അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
ഒരു കാരണവുമില്ലാതെ അന്യായമായി വ്യക്തിഹത്യ നേരിട്ട് ആൾക്കൂട്ട വിചാരണയ്ക്ക് നടുവിൽ അപമാനിതരായി ആത്മാഭിമാനത്തിന് ക്ഷതമേൽക്കേണ്ടി വന്ന രണ്ട് സ്ത്രീകളുടെ (സമർപ്പിതരുടെ) നെടുവീർപ്പുകൾ കൊണ്ട് ഭാരപ്പെടുന്നുണ്ട് ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷൻ.
ഒപ്പം ദൈവത്തിന്റെ ആ മാലാഖാമാരുടെ നിശ്ശബ്ദ സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കപ്പെടുന്നുമുണ്ട്. തീവ്രമതഭ്രാന്ത് വച്ചു പുലർത്തുന്ന ബജ്റംഗ്ദൾ പ്രവർത്തകരുടെ അകാരണമായതും മുറിവേൽപ്പിക്കുന്നതുമായ കൂക്ക് വിളികളുടെ ഇടയിൽ വാക്കുകൾ കൊണ്ടോ നോട്ടം കൊണ്ടോ പ്രകോപനത്തിന്റെ ഒരു കണിക പോലും അവശേഷിപ്പിക്കാതെ ശാന്തതയും ധീരതയും പുലർത്തിയ ASMI സന്യാസ സഭയിലെ സമർപ്പിത സഹോദരിമാരായ സി. പ്രീതിയും സി. വന്ദനയും ദൈവകരങ്ങളിൽ സുരക്ഷിതരാണ് എന്ന് വിശ്വസിക്കാൻ മാത്രമാണിഷ്ടം.
രാഷ്ട്രീയ അഹന്തയുടെയും അധികാരഗർവ്വിന്റെയും പിൻബലത്തിലും പി ആർ വർക്കുകളുടെ അകമ്പടിയിലും നമ്പർ വൺ എന്ന് രാജ്യത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്നവർ കാണാതെ പോകുന്ന ഒരുപാട് പാവപ്പെട്ട മനുഷ്യരിൽ കുറച്ച് പേർക്കെങ്കിലും ഉന്നത നിലവാരം ഉള്ള ഒരു ജീവിതം ഉണ്ടാകണം എന്നാഗ്രഹിച്ച് മനുഷ്യരുടെ സമഗ്ര വിമോചനത്തിന് വേണ്ടി ദൈവം ദാനമായി നൽകിയ ജീവിതം മുഴുവൻ മാറ്റി വയ്ക്കാൻ നിശ്ചയിച്ചുറപ്പിച്ച സമർപ്പിത ജന്മങ്ങളെ സ്വതന്ത്രമായി യാത്ര ചെയ്യാൻ പോലും അനുവദിക്കാത്ത തരത്തിൽ നമ്മുടെ ചുറ്റുപാടുകൾ ഭീകരമാണ് എന്നത് വല്ലാതെ ഭയപ്പെടുത്തുന്നു.
ദൈവന്വേഷണത്തിന് വലിയ പ്രാധാന്യം കൊടുക്കുകയും ദൈവാന്വേഷികളെ ആദരിച്ചു ബഹുമാനിക്കുകയും ചെയ്യുന്ന അതിസുന്ദരമായ ഒരു സംസ്കാരത്തിനാണ് “ആർഷഭരതം” എന്ന് നമ്മൾ പേരിട്ട് വിളിക്കുന്നത്.
