നമ്മുടെ വിശ്വാസാനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കാം; നല്ല പ്രേഷിതരായിത്തീരാം..

യോഹന്നാൻ 4 : 27 – 30, 39 – 42
വിശ്വാസാനുഭവം.

അവനിലെ ദൈവത്വം തിരിച്ചറിഞ്ഞ സമറിയാക്കാരി, അതു മറ്റുള്ളവരുമായി പങ്കുവെക്കുകയും, അനേകരെ അവനിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. വി.ഗ്രന്ഥത്തിൽ നാം കാണുന്ന ആദ്യ പ്രേഷിതയാണവൾ.

അവനുമായുള്ള കണ്ടുമുട്ടൽ, അവളിൽ ഒരുപാട് ജീവിതപരിവർത്തനമുളവാക്കി. അവന്റെ കാൽചുവട്ടിലിരുന്നു, അവൾ തന്റെ പഴയകാലജീവിതം വായിച്ചെടുത്തു.

തിരുത്തേണ്ട മേഖലകളെ തിരുത്തിയും, പുതിയ തീരുമാനങ്ങളെ ഉൾക്കൊണ്ടും, ദൈവതിരുമുമ്പാകെ, തുറവിയോടെ, അവൾ തന്റെ ജീവിതമാകുന്ന പുസ്തകത്തിൽ, പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്തു.

അനുഭവങ്ങൾ ആഴമുള്ളതെങ്കിൽ, അതിന്റെ പങ്കുവെക്കൽ അതിലേറെ തീക്ഷ്ണമുള്ളതായിരിക്കും എന്നതിന്, സമറിയാക്കാരിതന്നെ സാക്ഷി. അവൾവഴിയായി, അവനെ സമീപിച്ചവരുടെയെല്ലാം ഉൾക്കണ്ണുകൾ, തിരുവചനത്താൽ അവൻ തുറന്നു.

അവനിലെ ലോകരക്ഷകനെ അവർ തിരിച്ചറിഞ്ഞു. അങ്ങനെ അവന്റെ ഉത്തമശിഷ്യരുടെ എണ്ണം, ക്രമാതീതമായി വർദ്ധിച്ചു. നമുക്കും അവന്റെ പാദത്തിങ്കലായിരുന്നു, നമ്മെത്തന്നെ തുറന്ന് വെയ്ക്കാം. ജീവിതമാകുന്ന പുസ്തകത്താളുകൾ മറിച്ച്, സ്വയം കണ്ടെത്താം. തിരുത്തിയെഴുതാം ജീവിതത്തെ, പുതിയ അധ്യായങ്ങൾക്ക് തുടക്കം കുറിക്കാം.

അങ്ങനെ, ആഴമായ വിശ്വാസത്തിലൂന്നിയ അനുഭവവും, അതിൽനിന്നും ഉരുത്തിരിയുന്ന തീക്ഷ്ണമായ പങ്കുവെയ്ക്കലും, നമ്മുടെ ജീവിതത്തിലും സംജാതമാകട്ടെ.

error: Content is protected !!