Meditations Reader's Blog

ജീവിതസാക്ഷ്യമാണ് ഏറ്റവും വലിയ പ്രേഷിതപ്രവർത്തനം

യോഹന്നാൻ 4 : 31 – 38
പ്രേഷിതപ്രവർത്തനം.

ഈശോയും സമറിയാക്കാരിയും തമ്മിലുള്ള സംഭാഷണത്തിന്റെ തുടർച്ചയാണ് ഈ വചനഭാഗം. ഭക്ഷണം വാങ്ങാൻ പോയ അവന്റെ ശിഷ്യന്മാർ മടങ്ങിയെത്തുന്നു. യഹൂദപാരമ്പര്യങ്ങൾക്ക് വിരുദ്ധമായി അവൻ ഒരു സ്ത്രീയുമായി സംസാരിക്കുന്നത് അവർ കാണുന്നു. അതും പരസ്യപാപിനിയായ ഒരുവൾ.

അവന്റെ രക്ഷാകര പ്രവർത്തനങ്ങളിൽ, മനുഷ്യത്വരഹിതമായ പാരമ്പര്യങ്ങളെക്കാളും, മനുഷ്യത്വത്തിനും നിത്യജീവനും അവൻ പ്രാധാന്യം നൽകുന്നു. ദൈവ-മനുഷ്യബന്ധങ്ങളിൽനിന്നും ഒഴിഞ്ഞു, ഒറ്റപ്പെട്ടു നിൽക്കുന്നവരെ അവൻ പ്രത്യേകമാംവിധം പരിഗണിക്കുന്നു എന്നതിന്റെ സൂചനയാണിത്.

തന്റെ ജീവിതപരിവർത്തനം പ്രേഷിതത്വത്തിലേക്ക് വഴി മാറുമ്പോൾ, അവൾ എല്ലാം മറന്ന് അതിനായി ഇറങ്ങി പുറപ്പെടുന്നു. ദൈവവേല ചെയ്യുകയും, തന്നെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം നിറവേറ്റുകയുമാണ് ഒരു പ്രേഷിതന്റെ ഭക്ഷണമെന്നു, വിളവെടുപ്പിന്റെ കാര്യം വിവരിച്ചു, അവൻ ആലങ്കാരികമായി അവരെ പഠിപ്പിക്കുന്നു. ദൈവഹിതപൂർത്തീകരണമാണ് ഒരുവന്റെ ജീവിതലക്ഷ്യം.

ഇത് സാധ്യമായെങ്കിലേ കാൽവരിയിൽ അവൻ സ്വയം സമർപ്പിച്ചതുപോലെ, എല്ലാം പൂർത്തിയായി എന്ന് പറഞ്ഞു, നമ്മുടെ ആത്മാവിനേയും പിതാവിന്റെ കരങ്ങളിൽ നമുക്കും ഏൽപ്പിക്കാൻ കഴിയൂ. ഇവിടെ കൊയ്ത്ത് എന്നത് അന്ത്യവിധിയുടെ സൂചനയാണ്. രക്ഷയുടെ സമയം.

വിതയ്ക്കുന്നത് പിതാവ്, കൊയ്യുന്നത് പുത്രനും. പ്രേഷിതപ്രവർത്തനത്തിന്റെ അന്തസത്തയും ഇതുതന്നെ. എന്നും തുടരേണ്ട പ്രവൃത്തിയാണിത്. വിതയ്ക്കുന്നത് ഒരുവൻ, കൊയ്യുന്നത് മറ്റൊരുവൻ. നാം അവിടെ ദൈവകരങ്ങളിലെ ഉപകരണങ്ങൾ മാത്രം. അതിന്റെ ആത്യന്തിക ലക്ഷ്യമോ, നിത്യജീവനും. അത് ഓരോ പ്രേഷിതനും സ്വന്തമാക്കണം.

ദൈവവും മനുഷ്യനും തമ്മിലുള്ള കണ്ടുമുട്ടൽ ഒരുവനെ പ്രേഷിതനാക്കി മാറ്റും. പിന്നീട് അവന് തനിക്കുണ്ടായ മിശിഹാനുഭവം പങ്കുവെയ്ക്കാതെ തരമില്ല. ഈ തീവ്രമായ ആഗ്രഹത്തിൽ നിന്നും ഓരോ പ്രേഷിതനും സഭയിൽ രൂപപ്പെടുന്നു.

സാധ്യതകൾ എന്നും നമുക്ക് മുമ്പിലുണ്ട്. അതിനായി നാം ആദ്യം അവനെ കണ്ടുമുട്ടണം, അവനുമായി സ്നേഹബന്ധത്തിലാകണം, അങ്ങനെ മിശിഹാനുഭവം സ്വയത്തമാക്കണം, തീവ്രമായ ആഗ്രഹത്തോടെ അവനായി ഇറങ്ങിത്തിരിക്കണം. ജീവിതസാക്ഷ്യമാണ് ഏറ്റവും വലിയ പ്രേഷിതപ്രവർത്തനം എന്ന സത്യം മറക്കാതിരിക്കാം.