Reader's Blog Social Media

നഴ്‌സുമാർക്ക്‌ വലിയ ശമ്പളം നൽകുക, എന്നിട്ടു മതി സേവനം…

ജോസഫ് ദാസൻ

മിഷൻ ഹോസ്പിറ്റലുകളിൽ നടക്കുന്ന സമരങ്ങളിൽ മിഷനെ വിലകുറച്ചു കാണിക്കാൻ പറഞ്ഞു കേൾക്കുന്ന ഒരു വാചകമാണിത് . സാധുക്കളായ രോഗികളോട്‌ അയ്യോ പാവം തോന്നുന്ന സമൂഹമാണ് നമ്മുടേത്. എന്നാൽ രോഗികളോടല്ല ഞങ്ങളോടാണ് അയ്യോ പാവം തോന്നേണ്ടത് എന്ന് മിഷൻ ഹോസ്പിറ്റലിലെ ഏതാനും നഴ്‌സുമാർക്ക്‌ സാധാരണക്കാരനെ പറഞ്ഞു വിശ്വസിപ്പിക്കാൻ സാധിക്കുന്നു
വെറും പതിനെണ്ണായിരം രൂപയ്ക്കു തന്റെ കുടുംബം പുലർത്തുന്ന എം എസ്‌ ഡബ്ള്യൂകാരനായ സുഹൃത്ത് എനിക്കുണ്ട് .

ഞാൻ ചില ചോദ്യങ്ങൾ ചോദിക്കും വരെ അദ്ദേഹവും മുപ്പതിനായിരത്തോളം രൂപ വാങ്ങുന്ന സമരക്കാർ പറഞ്ഞതാണ് ശരി എന്ന് വിശ്വസിച്ചു . അതാണ് സോഷ്യൽ മീഡിയയിലൂടെ മനുഷ്യ മനസുകളെ അന്ധമാക്കാൻ അറിയാവുന്ന വ്യക്തികളുടെ വിരുത്.

നഴ്‌സിംഗ് എന്ന പ്രൊഫഷൻ രൂപപ്പെടാൻ കത്തോലിക്കാ സഭ നൽകിയ സംഭാവനകൾ എത്രയോ വലുതാണ്. കന്യാസ്ത്രീകളെ വിളിക്കുന്ന സിസ്റ്റർ എന്ന ബഹുമാനമുള്ള നാമം നഴ്‌സുമാർക്ക്‌ കൂടെ സ്വന്തമാകും വിധം പിന്നീട് വിവാഹിതരായ ശുശ്രൂഷ താത്പര്യമുള്ളവരെക്കൂടെ ഉൾക്കൊള്ളിച്ചു ആ ശുശ്രൂഷ ലോകമെങ്ങും വളരുകയായിരുന്നു. അതല്ലേ ശരി ?

ഇന്ന് രോഗീ പരിചരണം ഒരു വ്യവസായ സാധ്യത ആയി വളർന്നു. എന്നാൽ പണ്ട് അങ്ങനെ ആയിരുന്നില്ല. ലാഭമോ സമയമോ നോക്കാതെ രോഗികളെ ശുശ്രൂഷിക്കാൻ അറിയുന്നവർക്ക് മാത്രമേ ഈ ജോലി ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. അതാണ് മിഷൻ ഹോസ്പിറ്റലുകൾ ഉണ്ടാകാൻ കാരണം.

നാളെ ഒരു യുദ്ധ സമാനമായ സാഹചര്യമോ, പ്രകൃതി ദുരന്തമോ വന്നാൽ വ്യവ്യസായ ഹോസ്പിറ്റലുകൾ അപ്രത്യക്ഷമാകും. ഇന്നും ദാരിദ്ര്യത്തിൽ ജീവിക്കുന്നവർക്ക് ജീവിതം യുദ്ധ സമാനമാണ്. പെട്ടെന്നൊരു അസുഖം വന്നാൽ മധ്യ വർഗക്കാരനും തകർന്നുപോകും.