പക്വമായ ആത്മീയ ആഭിമുഖ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ഇടമുണ്ടായിരുന്ന ഒരു പവിത്ര സംസ്കാരത്തിന്റെ ഘാതകർ ആരുതന്നെയായാലും ഉത്തരവാദിത്വമുള്ള ഒരു പൊതുസമൂഹം ഒറ്റക്കെട്ടായി അത്തരം പുഴുക്കുത്തുകൾ കണ്ടെത്തി ഇല്ലായ്മ ചെയ്യാൻ നിതാന്തമായ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ആർക്കും വേണ്ടാത്ത വൈകല്യമുള്ള കുഞ്ഞുങ്ങൾക്കും ജന്മം കൊടുത്തവർക്ക് പോലും വേണ്ട എന്ന കാരണത്താൽ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്കും അമ്മയായും മക്കൾ ഉപേക്ഷിക്കുന്ന അപ്പനമ്മമാർക്ക് മക്കളായും മാരക രോഗങ്ങളാൽ ആരും ശുശ്രൂഷിക്കാൻ ഇല്ലാത്ത രോഗികളുടെ മുന്നിൽ ദൈവത്തിന്റെ മാലാഖാമാരായും അവതരിക്കുന്ന സമർപ്പിതസഹോദരിമാർ ജീവിക്കുന്ന പരിസരങ്ങൾക്ക് അനുഗ്രഹമാണ് എന്ന് തിരിച്ചറിയാൻ സാമാന്യ വിവരവും ബോധവും മാത്രം മതി.
ആ തിരിച്ചറിവില്ലാത്ത വർഗ്ഗീയ ശക്തികൾക്ക് പ്രധാനമായും ഇല്ലാതെ പോകുന്നത് എന്താണ് എന്ന് ഇനി പ്രത്യേകം എഴുതേണ്ടതില്ലല്ലോ! വിദ്യാദാനത്തിലും ആതുര ശുശ്രൂഷയിലും സാമൂഹ്യ സേവനങ്ങളിലും എന്ന് വേണ്ട സമഗ്രമായ രാഷ്ട്ര നിർമ്മിതിയുടെ എല്ലാ തലങ്ങളിലും വിസ്മരിക്കപ്പെടനാവാത്ത വിധത്തിൽ സ്നേഹസേവനം കാഴ്ചവച്ചവരും നടത്തിക്കൊണ്ടിരിക്കുന്നവരുമാണ് കത്തോലിക്കാ വൈദികരും സമർപ്പിതരും എന്ന യാഥാർഥ്യം അംഗീകരിക്കാൻ ഉള്ള ഒരു ഭയത്തിൽ നിന്നാണ് അക്രമവും അസഹിഷ്ണുതയും ഉടലെടുക്കുന്നത് എന്ന് ആരെങ്കിലും സംസാരിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
ആനുകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ കേട്ട അനുഭവങ്ങളിൽ ഏറ്റവും ഹൃദയ സ്പർശിയായത് News 24 -ലെ ഹാഷ്മി താജ് ഇബ്രാഹിം വാർത്താവതരണത്തിന്റെ ഭാഗമായി നടത്തിയ ഒരു ആമുഖത്തിലെ വാക്കുകളാണ്. സമർപ്പിതരായ സഹോദരിമാരുടെ ജീവിതത്തിന്റെ അർത്ഥവും പ്രാധാന്യവും മനസ്സിലാക്കാൻ അക്രൈസ്തവനായ ഒരു വർത്താ അവതാരകന്റെ വാക്കുകൾ ധാരാളം മതി.
ഹാഷ്മിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു, “അന്ന് മാധ്യമപ്രവർത്തനം മാതൃഭൂമിയിലാണ്. ഒരു ലോക് സഭ തെരെഞ്ഞെടുപ്പാണ്. ഗ്രൗണ്ട് റിപ്പോർട്ടിങ് ആണ് ദൗത്യം. അന്ന് പല സംസ്ഥാനങ്ങൾ പോയ കൂടെ ഒഡിഷയും പോയതാണ്. റൂർക്കലയും ഘട്ടക്കുമടക്കം നഗരമേഖലകൾ കടന്ന് ക്യാമറമാൻ വൈശാഖിന്റെ കയ്യും പിടിച്ച് ഗ്രാമാന്തരങ്ങളിലേയ്ക്കാണ് പോയത്.
കളഹന്ധി, ബലൻഗിർ, കോരപുത്. യാതനകൾ കൊണ്ട് പിന്നീട് കുപ്രസിദ്ധമായ KBK ബെൽറ്റ് എന്നാണ് ചുരുക്കപ്പേര്. ആ മഹാക്ഷാമകാലത്ത് ആയിരങ്ങൾ ദാഹത്തിൽ പട്ടിണിയിൽ പിടഞ്ഞോടുങ്ങിപ്പോയൊരു ചാവുനിലമാണ്, ഒരു നരകഭൂമി. ആദിവാസി മേഖലയാണ്. ഞങ്ങൾ അന്ന് പോകുമ്പോഴും കാര്യമായ മാറ്റങ്ങൾ ഇല്ല.
