യോഹന്നാൻ 14 : 18 – 24
സ്നേഹം.
പിതാവായ ദൈവത്തേയും പരിശുദ്ധാത്മാവിനേയും നാം അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നത് പുത്രൻ തമ്പുരാനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിലൂടെയാണ്. കാരണം, അവരെ ലോകത്തിനു വെളിപ്പെടുത്തിയത് അവിടുന്നാണ്.
പരിധികളില്ലാതെ മനുഷ്യരെ സ്നേഹിക്കുന്ന ദൈവമാണ് നമുക്കുള്ളതെങ്കിൽ, ആ സ്നേഹം തിരിച്ചറിയാൻ നാം അവിടുത്തേയും സ്നേഹിച്ചേ മതിയാകൂ. അതിനായി നാം ആദ്യപടി എന്നവണ്ണം ഈശോയെ സ്നേഹിക്കണം എന്നുസാരം.
ഈശോ വചനം തന്നെയാകയാൽ, തിരുവചനം പാലിക്കുന്നവരുടെ ഹൃദയത്തിൽ ത്രിയേകദൈവം വാസമാക്കുന്നു. കാരണം, പിതാവിനെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവൻ അവിടുത്തെ വചനം പാലിക്കുന്നു. വചനം പാലിക്കുന്നവരിൽ ദൈവം വാസമാക്കുന്നു.
നമ്മുടെ ഹൃദയവാതിലിൽ അവൻ വന്നു മുട്ടുന്നു, വാതിൽ നാം തുറന്ന് കൊടുത്താൽ അവൻ അതിൽ വാസമാക്കും. അവന് തുറക്കാനാവില്ല, തുറക്കേണ്ടത് ഉള്ളിൽനിന്നുമാണ്. അതായത് തീരുമാനം നമ്മുടേത് എന്നർത്ഥം. ദൈവവുമായി ഹൃദയൈക്യത്തിലായിരുന്നാൽ, ദൈവം അവിടം തന്റെ വാസസ്ഥലമാക്കും.
ഇത് ഓരോ മനുഷ്യർക്കുമുള്ള സ്വർഗ്ഗീയനുഭവമായി മാറും. മനുഷ്യഹൃദയം ദൈവഭവനമായി മാറുമ്പോൾ, ഭൂമിയിൽ സ്വർഗ്ഗം സംജാതമാകും. കാരണം, സ്നേഹിക്കുന്നവരോട് കൂടെ ദൈവം വസിക്കുന്നു. അവിടുത്തെ മനുഷ്യാവതാരം തന്നെ നമ്മോടുള്ള സ്നേഹത്തിന്റേയും, നമ്മുടെ കൂടെ വസിക്കാനുമുള്ള അവിടുത്തെ അതിയായ സ്നേഹത്തിന്റെ ബാഹ്യപ്രകടനമായിരുന്നല്ലോ.
ആയതിനാൽ, വചനം പാലിക്കുകയെന്നാൽ അവിടുത്തെ കല്പന പാലിക്കുക എന്നുതന്നെയാണ് അർത്ഥം. പാലിക്കുകയെന്നാൽ, അനുസരിക്കുകയെന്നാണർത്ഥം. ശാസനത്തിന്റെ കല്പന എന്നതിനേക്കാൾ, സ്നേഹത്തിന്റെ അനുസരണമാണ് അവിടുന്ന് നമ്മിൽനിന്നും കാംക്ഷിക്കുന്നത്.
.