Reader's Blog Social Media

മാതാവിൻ്റെ കൈപിടിച്ച് സ്വർഗ്ഗത്തിൻ്റെ അനുഗ്രഹീത തുറമുഖത്ത് എത്തിച്ചേരാം…

ജിൽസ ജോയ്

“ദൈവം മറിയത്തെ രക്ഷയുടെ പാലം ആക്കിയിരിക്കുന്നു. ആ പാലത്തിലൂടെ ഈ ലോകത്തിന്റെ തിരമാലകളെ തരണം ചെയ്യാനും സ്വർഗ്ഗത്തിന്റെ അനുഗ്രഹീത തുറമുഖത്തെത്തിചേരാനും നാം പ്രാപ്തരാകുന്നു”.

പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്കിന് പ്രത്യക്ഷപെട്ടു പറഞ്ഞു, “എന്റെ ജപമാലയെപ്പറ്റി പ്രസംഗിക്കുക. മതദ്വേഷത്തെ ഉന്മൂലനം ചെയ്യുന്നതിനും നീതി പരിപുഷ്ടമാക്കുന്നതിനും ജപമാല മാത്രം മതിയാകുന്നതാണ്. അത് ദൈവകോപത്തെ ശമിപ്പിക്കുകയും ദൈവത്തിന്റെ സഭക്ക് ഒരു ഉത്തമരക്ഷാമാർഗ്ഗമായിരിക്കുകയും ചെയ്യും”.

രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭകാലത്തിൽ യൂറോപ്പിലെ കത്തോലിക്കാ ജനസമൂഹത്തിൽ രൂപം കൊണ്ട ധ്യാനാത്മക പ്രാർത്ഥനയാണ് ജപമാല. ആൽബിജൻസിയൻ പാഷണ്ഡത സഭയെ തളർത്തിയ കാലത്ത് അതിനെതിരെ പോരാടാനാഗ്രഹിച്ച വിശുദ്ധ ഡൊമിനിക്ക്, 1208 -ൽ സ്പെയിനിലെ പ്രോവില്ലെ എന്ന സ്ഥലത്ത് മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടു ജപമാല നൽകിക്കൊണ്ട് ജപമാലഭക്തി പ്രചരിപ്പിക്കാൻ ആവശ്യപ്പെട്ടു.

“എന്റെ മകനെ, പ്രാർത്ഥനയും പ്രായശ്ചിത്തവുമാണ് പാപികളെ തിരിച്ചു കൊണ്ടുവരാനുള്ള ഏകമാർഗം”. ഡൊമിനിക് രാത്രികാലങ്ങളിൽ ധാരാളം ജപമാലകൾ ചൊല്ലി, പകൽ ജപമാലയെക്കുറിച്ചു പ്രസംഗിച്ചു. അങ്ങനെ സഭയെ ഗ്രസിച്ച ആൽബിജൻസിയൻ പാഷണ്ഡത മാറിപ്പോയി. ജപമാല രഹസ്യങ്ങൾ പരിശുദ്ധ അമ്മ തന്നെയാണ് വി.ഡൊമിനിക്കിനെ പഠിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. ആ വിശുദ്ധൻ വഴിയായി ജപമാല ഭക്തി വളർന്നു.

1571-ൽ തുർക്കികളുടെ വിപുലമായ സൈന്യനിര യൂറോപ്പ് മുഴുവൻ അവരുടെ കിരാതനുകത്തിന്റെ കീഴിലാക്കാൻ ഭീഷണി ഉയർത്തിയപ്പോൾ ക്രൈസ്തവലോകം അഞ്ചാം പീയൂസ് പാപ്പയുടെ നേതൃത്വത്തിൽ ജപമാലയുദ്ധം നടത്തി. ഒക്ടോബർ ആറാം തിയ്യതി വരെ കനത്ത പരാജയം നേരിട്ടുകൊണ്ടിരുന്ന ക്രൈസ്തവരോട് അഖണ്ഡജപമാല ചൊല്ലി പ്രാർത്ഥിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.