ഏതെങ്കിലും രാഷ്ട്രീയക്കാരൻ വോട്ട് ചോദിച്ചു പോലും അങ്ങോട്ട് പോകാറില്ലാത്ത കാടും മേടും. വയറൊട്ടിയ മനുഷ്യർ. അഴുക്കുചാലിൽ പന്നികൾക്കൊപ്പം പുളയ്ക്കുന്ന കുഞ്ഞുങ്ങൾ. ഇത്ര മാത്രം ശുഷ്കമായി പുഴുക്കളെപ്പോലെ മനുഷ്യർക്കെങ്ങനെ ജീവിക്കാനാകും പടച്ചവനേ എന്ന മനുഷ്യവേദനയിൽ നിൽക്കുമ്പോൾ കാണുന്നു തിരുവസ്ത്രമിട്ട ഒരു മാലാഖ. മഹാരാഷ്ട്രക്കാരിയാണ്. കോടീശ്വരനായ പിതാവിന്റെ ഒറ്റ പുത്രി!
ഒരു കൗതുകത്തിന് ചോദിച്ചു പോയതാണ്. സേവനമാണ് ലക്ഷ്യമെങ്കിൽ അത് നഗരത്തിലാകമല്ലോ സിസ്റ്ററെ? എന്തിനാണീ പതിനെട്ടും ഇരുപതും കിലോമീറ്ററുകൾ നടന്ന് ഒരു സേവനവഴി, ഒരു സ്വയം വേദനിപ്പിക്കൽ? ആ ചോദ്യമുണ്ടാക്കിയ ദേഷ്യം മറച്ചു വച്ച് ഒരു ചിരിയോടെയാണ് മറുപടി.
ആരോരും നോക്കാനില്ലാത്ത ഈ കുഞ്ഞുങ്ങളുടെ കണ്ണുനീരിലെ പരമയാതനകൾ കണ്ടിട്ടും ഒരു റിപ്പോർട്ടറായ താങ്കൾ അത് ചോദിച്ചു കളഞ്ഞല്ലോ സഹോദരാ! വിരിഞ്ഞു വലുതായ ബ്രൗൺ കണ്ണുകളിൽ അന്ന് ഞാൻ കണ്ടത് ഏതെങ്കിലും പരിവർത്തനത്തിന്റെ ദുഷ്ടലക്ഷ്യങ്ങളല്ല. ഒരു കാരുണ്യത്തിന്റെ ദൈവത്തെയാണ്.
ഈ കേരളത്തിൽ ഇരുന്ന് ജാതിപ്പറ്റി പറയുന്നത് പോലെയല്ല; ആ ചാതുർവർണ്യം അതിന്റെ ഏറ്റവും നികൃഷ്ടമായ ഭാവത്തിൽ – മനുഷ്യൻ മനുഷ്യനെ തൊടാനറയ്ക്കുംമട്ടിൽ ജാതിയുടെ മുടിയഴിച്ചാട്ടം – നഗരമനുഷ്യർ തിരിഞ്ഞു നോക്കാത്ത ഉൾപ്രദേശങ്ങളാണ്. ആദിവാസികൾക്കിടയിലാണ്, ദളിതർക്കിടയിലാണ്, കുഷ്ഠരോഗികൾക്കിടയിലാണ് – ആ സമർപ്പിത സേവനങ്ങൾ, സ്നേഹജീവിതങ്ങൾ!”
സമർപ്പിത ജീവിതത്തിന്റെ വിസ്മരിക്കപ്പെടാനാവാത്ത സുകൃതങ്ങളുടെയും നന്മകളുടെയും സ്വാധീനശക്തി വിവരിക്കാൻ ഇതിൽപരം മനോഹരമായതും ആർജ്ജവമുള്ളതുമായ വാക്കുകൾ വേറെവിടെക്കിട്ടാൻ?
