സമീപകാല മലയാള സിനിമകൾക്കെതിരേ രൂക്ഷവിമർശനവുമായി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ. ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ സിനിമകൾക്കെതിരെയാണ് വിമർശനം. ഇല്യുമിനാറ്റി ഗാനം പരമ്പരാഗത ക്രൈസ്തവ വിഭാഗത്തിനെതിരാണെന്നും സഭ കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.
ആവേശം സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവൻ നേരവും. അക്രമവും അടിപിടിയുമാണ്. പാട്ട് പാടാമെന്ന് പറഞ്ഞാൽ എല്ലാവരും ഇല്ലുമിനാറ്റി എന്ന് പറയും.
എന്നാൽ ഇല്ലുമിനാറ്റി എന്നത് നമ്മുടെ മതത്തിനും മറ്റ് എല്ലാത്തിനും എതിരെ നിൽക്കുന്ന സംഘടനയാണ്. പ്രേമലു സിനിമയെടുത്താലും അവിടെയും അടിയും കുടിയുമൊക്കെ തന്നെയാണെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.
‘ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ പോലീസും അഗ്നിരക്ഷാസേനയും ഒന്നും ചെയ്യാതെ വന്നപ്പോൾ അവരുടെ കൂട്ടത്തിൽ ഒരാൾ ഇറങ്ങി വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് മഞ്ഞുമ്മൽ ബോയ്സ്. നല്ല കാര്യം. എന്നാൽ, ഒരു കാര്യം ആലോചിക്കണം. അവർ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ കുടിയും ഛർദ്ദിയുമാണ്’, ബിഷപ്പ് പറഞ്ഞു.