എല്ലാവർക്കും മികച്ച ശുശ്രൂഷ നൽകാനുള്ള സാമ്പത്തിക സ്ഥിതി കേരളം പോലൊരു സംസ്ഥാനത്തിനില്ല. മിഷൻ ഹോസ്പിറ്റലുകൾ നില നിന്നാൽ ഇത്തരം സാഹചര്യങ്ങളിൽ രോഗികൾക്ക് ഓടിയെത്താൻ ഇടമുണ്ടാകും. അതിനാൽ മിഷൻ എന്ന ആശയം നില നിന്നെ പറ്റൂ.

നമ്മൾ സംസാരിക്കുന്നതു നഴ്‌സുമാരുടെ മെച്ചപ്പെട്ട ജീവിതം എങ്ങനെ സാധിക്കും എന്നതിനെക്കുറിച്ചാണ്. എന്നാൽ നഴ്‌സുമാരുടെ എണ്ണത്തേക്കാൾ എത്രയോ ആയിരം മടങ്ങാണ് രോഗം നിമിത്തം ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാത്ത പാവം മനുഷ്യർ. കടുത്ത രോഗങ്ങളെ നേരിടുമ്പോൾ അവർ ചികിത്സാചിലവിനോടൊപ്പം വീട്ടിൽ കഞ്ഞികുടിക്കുന്നതിനെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ.

ഇവരെക്കുറിച്ചാണ് കത്തോലിക്കരായ നമ്മൾ ആദ്യമായി കരുതലോടെ ചിന്തിക്കേണ്ടത്. ഇനി നഴ്സുമാരെക്കുറിച്ചു പറയാം. വളരെയധികം വിദ്യാഭ്യാസം നേടിയ ശേഷം ചുരുങ്ങിയ ശമ്പളത്തിൽ ജീവിക്കേണ്ടി വരുന്ന വളരെയധികം ആളുകൾ കേരളത്തിലുണ്ട് .

എഞ്ചിനീയറിംഗ് പഠിച്ചവരെ നോക്കൂ. ഇവർക്കെല്ലാം മികച്ച ശമ്പളം നൽകുന്ന സംസ്ഥാനമായി വളരാൻ നമുക്ക് സാധിച്ചിട്ടില്ല. അത് സാധിക്കുന്നതുവരെ ലഭിക്കുന്ന ശമ്പളത്തിൽ ആദ്യം ജോലി നേടുക, പിന്നീട് കൂടുതൽ ശമ്പളം നല്കുന്നിടത്തു കഴിവ് തെളിയിച്ചു ജോലി നേടി പോകുക. ഇതാണ് അവരെല്ലാവരും ചെയ്യുന്നത്. മറ്റേതു പ്രായോഗികമല്ല.

മിഷൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നവരുടെ സാമ്പത്തിക സ്ഥിതിയെക്കാൾ പരിഗണിക്കപ്പെടേണ്ടത് ജീവിതം തകർന്ന രോഗികളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചാണ് . അതാണ് മിഷൻ ആശുപത്രി എന്ന പ്രയോഗത്തിന്റെ അർത്ഥതലം.

ജോലിക്കു അപേക്ഷിക്കുമ്പോൾ ഞാൻ മിഷൻ ഹോസ്പിറ്റലിലേക്കാണ് അപേക്ഷിക്കുന്നതെന്നു അറിഞ്ഞാണല്ലോ അപേക്ഷിക്കുന്നത്. ലഭിക്കുന്ന ശമ്പളം എന്താണെന്നും അറിയണം. വരുമാനമോ, സമയമോ നോക്കാതെ ത്യാഗം എന്നതാണ് മിഷന്റെ ആശയം തന്നെ.

