല നിക്ഷേപങ്ങളെ കണ്ടെത്താൻ നമ്മുടെ കണ്ണുകൾക്ക് ഉൾക്കാഴ്‌ചനല്കാൻ അനുദിനം പ്രാർത്ഥിക്കാം. തിരുവചനമാണ് ഉൾക്കാഴ്ചയുടെ പൊരുൾ നമ്മിൽ നൽകുന്ന ഏക ഉപാധി. വചനത്തിന്റെ ഉൾക്കാഴ്ചക്കായി കാതോർക്കാം, മനസ്സും കണ്ണുകളും ഹൃദയവും അതിനായി തുറക്കാം.
രണ്ട് യജമാനന്മാരെ നമുക്ക് ഒരേസമയം സേവിക്കാനാവില്ല. ഒരുസമയം ഒരാളോടെ വിശ്വസ്തനായിരിക്കാൻ കഴിയൂ. ഏക ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തതയും, സ്നേഹവും അചഞ്ചലമായിരിക്കട്ടെ. അവിടുത്തേക്കാളുപരിയായി മറ്റൊന്നും ഹൃദയത്തിൽ ഉണ്ടാകാതിരിക്കട്ടെ. അത് സമ്പത്തോ, വ്യക്തികളോ, സാധനങ്ങളോ, മറ്റൊന്നും ആകരുത്.
അവന്റെ ഈ വചനങ്ങൾ, വിഗ്രഹാരാധകർക്കുള്ള ശക്തമായ ഒരു താക്കീതുകൂടിയാണ്. ഏകസത്യദൈവത്തിലുള്ള വിശ്വാസത്തിൽ അടിയുറച്ചു, നന്മനിറഞ്ഞകണ്ണുകളാൽ, സത്പ്രവൃത്തികളുടെ ഹൃദയനിക്ഷേപം സ്വർഗ്ഗത്തിൽ നമുക്ക് കരുതിവയ്ക്കാം. നാളെക്കുറിച്ചുള്ള ആകുലതകളും വ്യാകുലതകളും അകറ്റി, ഹൃദയ സമാധാനത്തോടെ ജീവിക്കാം..