Meditations Reader's Blog

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കാം..

യോഹന്നാൻ 2 : 1 – 12
മറിയമേ സ്വസ്തി.

ഈശോയുടെ അടയാളങ്ങളുടെ ആരംഭമാണ് ഈ വചനഭാഗം. പരി.കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥശക്തി വെളിപ്പെടുത്തുന്ന ഒരു അത്ഭുതം കൂടിയാണിത്.

ഒന്നാം ഹവ്വാ, മനുഷ്യകുലത്തെ മരണത്തിലേക്ക് നയിച്ചെങ്കിൽ, രണ്ടാം ഹവ്വാ എന്നറിയപ്പെടുന്ന മറിയം, ജീവന്റെ മാതാവായി ഇവിടെ ചിത്രീകരിക്കപ്പെടുന്നു. അതോടൊപ്പം രണ്ടാം ആദമായി മിശിഹായും കണക്കാക്കപ്പെടുന്നു.

കാനാ തുടങ്ങി കാൽവരി വരെയുള്ള മറിയത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. ആയതിനാലാണ് അവൾ മിശിഹായുടെ രക്ഷാകര പ്രവർത്തനങ്ങളിൽ പങ്കാളിയായി, മനുഷ്യകുലത്തിന്റെ സഹരക്ഷകയായി മാറിയത്. ഒടുവിൽ കാൽവരിയിൽ ലോകം മുഴുവന്റേയും അമ്മയായി അവൾ മാറി.

പഴയനിയമഗ്രന്ഥങ്ങളിലും പുതിയനിയമത്തിൽ ഉടനീളവും മറിയത്തിന്റെ സ്ഥാനത്തേയും, അവളുടെ നന്മയേയും പ്രകീർത്തിക്കുന്നുണ്ട്. വെളിപാട് പുസ്തകത്തിൽ, മറിയത്തെ ഈശോ സ്ഥാപിച്ച സഭയായിട്ടാണ് ചിത്രീകരിക്കുന്നത്.

മനുഷ്യകുലരക്ഷയിൽ ഈശോയോട് സഹകരിച്ചവൾ എന്ന നിലയിൽ, മറിയത്തിനു സഭയിൽ അതുല്യമായ സ്ഥാനമാണുള്ളത്. അതുപോലെ അവൾ പ്രതിനിധീകരിക്കുന്ന സഭയും നമ്മിൽ പ്രഥമസ്ഥാനം അർഹിക്കുന്നു. അതിനാൽതന്നെ മറിയത്തോടുള്ള ഭക്തി, സഭാത്മക ജീവിതത്തിൽ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

ഇന്ന് ഈശോയുടെ സാന്നിധ്യം നാം അറിയുന്നത് സഭയിലൂടെയാണ്. സഭ മിശിഹായുടെ ശരീരമാണല്ലോ. അരൂപിയായ അവിടുത്തെ, നാമിന്ന് കാണുകയും കേൾക്കുകയും ചെയ്യുന്നത് സഭയിലൂടെയാണ്. പരി.മറിയത്തോട് ചേർന്ന് ശിഷ്യർ പ്രാർത്ഥനാ നിരതരായിരുന്നപ്പോളാണല്ലോ ദൈവം തന്റെ ആത്മാവിനെ അവരിൽ വർഷിച്ചത്.

ആദിമസഭ അവിടെ രൂപം കൊള്ളുമ്പോൾ, പരി.അമ്മയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. അവൾ ദൈവത്താൽ ഏറെ ശ്രേഷ്ഠയായി കണക്കാക്കപ്പെടുന്നതിനാലാകണം, ദൈവത്താൽ അവൾ സ്വർഗ്ഗത്തിലേക്ക് ആരോപിതയായത്. മിശിഹായുടെ ശിരസ്സായ സഭാകൂട്ടായ്മയിൽ നാം പങ്കുചേരുമ്പോൾ, മറിയത്തേയും നമ്മുടെ സഭാത്മക ജീവിതത്തോട് ചേർത്ത് വയ്ക്കാം.

അവളുടെ മാദ്ധ്യസ്ഥശക്തിയിൽ ഉറച്ചു വിശ്വസിച്ചുകൊണ്ടു നമുക്കും അവളോട് നിരന്തരം മാദ്ധ്യസ്ഥം യാചിക്കാം. ഉറച്ച വിശ്വാസത്തോടെ….ലഭിക്കുമെന്ന പ്രതീക്ഷയോടെ….