Meditations Reader's Blog

മാനുഷീക നീതിയും; ദൈവകരുണയും

മത്തായി 20 : 1 – 16
ജീവിതവേതനം.

ഈ ഒരു ഉപമ പലപ്പോഴും സാധാരണ ചിന്തയിലൂടെ നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല. കാരണം, ഇതിന്റെ പിന്നിലെ പശ്ചാത്തലവും ദൈവശാസ്ത്രവീക്ഷണവും നാം ആദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എപ്പോഴും സ്വർഗ്ഗരാജ്യത്തെ മുൻനിർത്തിയാണ് അവൻ ഉപമകൾ പറയുന്നത്.

ഇവിടെ വിവക്ഷിക്കപ്പെടുന്നതും മാനുഷീക നീതിയല്ല, സ്വർഗ്ഗനീതിയാണ്. ആയതിനാൽ, മാനുഷീക മാനദണ്ഡങ്ങൾ ഇവിടെ വിലപ്പോകില്ല. ജോലി ചെയ്തതിൽ സമയവ്യത്യാസം ഉണ്ടെങ്കിലും, എല്ലാവർക്കും ഒരേ വേതനം എന്നത് നമുക്ക് സ്വീകാര്യമായ കാര്യമല്ല. മനുഷ്യനീതിക്കൊപ്പം ദൈവകരുണകൂടി കൂട്ടിച്ചേർത്താലെ ഇതിന്റെ യഥാർത്ഥ അർത്ഥം കാണാൻ നമുക്ക് കഴിയൂ.

ഇവിടെ മനുഷ്യനീതിയും ദൈവനന്മയുമാണ് പരസ്പരം ചോദ്യം ചെയ്യപ്പെടുന്നത്. ജോലിക്കനുസരിച്ചുള്ള വേതനം, അതാണ് മാനുഷീക നീതി. നല്കപ്പെട്ടിട്ടുള്ള നിയമവും അതുതന്നെ. എന്നാൽ ഇവിടെ ഈ നിയമങ്ങളും നീതിയുമെല്ലാം, ദൈവകരുണയ്ക്കുമുന്നിൽ, കൃപയ്ക്കുമുന്നിൽ വഴിമാറുന്നു. ദൈവതിരുമുമ്പാകെ എല്ലാവരും തുല്യരാണ്. ആർക്കും സ്വമഹിമ പറയാനില്ല.

സ്വർഗ്ഗീയ രക്ഷ എന്നത് നമ്മുടെ മേന്മ അനുസരിച്ചല്ല, മുമ്പന്മാർ പിമ്പന്മാർ ആകുന്ന കാലം വിതൂരമല്ല. എല്ലാവരും ദൈവതിരുമുമ്പാകെ സ്വീകാര്യരാണ്. കൂലിയിലല്ല, വേല ചെയ്യാൻ യോഗ്യത നേടുക എന്നതാണ് പ്രധാനം. മണിക്കൂറിനല്ല, എന്തുമാത്രം ചെയ്തു എന്നതുമല്ല അളവുകോൽ, മറിച്ച്, ദൈവകരുണയ്ക്ക് ഞാൻ അർഹനാണോ എന്നതാണ് ചിന്തനീയം.