സമർപ്പിത വൈദിക ജീവിതം നയിക്കുന്ന ഒരാൾ ഇങ്ങനെ ഒരു കുറിപ്പ് എഴുതുമ്പോൾ ന്യായീകരണം, തള്ള് എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ചാർത്തിത്തരാൻ കാത്തിരിക്കുന്നവർ ചുരുക്കമാവില്ലല്ലോ! അങ്ങനെ ചിന്തിക്കുന്നവർക്കും വസ്തുനിഷ്ഠമായി ഒരു അവലോകനം നടത്താനുള്ള സാധ്യത തുറക്കപ്പെടണം എന്ന ഒരു ആഗ്രഹം കൊണ്ടാണ്
വിശ്വാസത്തിൽ പോലും വ്യത്യസ്തമായ ആശയധാരപുലർത്തുന്ന അവതാരകനായ ഹാഷ്മി പറഞ്ഞ വാക്കുകൾ ഓരോന്നായി ഒരു ചെറിയ ഫോണിൽ കേട്ട് ഉറക്കം കളഞ്ഞ് ഒരു രാത്രിയിൽ ഇതുപോലെ പകർത്തിയെഴുതുന്നത്.
സിസ്റ്റർ – സമർപ്പിത, മാലാഖ രോഗീപരിചരണത്തിൽ ദൈവത്തിന്റെ മാലാഖമാരായി വർത്തിക്കുന്ന നേഴ്സ്മാരെയും സിസ്റ്റർ എന്നാണ് സംബോധന ചെയ്യുന്നത്. വസൂരി പോലുള്ള നിരവധി സാംക്രമിക രോഗങ്ങളാല്‍ അനേകര്‍ മരിക്കുകയും രോഗീശുശ്രൂഷ അസാധ്യമാകുകയും ചെയ്ത കാലത്ത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന് തന്റെ പ്രജകളെ ശുശ്രൂഷിക്കാനും പരിപാലിക്കാനും മികച്ച ആതുരശുശ്രൂഷകര്‍
ഉണ്ടായേ തീരൂ എന്ന ചിന്ത ശക്തമായി.
അദ്ദേഹം തന്റെ സുഹൃത്തായ കൊല്ലം ആര്‍ച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെന്സിഗറിനോട് ഈ കാര്യം പങ്ക് വച്ചു. തീണ്ടലും തൊടീലും എന്ന ജാതീയ ചിന്ത കൂടാതെ എല്ലാവരെയും മനുഷ്യരായി കണ്ട് ശുശ്രൂഷിക്കുന്ന ആതുര ശുശ്രൂഷകരെ ലഭിക്കാനുള്ള വഴി രാജാവ് ആരാഞ്ഞു.
1906 -ൽ ആര്‍ച്ച് ബിഷപ്പ് മരിയ ബെന്‍സിഗര്‍ സ്വദേശമായ സ്വിറ്റ്സര്‍ലണ്ടിൽ പോയി ഹോളി ക്രോസ് സന്യാസ സമൂഹത്തിന്റെ സ്ഥാപക മദര്‍ ജനറലായിരുന്ന മദര്‍ പൗളാബക്കിന്റെ അടുത്തു ചെന്ന് കേരളത്തിലേയ്ക്ക് ശുശ്രൂഷ ചെയ്യാനും നഴ്സിംഗ് പഠിപ്പിക്കാനും പ്രാപ്തരായ പന്ത്രണ്ട് നഴ്സുമാരായ കന്യാസ്ത്രീകളെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു.
നീണ്ട 21 ദിവസത്തെ യാത്രയ്ക്കു ശേഷം മദര്‍ പൗളാബക്കിന്റെ നേതൃത്വത്തില്‍ 1906 നവംബറില്‍ മഹത്തായ ദൗത്യവുമായി അവര്‍ കേരളത്തിലെത്തി. തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയുടെ ഉള്ളില്‍ നഴ്സിംഗ് ക്വാര്‍ട്ടേഴ്സും ഒരു ദേവാലയവും ഒരുക്കിയാണ് മഹാരാജാവ് ആ സന്യാസ സമൂഹത്തെ സ്വീകരിച്ചത്. ആ സന്യാസിനികൾ തെളിച്ച വഴിയിലൂടെയാണ് ഈ നാടിന്റെ ആതുര ശുശ്രൂഷകർ നടന്ന് നീങ്ങിയത്.
