Meditations Reader's Blog

ദൈവഹിതത്തിനു സ്വയം സമർപ്പിക്കാം..

ലൂക്കാ 8 : 26 – 39
ദൈവീക ഇടപെടലുകൾ….

അവന്റെ വാക്കുകൾക്ക് അശുദ്ധാത്മാക്കളുടെമേൽപോലും, ശക്തിയുണ്ടെന്ന് ഇവിടെ തെളിയിക്കപ്പെടുന്നു. അശുദ്ധാത്മാവ് ബാധിതനിൽ, അവന് നഷ്ടപ്പെട്ടവ്യക്തിത്വം, യേശു വീണ്ടെടുത്തു നൽകുന്നു. അവൻ വിവസ്ത്രനായിരുന്നു. എന്നാൽ, അവൻ അതു സ്വയം തിരിച്ചറിഞ്ഞിരുന്നില്ല.

യേശുവിന്റെ ഇടപെടലാണ്, അവൻ സ്വയം നഗ്നത തിരിച്ചറിയാൻ ഇടയാക്കിയത്. നമ്മുടെ ആദിമാതാപിതാക്കളിൽ, പിതാവായ ദൈവത്തിന്റെ സാന്നിധ്യമാണ്, തങ്ങളിലെ നഗ്നതയെന്ന കുറവിനെ തിരിച്ചറിയാൻ, അവരെ സഹായിച്ചത്.

നമ്മിലും പല കുറവുകളുടേയും നഗ്നതയുണ്ട്. അവയെ തിരിച്ചറിഞ്ഞു തിരുത്താൻ, മരപ്പണിക്കാരനീശോയുടെ സാന്നിധ്യം കൂടിയേതീരൂ. അവന്റെ മുമ്പാകെ നമ്മെ സമർപ്പിക്കാം. നമ്മിലെ കുറവുകളെ, അവൻ നിറവുകളാക്കി മാറ്റട്ടെ. അപ്പോൾ നമ്മൾ നമ്മുടെ ചുറ്റുപാടുകളിലെ, സ്നേഹബന്ധകൂട്ടായ്മകളെ മനസ്സിലാക്കി സുബോധമുള്ളവരാകും.

മരണസംസ്ക്കാരത്തിന്റെ പ്രതീകമായി, അവൻ വസിച്ചിരുന്ന കല്ലറകൾക്ക് പകരം, അവനെ സൗഖ്യപ്പെടുത്തി, ജീവിക്കുന്നവരുടെ ഇടയിൽ യേശു പ്രതിഷ്ഠിച്ചു. നമ്മിലും ജീവന്റെ സ്നേഹസംസ്‌ക്കാരം പലപ്പോഴും മൃതമാകാറുണ്ട്.

ജീവന്റെ നാഥനായ അവിടുത്തെ മുമ്പാകെ, അവനിലെ ദൈവത്വത്തെ നാം ഏറ്റുപറഞ്ഞാൽ, പുതുജീവിതത്തിന്റെ തെളിഞ്ഞ ആകാശം അവൻ നമുക്കായി ഒരുക്കും. നമ്മുടെ ജീവിതത്തിലെ രണ്ട് അവസ്ഥാന്തരങ്ങളെ, പിശാച് ബാധിതനിലൂടെ സുവിശേഷകൻ വരച്ചുകാട്ടുന്നു.

അവൻ യേശുവിനെ കാണുന്നതിന് “മുമ്പ്” – വസ്ത്രം ധരിക്കാറില്ലായിരുന്നു, ചങ്ങലകളും കാൽവിലങ്ങുകളും ധരിച്ചിരുന്നു, ഉപദ്രവകാരിയായിരുന്നു, സുബോധമില്ലായിരുന്നു, ശവക്കല്ലറകളിലായിരുന്നു താമസം. എന്നാൽ, യേശുവിനെ അവൻ കണ്ട “ശേഷമോ” – വസ്ത്രം ധരിച്ചു, സുബോധത്തോടെ കാൽക്കലിരുന്നു, അവന്റെ ശിഷ്യനായി കൂടെയായിരിക്കാൻ അവൻ ആഗ്രഹിച്ചു.

ഇവിടെ അവൻ ശരിക്കും ഒരു മനുഷ്യനായി മാറി, ദൈവീക ഇടപെടലുകളുടെ വലിയ സാക്ഷിയായി മാറി. ജീവിതപരിവർത്തനത്തിന്റെ നാളുകൾ, നമ്മിൽ മാനുഷീകതയുടെ മാറ്റൊലി ഉണർത്തും. അതിനായി നമ്മുടെ ജീവിതയാത്രയിൽ, അവനെ കണ്ടെത്താൻ നമുക്കാവട്ടെ.

പിശാച് ബാധിതൻ അവനെ സമീപിച്ചതുപോലെ, നമ്മുടെ പച്ചയായ ജീവിതത്തെ, അവന്റെ ഇടപെടലുകൾക്കായി, അവന്റെ മുമ്പാകെ തുറന്നുവെയ്ക്കാം.അവന്റെ വാക്കുകൾ നമ്മിൽ പരിവർത്തന ജ്വാലയുണർത്തട്ടെ.

ഒടുവിൽ, തിരസ്ക്കരണത്തിന്റെ വാക്കുകൾ നേരിടേണ്ടി വന്നപ്പോഴും, തന്റെ ദൗത്യനിർവ്വഹണശേഷം, അവൻ സൗമ്യനായി, ശാന്തനായി, അവിടെനിന്നും പിൻവാങ്ങി. ഇത് അല്പത്തരത്തിൽ അഹങ്കരിക്കുന്ന നമുക്ക് വെല്ലുവിളിയുടെ മാതൃകയാണ്.

ചെയ്ത നന്മയുടെ അംഗീകാരങ്ങൾക്കായി കാത്തിരിക്കാതെ, ദൈവഹിതത്തിനു സ്വയം സമർപ്പിച്ചു, അവൻ പോയ വഴിയേ അവനെപ്പോലെ നടന്നുനീങ്ങാൻ നമുക്ക് കഴിയണം. അതാണ് യഥാർത്ഥ ശിഷ്യത്വം….