കനത്ത മഴ തുടരുന്ന സാഹചര്യത്തിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചത്.
അതിശക്തമായ മഴ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. ജൂണ്‍ 30വരെ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് മുതല്‍ ജൂണ്‍ 30 വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി 7.00 മുതൽ രാവിലെ 6.00 വരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് ,ട്രക്കിംഗ് എന്നിവയും എല്ലാ ക്വാറികളുടെയും പ്രവർത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമ്മിക്കുക, നിർമ്മാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചിരിക്കുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.
വയനാട് ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്റ്റർ ഡോ. രേണു രാജ് അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും താലൂക്കിൽ ശക്തമായ തുടരുന്ന സാഹചര്യത്തിലും നാളെ (ജൂൺ 27) ചേർത്തല താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും കൂടാതെ ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർ ഷീബ ജോർജ് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( 2024 ജൂൺ 27) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( ജൂൺ 27) ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.