മത്തായി 19 : 13 – 15
സ്വർഗ്ഗരാജ്യവും ശിശുമനോഭാവവും.
ശിശുക്കൾക്ക് സ്വർഗ്ഗരാജ്യത്തിലുള്ള സ്ഥാനമാണ് ചിന്താവിഷയം. ശിശുക്കളെ നിസ്സാരരും അവകാശമില്ലാത്തവരുമായി ആളുകൾ കരുതിയിരുന്ന കാലഘട്ടമായിരുന്നു അത്. അമ്മമാർ കുഞ്ഞുങ്ങളെ അനുഗ്രഹിക്കാൻ അവന്റെ അടുക്കൽ കൊണ്ടുചെല്ലുന്നു.
അവന്റെ ശിഷ്യന്മാർ അവരെ തടയുന്നു. കാരണം, ഈ അവസരത്തിൽ ശിശുക്കൾക്ക് അവിടെ പ്രാധാന്യം ഇല്ലായെന്നു അവർ കരുതിയിരിക്കണം. ദൈവരാജ്യത്തിലുള്ള തങ്ങളുടെ സ്ഥാനമാനങ്ങളെക്കുറിച്ചു മാത്രമായിരുന്നു അവരുടെ ചിന്ത. തദവസരത്തിൽ, ശിശുക്കൾക്ക് അവിടെ ഒരു പ്രസക്തിയും ഇല്ല.
എന്നാൽ അവരുടെ ചിന്താധാരകളെ മാറ്റിമറിച്ചുകൊണ്ടു, ശിശുക്കളെപ്പോലെ എളിമയും ആശ്രയബോധവുമുള്ളവർക്കെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നു അവൻ ഇതിലൂടെ ഉറക്കെപ്രഖ്യാപിക്കുന്നു.
ശിശുമനോഭാവം പുലർത്തിയാലെ നമുക്കും സ്വർഗ്ഗരാജ്യം പ്രാപ്തമാകൂ. ഇത് അവന്റെ വാഗ്ദാനമാണ്. ശിശുമനോഭാവം എന്നും നമ്മുടെ ഉള്ളിൽ വളർത്താൻ എന്നും ദൈവത്തോട് പ്രാർത്ഥിക്കാം. ശിശുക്കളെപ്പോലെ ആയിത്തീരുവാൻ നമുക്കും പരിശ്രമിക്കാം.