Meditations Reader's Blog

ദൈവസ്നേഹം കരുതുന്നതും, കരുത്തേക്കുന്നതും, പുനർജീവിപ്പിക്കുന്നതുമാണ്

യോഹന്നാൻ 11 : 1 – 16
ദൈവഹിതവും വിശ്വാസധീരതയും.

തിരുവചനഭാഗത്ത് ഓരോ വിശ്വാസികളുടേയും പ്രതിനിധിയായി ലാസർ നിലകൊള്ളുന്നു. കാരണം, ലാസറിന്റെ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു പറഞ്ഞത്, ‘നി സ്നേഹിക്കുന്നവൻ’ എന്നാണ്.

സ്നേഹത്തിന്റെ സുവിശേഷം എന്നറിയപ്പെടുന്ന യോഹന്നാന്റെ സുവിശേഷം, ഇതിലൂടെ ദൈവം എല്ലാവരേയും വ്യക്തിപരമായി സ്നേഹിക്കുന്നുവെന്നു വ്യക്തമാക്കുന്നു. കൂടാതെ, ലാസറിന്റെ പുനർജനി, ഓരോ വിശ്വാസിയേയും നിത്യജീവനിലേക്ക് അവിടുന്നു ക്ഷണിക്കുന്നതിന്റെ സൂചനകൂടിയാണ്.

ലാസറിന്റെ രോഗവും മരണവും ദൈവത്തിനും ദൈവപുത്രനും മഹത്വീകൃത കാരണമായി. ഈ അത്ഭുതം, ഈശോയുടെ പീഡാനുഭവമരണോത്ഥാനത്തിന് പെട്ടെന്നുള്ള കാരണമായി മാറി. അതിലൂടെ അവനും പിതാവും മഹത്വീകൃതരുമായി.

ലാസറിന്റെ രോഗവിവരം അറിഞ്ഞിട്ടും ഓടിയെത്താതെ, താൻ ഏറെ സ്നേഹിച്ചിരുന്ന അവനെ മരണത്തിനു ഏൽപ്പിച്ചു കൊടുക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഇവിടെ ഉയരുന്നു.

ഈ അത്ഭുതത്തിന് സാക്ഷികളായവരോരോരുത്തരുടേയും വിശ്വാസവളർച്ചയെ മുൻനിർത്തിയാണ് അവൻ ഇപ്രകാരം പ്രവർത്തിച്ചത് എന്നുവേണം നാം ഇതിൽനിന്നും മനസ്സിലാക്കുവാൻ.

എപ്പോഴും ഓടിയെത്തുന്നത് മാനുഷീക സ്നേഹത്തിന്റെ പ്രതിഫലനമാണ്. എന്നാൽ ദൈവസ്നേഹം കരുതുന്നതും കരുത്തേക്കുന്നതും പുനർജീവിപ്പിക്കുന്നതുമാണെന്നു ഇതിലൂടെ വ്യക്തമാകുന്നു. അതിനാലാവണം, തന്നിലെ മാനുഷീകസ്നേഹത്തെ അവൻ വ്യയം ചെയ്തു, ദൈവസ്നേഹത്താൽ നിറഞ്ഞു, ദൈവഹിതത്തിന് സ്വയം വിധേയനായത്.

തുടർന്ന് വിവരിക്കുന്ന ‘പകൽ’ നമ്മുടെ ജീവിതകാലഘട്ടമാണ്. ജീവിതകാലത്ത് നാം ദൈവീകപദ്ധതികൾക്ക് വിധേയപ്പെട്ടൽ, മരണത്തെ ഭയപ്പെടേണ്ടതില്ല. അവൻ പ്രകാശമായതിനാൽ ഇരുട്ടിനെ നാം ഭയപ്പെടേണ്ടതുമില്ല.

കൂടാതെ, തന്റെ ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും, സഹോദരതുല്യനായ ലാസറിനുവേണ്ടി, അവൻ സ്വജീവൻ ത്യജിക്കാൻ തയ്യാറാകുമ്പോൾ, അവനിലെ നല്ലിടയനാണ് വെളിവാക്കപ്പെടുന്നത്.

ആടുകൾക്കുവേണ്ടി സ്വജീവൻ അർപ്പിക്കുന്ന നല്ലിടയൻ. അവന്റെ വാക്കുകൾക്ക്, ‘അവനോടൊപ്പം നമുക്കും പോയി മരിക്കാം’ എന്ന തോമാശ്ലീഹായുടെ വാക്കുകൾ നമുക്കും പ്രചോദനമാകട്ടെ.