ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ മുടങ്ങി

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം തുടങ്ങി. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങിയത്. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെയാണ് ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുന്നത്

കൊടുവള്ളി ആർടിഒ ഓഫീസിന് കീഴിലുള്ള കുന്നമംഗലം പൊയ്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്നു. ഐഎൻടിയുസി – എകെഎംഡിഎസ്‌ – ബിഎംഎസ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

മുട്ടത്തറയിൽ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് ഇല്ല. ഇന്ന് ടെസ്റ്റ് നടത്തേണ്ടിയിരുന്നത് 20 പേർക്കാണ്. ഒരാൾ ടെസ്റ്റിനെത്തിയെങ്കിലും പ്രതിഷേധക്കാർ അനുവദിച്ചില്ല. ഇന്ന് നടത്തേണ്ട ടെസ്റ്റുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി. ഉദ്യോഗസ്ഥർ മടങ്ങി.

തൃശ്ശൂരിലും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. തൃശ്ശൂർ അത്താണിയിലെ ഗ്രൗണ്ടിൽ ടെസ്റ്റിനായി ആരും എത്തിയില്ല. അത്താണിയിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്.

ആദ്യ സർക്കുലറിനേക്കാൾ അശാസ്ത്രീയമായ സർക്കുലർ ആണ് രണ്ടാമത് ഇറക്കിയതെന്ന് ഉടമകൾ പറയുന്നു. കോർപ്പറേറ്റുകളെ തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരാനാണ് ഇപ്പോഴത്തെ ശ്രമം. ടെസ്റ്റ് കാറുകളിൽ ഡ്യൂവൽ സംവിധാനം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ല എന്നും ഉടമകൾ പറയുന്നു.

error: Content is protected !!