എന്റെ കുടുംബത്തിലെ ഒരു നേഴ്സ് അടുത്തുള്ള മിഷൻ ഹോസ്പിറ്റലിൽ രണ്ടു മണിക്കൂർ വീതം സൗജന്യമായി ജോലി ചെയ്യുന്നു. അങ്ങനെ ചെയ്യാറുള്ള ഡോക്ടർമാരെ എനിക്കറിയാം. അങ്ങനെയുള്ള ഒരു സ്ഥലത്തു ജോലിക്കു കയറിയ ശേഷം കൂടുതൽ വരുമാനം വേണമെന്ന് തോന്നിയാൽ അത് ലഭിക്കുന്ന സ്ഥലത്തേക്ക് അപേക്ഷിക്കുക.

കഴിവ് തെളിയിച്ചു അവിടെ കയറുക. അല്ലാതെ ജോലി നൽകി എന്ന കാരണത്താൽ പാവപ്പെട്ടവന്റെ നെഞ്ചത്ത് ചവിട്ടാൻ മിഷൻ ഹോസ്പിറ്റലിലെ തകർക്കുകയല്ല വേണ്ടത്. ഞങ്ങൾക്ക് വലിയ വരുമാനം നൽകിയിട്ടു മതി നിങ്ങൾ പാവങ്ങളെ ശുശ്രൂഷിക്കാൻ എന്ന് പറയുകയല്ല വേണ്ടത്, എനിക്ക് പണം പ്രധാനമായതുകൊണ്ടു മിഷൻ ചെയ്യാൻ സാധിക്കാത്തതു കൊണ്ട് പണം നല്കുന്നിടത്തേക്കു ഞാൻ പൊയ്ക്കൊള്ളാം എന്നാണ് പറയേണ്ടത്.

മിഷൻ ചെയ്യാൻ ഇഷ്ടമുള്ളവർ അവിടെ ജോലി ചെയ്തുകൊള്ളും. അതാണല്ലോ ഭൂരിപക്ഷം നഴ്‌സുമാരും സമരത്തിൽ പങ്കെടുക്കാത്തത്. സാധുക്കൾക്ക് മികച്ച സേവനം നൽകി സർക്കാറിനോടൊപ്പം പ്രവർത്തിക്കുന്ന മിഷൻ ഹോസ്പിറ്റലുകളുടെമേൽ ലാഭത്തിൽ കണ്ണുവെക്കുന്നവർ കൂട്ടമായി ആക്രമണം നടത്താതിരിക്കാൻ സർക്കാർ നിയമം കൊണ്ടുവരണം.

ജനങ്ങൾക്ക് നൽകുന്ന സേവന നിരക്കുകൂടെ ശമ്പള പരിഷ്കരണത്തിന്റെ സമയത്തു പരിഗണിക്കേണ്ടതുണ്ട്. അല്ലാതെ ബെഡ്ഡുകളുടെ എണ്ണം മാത്രമല്ല. ഇവിടെ രോഗം വന്നു തകർന്നു പോകുന്ന ദശലക്ഷക്കണക്കിനു രോഗികളുടെ വീട്ടിൽ അടുപ്പു പുകയാൻ കൂടി സാധിക്കുന്നതിനെക്കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്.

അല്ലാതെ ഞങ്ങൾക്ക് പണം തരൂ പാവങ്ങളെ പിന്നീട് നോക്കു എന്ന് പറയുന്നവർ രാജിവച്ചു പോകട്ടെ. നന്നായി പ്രാർത്ഥിക്കുന്ന കരുണയുള്ള കുറച്ചുനാൾ ശുശ്രൂഷ ചെയ്യണം എന്നാഗ്രഹമുള്ളവർ അവിടെ പ്രവർത്തിക്കട്ടെ. അതിനുശേഷം പണം കൂടുതൽ വേണമെന്നുള്ളപ്പോൾ അതുള്ളിടത്തേക്കു പോകട്ടെ. സ്ഥിരമായി അവിടെ നിൽക്കുന്നവർക്ക് ഇപ്പോഴേ വളരെ ഉയർന്ന ശമ്പളം ഉണ്ടല്ലോ.