പടപൊരുതലിൽ പങ്കുചേരാൻ കഴിയാത്തവർ പ്രാർത്ഥിക്കുന്നവരുടെ ഭക്തസഖ്യം രൂപീകരിച്ചു.അങ്ങനെ എക്കിനാദസ് ദ്വീപുകൾക്കടുത്തു വെച്ചു നടന്ന ലെപ്പന്റോ യുദ്ധത്തിൽ ഒക്ടോബർ 7-ന് ക്രൈസ്തവസൈന്യം ജയിച്ചു. അതിനു കൃതജ്ഞതയെന്നോണം മാതാവിന്റെ ലുത്തിനിയയിൽ ‘ക്രിസ്ത്യാനികളുടെ സഹായമേ’ എന്ന് കൂട്ടിച്ചേർക്കുകയും, വിജയമാതാവിന്റെ തിരുന്നാൾ ആഘോഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ആ തിരുന്നാൾ പിന്നീട് ഗ്രിഗറി പതിമൂന്നാം പാപ്പ പരിശുദ്ധ ജപമാലയുടെ തിരുന്നാളായി പുനഃസ്ഥാപിച്ചു.

പതിനഞ്ചാം നൂറ്റാണ്ടിൽ ജപമാലഭക്തി ദുർബ്ബലമായപ്പോൾ ഭാഗ്യപ്പെട്ട അലനിലൂടെ പരിശുദ്ധ കന്യക വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. ലൂർദ്ദിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടപ്പോൾ 18 പ്രാവശ്യവും ജപമാല ചൊല്ലുന്നതായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. “മക്കളെ, പാപികളുടെ മാനസാന്തരത്തിനായി ജപമാല ചൊല്ലുവിൻ’ എന്ന് അവിടെ വെച്ചു ലോകത്തിനു സന്ദേശം നൽകി. ഫാത്തിമയിൽ വെച്ച് പരിശുദ്ധ ദൈവജനനി പറഞ്ഞു,”ഞാൻ ജപമാലനാഥയാകുന്നു”.

‘ജപമാലയുടെ പാപ്പ’ എന്നറിയപ്പെടുന്ന ലെയോ പതിമൂന്നാമൻ പാപ്പയാണ്‌ ‘പരിശുദ്ധ ജപമാലയുടെ രാജ്ഞി’ എന്ന വാക്യം മാതാവിന്റെ ലുത്തീനിയയിൽ കൂട്ടിച്ചേർത്തത്. 1883 സെപ്റ്റംബർ 1-ന് തന്റെ ചാക്രികലേഖനത്തിൽ, ലോകത്തിലെ സകല തിന്മകൾക്കും എതിരായി പ്രയോഗിക്കേണ്ട ആയുധം ജപമാലയാണെന്നും അത് ഓരോ ദിവസവും ചൊല്ലണമെന്നും പാപ്പ പറഞ്ഞു.

1885 -ൽ ജപമാല ഭക്തിക്കായി ഒക്ടോബർ മാസം പ്രതിഷ്ഠിക്കപ്പെട്ടു. പകർച്ചവ്യാധികൾ പോലുള്ള അനേകം പ്രതിസന്ധികൾ സഭ തരണം ചെയ്തത് ജപമാല പ്രാർത്ഥനയിൽ ആശ്രയിച്ചു കൊണ്ടാണ്. ആത്മാവിനെ പുണ്യങ്ങളാൽ അലങ്കരിക്കാൻ ഏറ്റം സഹായകരമായ ഭക്തകൃത്യമാണ് ജപമാല.

പരിശുദ്ധ അമ്മ അവളോട് അപേക്ഷിക്കുന്നവരെ ശ്രവിക്കാൻ മറ്റേതൊരു വിശുദ്ധരെക്കാളും കൂടുതൽ സന്നദ്ധയാണ്. നമ്മൾ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതലായി നമ്മിൽ അനുഗ്രഹങ്ങൾ ചൊരിയുവാൻ അവൾ ആഗ്രഹിക്കുന്നു. നമ്മുടെ പാപത്തിന്റെ വലുപ്പം അതിനൊരു തടസ്സമല്ല. അവൾ കരുണയുടെ മാതാവാണ്.

