Daily Prayers Reader's Blog

ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ: പത്തൊമ്പതാം ദിനം: സകല ജനതകള്‍ക്കും വേണ്ടിയുള്ള രക്ഷ

ഫാ. ജയ്സൺ കുന്നേൽ mcbs

വചനം

സകല ജനതകള്‍ക്കുംവേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്‌ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു. ലൂക്കാ 2 : 31

വിചിന്തനം

ലോക രക്ഷകനായ ഉണ്ണീശോയെ കരങ്ങളിലെടുത്തു കൊണ്ട് ശിമയോൻ പാടിയ ദൈവത്തെ സ്തുതിഗീതകത്തിലെ ഒരു ഭാഗമാണിത്. ദൈവം ഒരുക്കിയിരിക്കുന്ന രക്ഷയാണ് ഉണ്ണി മിശിഹാ. മനുഷ്യവതാരത്തിലൂടെ ആ രക്ഷ മനുഷ്യ മക്കളോടൊപ്പം വാസമുറപ്പിക്കാൻ ആരംഭിച്ചു.

ദിവ്യകാരുണ്യത്തിലൂടെ ആ രക്ഷാനുഭവം ലോകാവസാനം വരെ തുടരുകയും ചെയ്യും. രക്ഷകനെ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവയാണ്. ആഗമന കാലം രക്ഷകനെ കൺകുളിർക്കെ കാണാനും ഹൃദയം കൊണ്ട് അനുഭവിക്കാനും ഒരുങ്ങുന്ന സമയമാണ്. ആഗമന കാലത്തിൻ്റെ അവസാന ആഴ്ചയിൽ രക്ഷകനെ കാണാൻ തീവ്രമായി നമുക്കൊരുങ്ങാം, അതിനായി പരിശ്രമിക്കാം.

പ്രാർത്ഥന

സ്വർഗ്ഗീയ പിതാവേ, ലോക രക്ഷകനെ ദർശിക്കാനായി ഞങ്ങൾ തീവ്രമായി ആഗ്രഹിക്കുന്നു. സകലജനതകൾക്കും രക്ഷകനായവനെ എനിക്കു സ്വീകരിക്കാൻ കഴിയണമെങ്കിൽ പരിശുദ്ധിയുള്ള ഹൃദയവും നിർമ്മലമായ മനസാക്ഷിയും ആവശ്യമാണന്നു ഞാൻ മനസ്സിലാക്കുന്നു.

ആഗമനകാലത്തിൻ്റെ അവസാന ദിനങ്ങളിൽ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും ഉപവി പ്രവർത്തികളിലൂടെയും രക്ഷകനായി എൻ്റെ ഹൃദയം ഒരുക്കാൻ എനിക്കു കൃപ തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

സുകൃതജപം

ഉണ്ണീശോയെ, എൻ്റെ ഹൃദയത്തിൻ്റെ നാഥനാകണമേ!