യുവജനങ്ങൾ സമൂഹത്തോടും സഭയോടും സമുദായത്തോടും തങ്ങളോട് തന്നെയും പ്രതിബദ്ധത ഉള്ളവരാകണം എന്ന് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ്. കെ സി വൈ എം തൃശ്ശൂർ അതിരൂപത 51-ാം മത് വാർഷിക സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ യുവജനങ്ങൾക്ക് സ്വന്തമായി ഒരു വിഷൻ, മിഷൻ, കമ്മിറ്റ്മെൻ്റ് എന്നിവ ഉണ്ടാവണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ സി വൈ എം തൃശ്ശൂർ അതിരൂപത പ്രസിഡൻ്റ് ജിഷാദ് ജോസിൻ്റെ അദ്ധ്യക്ഷതയിൽ കണ്ണംകുളങ്ങര ക്രിസ്തുരാജ ദേവാലയത്തിൽ വച്ച് നടന്ന സെനറ്റ് സമ്മേളനത്തിന് അതിരൂപത ജനറൽ സെക്രട്ടറി മേജോ മോസസ് സ്വാഗതം പറഞ്ഞു.
അതിരൂപത ഡയറക്ടർ റവ. ഫാ. ജിയോ ചെരടായി ആമുഖ പ്രഭാഷണം നടത്തി. അതിരൂപത ആനിമേറ്റർ സിസ്റ്റർ ഫ്രാൻസി മരിയ, കണ്ണംകുളങ്ങര യൂണിറ്റ് പ്രസിഡൻ്റ് ജിത്ത് ആൻ്റോ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അതിരൂപതയിലെ 12 ഫൊറോനകളിൽ നിന്നുമായി ഫൊറോന ഭാരവാഹികൾ, യൂണിറ്റ് പ്രസിഡൻ്റുമാർ എന്നിവർ സെനറ്റ് സമ്മേളനത്തിൽ പങ്കെടുത്തു. പ്രസ്ഥാനത്തിൻ്റെ മൂവർണ്ണ പതാക അതിരൂപത പ്രസിഡൻ്റ് ജിഷാദ് ജോസ് വാനിലേക്ക് ഉയർത്തികൊണ്ട് സെനറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചു.
തുടർന്ന് ഫൊറോനകളുടെ റിപ്പോർട്ട് അവതരണവും പ്രമേയ അവതരണവും ചർച്ചകളും നടന്നു. അതിരൂപത ട്രഷറർ വിബിൻ ലൂയിസ് ചടങ്ങുകൾക്ക് നന്ദി പറഞ്ഞു. 2023 ജൂൺ മുതൽ 2023 നവംബർ വരെ ഉള്ള ആറുമാസത്തെ കാലയളവിലെ പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് അനുസരിച്ച് പോയിൻ്റ് അടിസ്ഥാനത്തിൽ നടത്തിയ മോഡൽ യൂണിറ്റ്, മോഡൽ ഫൊറോന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നടത്തി.
മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ഫൊറോനയ്ക്ക് ഉള്ള മോഡൽ ഫൊറോന ഒന്നാം സ്ഥാനം പറപ്പൂർ ഫൊറോന കരസ്ഥമാക്കി. വേലൂർ ഫൊറോന, കൊട്ടേക്കാട് ഫൊറോന, എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തിയ യൂണിറ്റിന് ഉള്ള മോഡൽ യൂണിറ്റ് ആമ്പക്കാട് യൂണിറ്റ് കരസ്ഥമാക്കി. എരനെല്ലുർ യൂണിറ്റ്, ലൂർദ്ദ് കത്തീഡ്രൽ യൂണിറ്റ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സമ്മാനാർഹരായവർക്കുള്ള ട്രോഫി അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് നൽകി. അതിരൂപത വൈസ് പ്രസിഡൻ്റുമാരായ മിഥുൻ ബാബു, സ്നേഹ ബെന്നി, സംസ്ഥാന സിൻഡിക്കേറ്റ് അംഗം ആഷ്ലിൻ ജെയിംസ്, സംസ്ഥാന സെനറ്റ് അംഗങ്ങളായ ഡാനിയേൽ ജോസഫ്, ഷാരോൺ സൈമൺ, ജുവിൻ ജോസ്, റിൻസി റോയ്, കണ്ണംകുളങ്ങര യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ എന്നിവർ സെനറ്റ് സമ്മേളനത്തിന് നേതൃത്വം നൽകി.
മുൻ സംസ്ഥാന ട്രഷറർ സാജൻ ജോസ്, മുൻ അതിരൂപത പ്രസിഡൻ്റ് സാജൻ ജോയ്, മുൻ അതിരൂപത ജനറൽ സെക്രട്ടറി അഖിൽ ജോസ്, വിവിധ ഫൊറോനകളിലെ ഭാരവാഹികൾ, യൂണിറ്റ് പ്രസിഡൻ്റുമാർ എന്നിവർ സെനറ്റ് സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ഫൊറോനകളുടെ റിപ്പോർട്ട് അവതരണങ്ങൾക്കും, ആവേശകരമായ ചർച്ചകൾക്കും ശേഷം പ്രമേയ അവതരണത്തോടെ സെനറ്റ് സമ്മേളനം സമാപിച്ചു.