ജാതിഭേദവും വര്ണ്ണവ്യത്യാസവുമില്ലാതെ എല്ലാ രോഗികളെയും മനുഷ്യരായി കാണാന്‍ പഠിപ്പിച്ചതും സാന്ത്വനം ചാലിച്ച അവരുടെ വാക്കുകളും സ്പര്‍ശനങ്ങളും ഔഷധങ്ങളേക്കാള്‍ സൗഖ്യദായകമാണെന്ന് രോഗികളായ മനുഷ്യര്‍ക്ക് തോന്നിത്തുടങ്ങിയതും എല്ലാം സന്യാസിനിമാരായ ആതുരശുശ്രൂഷകരുടെ സേവന തുടർച്ചയുടെ ഫലമാണ്.
നഴ്സുമാരെ ‘സിസ്റ്റര്‍’ എന്നു സംബോധന ചെയ്യുന്നത് പോലും സിസ്റ്റർമാർ തുടങ്ങി വച്ച ശുശ്രൂഷകൾ നമ്മുടെ നഴ്‌സ്മാർ ഏറ്റെടുത്തത് കൊണ്ടാണ്. ഈ മഹത്തായ പാരമ്പര്യവും സ്‌നേഹ സേവനവുമാണ് ASMI സന്യാസസഭയിലെ അംഗങ്ങളായ സി. പ്രീതിയും വന്ദനയും അടക്കമുള്ളവർ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലായി തുടർന്നുകൊണ്ടിരിക്കുന്നത്.
ഈ പാരമ്പര്യവും ശുശ്രൂഷാവഴികളും വഴികളും ജീവിതം കൊണ്ട് അനുവർത്തിക്കുന്നവരുടെ സന്യാസവസ്ത്രവും കഴുത്തിൽ അണിയുന്ന ക്രൂശിത രൂപവും കാണുമ്പോൾ തന്നെ അസ്വസ്ഥരാകുന്ന തീവ്രചിന്താഗതിക്കാരാണ് ഈ നാടിന്റെ മതേതരത്വസങ്കൽപ്പങ്ങൾക്ക് വിള്ളൽ ഏൽപ്പിക്കുന്നത് എന്ന സത്യം മറ നീക്കി പുറത്ത് വരുന്നുണ്ട്.
മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിങ്ങനെ ജാമ്യം കിട്ടാൻ സാധ്യതയില്ലാത്ത വകുപ്പുകൾ ചുമത്തി തുറുങ്കിൽ അടച്ച് ഭയപ്പെടുത്തിയാൽ വിജയിച്ചു എന്ന് കരുതുന്നവരാണ് ഈ രാജ്യത്തിന്റെ അഖണ്ഡതയെ തോൽപ്പിച്ചുകൊണ്ടിരിക്കുന്നത്. ഛത്തീസ്‌ഗഡ് എന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വിഷ്ണു ദിയോ സായി പോലും ഒരു കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പഠിച്ചത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം!
വാൽകഷ്ണം : കക്കുകളിയും കേരളസ്റ്റോറിയും സ്വർണ്ണകിരീടവും പിന്നെ ഛത്തീസ്‌ഗഡിലെ കള്ളക്കളികളും! ഛത്തീസ്‌ഗഡിലെ ദുർഗ് ജയിൽ പരിസരം കാണുമ്പോൾ ചില കള്ളക്കളികൾ മറ നീക്കിപ്പുറത്ത് വരുന്നുണ്ട്.