മറിയത്തെ വിളിച്ചപേക്ഷിക്കുന്ന സകലരെയും സ്വീകരിക്കുന്നതിന് വേണ്ടി തന്റെ മേലങ്കി വിരിച്ചു പിടിച്ചു കൊണ്ട് വിശുദ്ധ ജെർത്രൂദിന്റെ മുന്നിൽ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ ഈ കാര്യം പറയാനാണ് അമ്മ ഉദ്ദേശിച്ചത്. എന്തുകൊണ്ട് നമ്മൾ മറിയത്തിലൂടെ ദൈവകൃപ യാചിക്കണം? വി. ആൻസലെം തരുന്ന ഉത്തരം ശ്രദ്ധേയമാണ്, “നാം പരിശുദ്ധ മറിയത്തോടു കൃപ യാചിക്കുന്നത് ദൈവകരുണയിലുള്ള നമ്മുടെ പ്രത്യാശക്കുറവ് കൊണ്ടല്ല. മറിച്ചു് നമ്മുടെ തന്നെ യോഗ്യതകളിൽ സംശയിക്കുന്നത് കൊണ്ടാണ്. അങ്ങനെ മറിയത്തിന്റെ യോഗ്യതകൾ നമ്മുടെ അയോഗ്യതകൾക്ക് പരിഹാരമായിത്തീരുന്നു എന്നതു കൊണ്ടാണ്”.

‘തിരുസഭയുടെ മഹത്വം’ എന്നാണു ജൂലിയസ് മൂന്നാമൻ പാപ്പ ജപമാലയെ വിളിച്ചത്. ‘പരിശുദ്ധ ജപമാല ദൈവത്തിന്റെയും തിരുസ്സഭയുടെയും ശത്രുക്കളെ കീഴ്പ്പെടുത്താൻ വിസ്മയനീയമാം വിധം സഹായിക്കുക മാത്രമല്ല ചെയ്യുന്നത് , അത് സുവിശേഷപുണ്യങ്ങൾ അഭ്യസിക്കാൻ ശക്തിപൂർവ്വം പ്രേരിപ്പിക്കുകയും ചെയ്യുന്നു. അത് ആ പുണ്യങ്ങളെ നമ്മുടെ ആത്മാവിലേക്ക് കുത്തിവെക്കുകയും ആത്മാവിനെ പുണ്യങ്ങളാൽ പരിപോഷിപ്പിക്കുകയും ചെയ്യുന്നു’… പതിനൊന്നാം പീയൂസ് പാപ്പ.

ലെയോ പതിമൂന്നാമൻ പാപ്പ ‘അനേകം പ്രാവശ്യം’ എന്ന തന്റെ തിരുവെഴുത്തിലൂടെ ഓർമ്മപ്പെടുത്തി, “ജപമാല ഭക്തി ആത്മാക്കൾക്ക് കൃപാവരത്തിന്റെ അമൂല്യഫലങ്ങളും ആരോഗ്യവും പ്രദാനം ചെയ്യുന്നു”… “എല്ലാ പ്രാർത്ഥനകളിലും വെച്ചു എനിക്കേറ്റവും ഇഷ്ടമാണ് ജപമാല. ജപമാലയെക്കാൾ വിശിഷ്ടമായ മറ്റൊരു പ്രാർത്ഥനയില്ല”…. പത്താം പീയൂസ് പാപ്പ.

“മറിയത്തിന്റെ വാഴ്ത്തപ്പെട്ട ജപമാലയെ, ഞങ്ങളെ ദൈവത്തോട് ഐക്യപ്പെടുത്തുന്ന മാധുര്യമുള്ള ചങ്ങലയെ, മാലാഖമാരോട് ഞങ്ങളെ ഒന്നിപ്പിക്കുന്ന സ്നേഹബന്ധനമേ, നരകത്തിന്റെ ആക്രമണങ്ങൾക്കെതിരെയുള്ള രക്ഷയുടെ ഗോപുരമേ, ഞങ്ങളുടെ സമുദ്രസഞ്ചാരത്തിൽ സുരക്ഷിതമായ തുറമുഖമേ, ഞങ്ങൾ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല.

മരണത്തിന്റെ മണിക്കൂറിൽ നീ ഞങ്ങളുടെ ആശ്വാസമായിരിക്കും. ജീവൻ കടന്നുപോകുമ്പോൾ ഞങ്ങളുടെ അവസാനചുംബനം നിനക്കുള്ളതായിരിക്കും. ഞങ്ങളുടെ അവസാനവാക്ക് നിന്റെ നാമമായിരിക്കും. നീ എല്ലായിടത്തും വാഴ്ത്തപ്പെടട്ടെ . ഇന്നും എപ്പോഴും സ്വർഗ്ഗത്തിലും ഭൂമിയിലും” …വാഴ്ത്തപ്പെട്ട ബർത്തലോ ലോംഗോ.

