News Social Media

CAA വിജ്ഞാപനം ചെയ്തു; പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു

പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവർക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും.

സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.