കൊച്ചി: വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കെസിബിസി തീരുമാനിച്ചു.
ആഗസ്റ്റ് അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേരള കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും സന്യാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായിട്ടാണ് ദുരന്തനിവാരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്.
ആദ്യഘട്ടത്തില്‍, വയനാട്ടിലും വിലങ്ങാട് പ്രദേശത്തും സ്ഥലവും വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതാണ്. ഈ വീടുകള്‍ക്ക് ആവശ്യമായവീട്ടുപകരണങ്ങള്‍ ലഭ്യമാക്കുന്നതുമാണ്.
സഭയുടെ ആശുപത്രികളില്‍ സേവനംചെയ്യുന്ന വിദഗ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘത്തിന്റെയും സേവനം ആവശ്യപ്രകാരം ലഭ്യമാക്കും. സഭ ഇതിനോടകം നല്‍കിവരുന്ന ട്രൗമാ കൗണ്‍സിലിംഗ് സേവനം തുടരുന്നതാണ്.
കേരള കത്തോലിക്കാസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്റെ കീഴിലാണ് പ്രസ്തുത സേവനവിഭാഗം പ്രവര്‍ത്തിക്കുന്നത്.
ഈ പ്രവര്‍ത്തനങ്ങളെല്ലാം കേരള സര്‍ക്കാരിന്റെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സഭയുടെ നേതൃത്വത്തിലായിരിക്കും നടപ്പിലാക്കുന്നത്. വയനാട്ടിലും വിലങ്ങാടും ഉരുള്‍പൊട്ടല്‍ മൂലം സര്‍വവും നഷ്ടപ്പെട്ട സഹോദരീസഹോദരന്മാരുടെ ദുഃഖത്തില്‍ കേരള കത്തോലിക്കാസഭ പങ്കുചേരുന്നു.
ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു. ഒരായുസ്സുകൊണ്ട് അധ്വാനിച്ചു സമ്പാദിച്ച ഭൂമിയും ഭവനവും ജീവനോപാദികളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവരുടെ കണ്ണീരുണക്കാന്‍ ആശ്വാസവാക്കുകള്‍ പര്യാപ്തമല്ലായെങ്കിലും മലയാളിയുടെ മനസ്സിന്റെ നന്മ ഇതിനോടകം പലരുടെയും സഹായ വാഗ്ദാനങ്ങളിലൂടെ പ്രകാശനമായിട്ടുണ്ട്.
സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ദുരിതത്തില്‍ അകപ്പെട്ടവരുടെ പുനരധിവാസത്തിന് ഇതിനോടകം പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെന്നത് വലിയ പ്രതീക്ഷ നല്കുന്നു. സുമനസ്സുകളായ എല്ലാവരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ കേരള കത്തോലിക്കാസഭ പ്രതാജ്ഞാബദ്ധമാണ്.
കെ.സി.ബി.സി യോഗത്തില്‍ സീറോമലബാര്‍ സഭ അധ്യക്ഷന്‍ അഭിവന്ദ്യ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കേരള റീജണല്‍ ലാറ്റിന്‍ കത്തോലിക്ക ബിഷപ്പ്സ് കൗൺസിൽ (KRLCBC )പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ എന്നിവരുള്‍പ്പെടെ 36 മെത്രാന്മാര്‍ സംബന്ധിച്ചു.
ആ പ്രദേശത്തെ ആളുകളെ സംബന്ധിച്ച് ദീർഘകാല അടിസ്ഥാനത്തിലുള്ള ആശ്വാസപ്രവർത്തനങ്ങൾ ആകും അഭികാമ്യമായിരിക്കുന്നതെന്ന് കേരളത്തിലെ മെത്രാന്മാര്‍ക്കും സന്യാസ സമൂഹങ്ങളുടെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയേഴ്സിനും അയച്ച കത്തില്‍ കര്‍ദ്ദിനാള്‍ സൂചിപ്പിച്ചു. വീടുനഷ്‌ടപ്പെട്ടവർ, വസ്തുവും സമ്പത്തും നഷ്ടപ്പെട്ടവർ, ജീവനും ജീവിതവും നഷ്‌ടപ്പെട്ടവർ എന്നിങ്ങനെ അവിടത്തുകാർക്കുണ്ടായ നഷ്‌ടങ്ങൾ വാക്കുകൾക്ക് അതീതമാണ്.
ഇത്തരം മുൻകാല സാഹചര്യങ്ങളിൽ റിലീഫ്/പുനരധിവാസ പ്രവർത്തനങ്ങൽക്ക് കെസിബിസി വളരെ ശ്ലാഘനീയമായ നേതൃത്വം വഹിച്ചിട്ടുണ്ട്. എല്ലാ രൂപതകളും സമർപ്പിത സന്ന്യാസ സമൂഹങ്ങളും വളരെ ആത്മാർഥ മായി സഹകരിക്കുകയും ചെയ്‌തിട്ടുണ്ട്.
അപ്രകാരം ഈ ദുരന്തമുഖത്ത് നിസ്സഹായരായിപ്പോയ സഹോദരങ്ങൾക്ക് സഹായം എത്തിക്കുന്നതിന് കെസിബിസിയുടെ ജെപിഡി കമ്മീഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറ(KSSF)ത്തിനെ ചുമതലപ്പെടുത്തുകയാണെന്നും മൂലധനം കണ്ടെത്തുന്നതിന് സമര്‍പ്പിത സന്യാസ സമൂഹങ്ങളും സഹകരിക്കണമെന്നും കെസിബിസി അഭ്യര്‍ത്ഥിച്ചു.