‘പ്രാർത്ഥനകളിൽ ഏറ്റം മനോജ്ഞവും പ്രസാദവരസമ്പന്നവുമാണ് ജപമാല. ദൈവമാതാവിന്റെ വിമലഹൃദയത്തെ സ്പർശിക്കുന്ന ഒരു പ്രാർത്ഥനയാണിത്. വീടുകളിൽ സമാധാനം ലഭ്യമാകണമെങ്കിൽ കുടുംബത്തിൽ ജപമാല ചൊല്ലുവിൻ’ …. പത്താം പീയൂസ് മാർപാപ്പ.

‘കുടുംബമെന്ന സ്ഥാപനത്തിന്റെ ഭാവിയെപ്പറ്റി നമുക്ക് ഭയം തോന്നുകയാണ്. അതോടൊപ്പം സമൂഹത്തിന്റെയാകെ ഭാവിയെപ്പറ്റിയും. നമ്മുടെ കാലഘട്ടത്തിന്റെ പ്രത്യേകതയായ ഈ വിഷമസന്ധിയുടെ വിനാശകരമായ ഫലങ്ങളെ ചെറുക്കാൻ കാര്യക്ഷമമായ മാർഗ്ഗമാണ് ക്രൈസ്തവഭവനങ്ങളിൽ ജപമാലപ്രാർത്ഥന പുനരുജ്ജീവിപ്പിക്കുക എന്നത് ‘ .. വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ.

പിശാച് ഒരാത്മാവിന്റെ മേൽ അവകാശം സ്ഥാപിക്കാൻ ആഗ്രഹിക്കുമ്പോൾ പരിശുദ്ധ മറിയത്തോടുള്ള ഭക്തി കെടുത്താൻ ശ്രമിക്കും. ആത്മാവിനു കൃപയും പ്രകാശവും ലഭിക്കാനുള്ള വഴി അങ്ങനെ അടയുമെന്നു പിശാചിനറിയാം. പിശാചിനെതിരെ നമ്മുടെ ഏറ്റവും ഉറപ്പുള്ള ആയുധമാണ് ജപമാല.

ഇന്നത്തെ ലോകത്തിൽ ക്രിസ്തുവിനെ കേന്ദ്രബിന്ദു ആയി പ്രതിഷ്ഠിക്കാൻ ഏറ്റവും പറ്റിയ പ്രാർത്ഥനയാണിത്. കുടുംബങ്ങളെ ആക്രമിച്ചു തകർക്കാനുള്ള സാത്താന്റെ പദ്ധതികൾ കുറെയൊക്കെ വിജയിച്ചു കൊണ്ടിരിക്കുന്നു. ഇതിനെതിരെ ദൈവം നൽകിയിരിക്കുന്ന രക്ഷാപദ്ധതിയുടെ ഭാഗമാണ് ജപമാല.

ഫ്രാൻസിസ് പാപ്പ 2013-ൽ പരിശുദ്ധ കന്യകമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ദിവസം വിശ്വാസികളോട് ഇങ്ങനെ പറഞ്ഞു, ‘ദുഷ്ടശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് ശക്തി പകർന്നു തന്ന് നമ്മെ വിജയത്തിലെത്തിക്കുന്നത് ജപമാലയാണ്’. ലെയോ പതിനാലാമൻ പാപ്പയും ഈ ജപമാല മാസത്തിൽ ലോകസമാധാനത്തിനായി ജപമാല ചൊല്ലാൻ എല്ലാവരോടും ആഹ്വാനം ചെയ്തിരിക്കുന്നു.

നമുക്ക് പരിഹാരകാലങ്ങളിലേക്ക് തിരിച്ചുപോവാം, അമ്മയുടെ കൈ മുറുക്കിപിടിച്ച് ജപമാല ചൊല്ലിക്കൊണ്ട്. മദർ തെരേസ പറഞ്ഞിരുന്നത് പോലെ പറയാം, ‘ഈശോയുടെ അമ്മയായ മറിയമേ , അങ്ങ് ഇപ്പോൾ എനിക്ക് അമ്മയായിരിക്കേണമേ’.

Happy Feast of Our Lady of the Most Holy Rosary.