സമർപ്പിതസഹോദരിമാരുടെ ജീവിത പരിസരങ്ങളെ വികലമായി ചിത്രീകരിക്കുന്ന ജോബ് മഠത്തിലിന്റെ സ്വാതന്ത്ര ആവിഷ്കര നാടകമായ കക്കുകളി എന്ന ഒരു നാടകം രണ്ട് വർഷം മുമ്പ് ഇവിടെ അരങ്ങേറിയിരുന്നു. ക്രൈസ്തവ സമൂഹത്തിന്റെയും സന്യാസിനിമാരുടെയും പ്രതിഷേധസ്വരം ഉയർന്നപ്പോൾ ചിലയിടങ്ങളിൽ അവതരണം വേണ്ട എന്ന് വച്ചു എങ്കിലും അന്താരാഷ്ട്ര നാടകോൽസവത്തിൽ കേരളത്തിന്റെ പ്രാതിനിധ്യം ഈ നാടകം വഴിയായിരുന്നു
കാണാൻ വന്നത് ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രിയും! ആവിഷ്കാര സ്വാതത്ര്യം എന്ന പേര് പറഞ്ഞ് ‘കക്കുകളി’ നടത്താൻ വേദിയൊരുക്കിയപ്പോൾ ഇല്ലാതിരുന്ന പ്രതിബദ്ധതയും ക്രൈസ്തവ സന്യസ്ത സ്നേഹവും അണപൊട്ടിയോഴുകുന്നത് കാണുമ്പോൾ എന്തോ ഒരു പന്തികേട്!
ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരിൽ ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന കുറെയധികം സിനിമകളോട് മൗനമായും അല്ലാതെയും സമ്മതം മൂളിയ ഭരണ പ്രതിപക്ഷ പാർട്ടികൾ “കേരള സ്റ്റോറി” എന്ന സിനിമ ഇറങ്ങിയപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം എന്ന വാക്ക് പോലും മറന്നു പോയി!
കിരീടം ചാർത്തുന്നതും പ്രാർത്ഥിക്കുന്നതും ഒരാളുടെ വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമാണ് എന്നതിൽ ഒരു സംശയവുമില്ല. ഇവിടെ കിരീടം ചാർത്തിയത് കൊണ്ട് മറ്റിടങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് മിണ്ടികൂടാ എന്നൊന്നും ഇല്ലല്ലോ!
ദുർഗ് ജയിൽ പരിസരത്ത് എത്തിയവർ എല്ലാം ഒരേ ലക്ഷ്യത്തിന് വേണ്ടിയെത്തിയതാണ്. രണ്ട് സമർപ്പിതരെ ജയിലിൽ അടയ്ക്കാനും ആൾകൂട്ടവിചാരണയ്ക്ക് വിട്ടുകൊടുക്കാനും കാരണക്കാരായ, ഛത്തീസ്‌ഗഡ് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെയും അവരോട് അനുഭാവം ഉള്ള പോഷക സംഘടനകളുടെയും പക്ഷക്കാർ ഒരു വശത്ത്.
ലോക് സഭയിൽ പ്രതിപക്ഷത്തിന്റെ ഭാഗമായും INDIA മുന്നണിയുടെ ഭാഗമായും ഒന്നിച്ചു നിൽക്കുന്ന കേരളത്തിൽ സജീവമായ മറ്റ് രണ്ട് രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങൾ മറുവശത്ത്. ജയിലിൽ അടക്കപ്പെട്ട് ആത്മാഭിമാനത്തിന് ക്ഷതമേറ്റ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയപ്പെട്ട് മനസ്സ് മുറിഞ്ഞ ദൈവത്തിന്റെ രണ്ട് മാലാഖാമാർക്ക് എത്രയും വേഗം നീതി നടത്തി കിട്ടാൻ പ്രാർത്ഥിച്ചു കാത്തിരിക്കുന്നു.
അവരോടുള്ള നീതിനിർവഹണം പൂർത്തിയാക്കുന്നത് നിയമം കൈയിലെടുത്ത് പോലീസിനെ നോക്കുത്തിയാക്കി കലാപാന്തരീക്ഷം സൃഷ്ടിച്ച വർഗ്ഗീയ ശക്തികൾക്കെതിരെ നിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കുമ്പോഴാണ്.
ഇന്ത്യയുടെ ഭരണഘടന ഉറപ്പ് തരുന്ന മതേതരത്വം സംരക്ഷിക്കപ്പെടുമ്പോൾ മാത്രമാണ് ഈ വിഷയത്തിൽ നീതിനിർവ്വഹണം പൂർത്തിയാക്കുന്നത്. അല്ലാത്തിടത്തോളം കാലം രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകൾ വിലപേശലുകൾ മാത്രമാണ് എന്നതിൽ സമയമില്ല! ദൈവത്തിന് പ്രീതിയും മാലാഖാമാർക്ക് വന്ദനവും സാത്താന് ലജ്ജയും!