യോഹന്നാൻ 12 : 20 – 36
ക്രിസ്തു നമ്മിൽ ജീവിക്കുന്നു….
തന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ഉയിർക്കൊള്ളുന്ന പുതുജനതയെ അവൻ ഇവിടെ അനുസ്മരിപ്പിക്കുന്നു. പുതുനാമ്പിന് ജന്മം നൽകാൻ, സ്വജീവനെ ഇല്ലായ്മചെയ്യുന്ന ഗോതമ്പ് മണി. ഇതിനു സമാനമായാണ് അവൻ സ്വജീവൻ നമ്മുടെ നിത്യജീവനുവേണ്ടി ബലിദാനമാക്കിയത്.
അവന്റെ തന്നെ വാക്കുകൾ അതു വെളിപ്പെടുത്തുന്നു, “മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ലാ, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്ക് മോചനദ്രവ്യമായി നല്കാനുമത്രേ”. അവന്റെ വാക്കുകൾ പ്രവൃത്തികൾക്ക് വഴിയൊരുക്കുന്നവയായിരുന്നു. മനുഷ്യകുലത്തോടുള്ള അവന്റെ സ്നേഹം പകരം വെയ്ക്കാനാവാത്തതായിരുന്നു.
ഒരിക്കലും മനുഷ്യന് എത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തിലായിരുന്നു അവന്റെ കരുതലിന്റെ കാവൽ. എങ്കിലും ഒരു പൂർണ്ണ മനുഷ്യനായി ജനിച്ചും,ജീവിച്ചും മരിച്ചും മനുഷ്യനിലെ അസാധ്യതകളെ അവൻ സാധ്യതകളാക്കി മാറ്റി.
നാം അസാധ്യമെന്ന് കരുതി സ്വപ്നം കണ്ടിരുന്ന പലതും, അവൻ സ്വജീവിതംകൊണ്ട് യാഥാർഥ്യമാക്കി കാണിച്ചുതന്നു. അവന്റെ ഈ മാതൃക യഥാർത്ഥജീവിതത്തിൽ പിന്തുടർന്ന നമ്മെപ്പോലുള്ളവരാണ് വിശുദ്ധ മാതൃകകളായി നമ്മുടെ മുമ്പിൽ വെയ്ക്കപ്പെട്ടിട്ടുള്ളത്.
മണ്ണിൽ വീണഴുകുന്ന ഗോതമ്പുമണി പുതിയ നാമ്പിന് രൂപം കൊടുക്കുന്നതുപോലെ മനുഷ്യകുലത്തിന് നിത്യജീവൻ നല്കാൻ ഈശോ തന്റെ ജീവൻ സമർപ്പിക്കുന്നു. ഞാൻ എന്ന ഭാവം എന്നിൽ മരിക്കുമ്പോഴാണ് ഉത്ഥിതൻ എന്നിൽ ജനിക്കുന്നത്.
സ്വാർത്ഥതയുടെ പുറംതോട് പൊട്ടിച്ച് സ്നേഹത്തിൻ്റെ കവചം ധരിച്ച് പരിശുദ്ധാത്മാവിൽ നിറയുമ്പോഴാണ് നമ്മിൽ യേശു വസിക്കുക. അങ്ങനെ സ്വയം ശൂന്യവൽക്കരിക്കുമ്പോൾ ഞാൻ പുതിയ സൃഷ്ടിയായി മാറുന്നു. ആ ശൂന്യതയിൽ ദൈവത്തിൻ്റെ ആത്മാവ് നിറയുന്നു.
അതുകൊണ്ടാണ് മരപ്പണിക്കാരൻ ഈശോ ഇങ്ങനെ പഠിപ്പിച്ചത്,”തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തുന്നു, ഈ ലോകത്തിൽ തന്റെ ജീവനെ ദ്വേഷിക്കുന്നവൻ, നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും”.
സ്വജീവൻ നൽകി നിത്യജീവൻ നമുക്ക് സമ്മാനിച്ച മരപ്പണിക്കാരനീശോ നമുക്ക് മാതൃകയാവട്ടെ. തിന്മയുടെ ആസക്തികളെ വെടിഞ്ഞ് യേശു എന്ന പുണ്യത്തെ ജീവിതത്തോട് ചേർത്തുവയ്ക്കാം. യേശു എവിടെ? എന്ന ചോദ്യത്തിനുത്തരം നാമോരോരുത്തരുമാകട്ടെ.