ദൈവീക നിയോഗങ്ങൾക്ക് മുമ്പിൽ ആമ്മേൻ പറയുന്നവരാകാം

മത്തായി 1 : 18 – 25
നീതി + വിശ്വസ്തത

പരിശുദ്ധാത്മാവിനാൽ മറിയം ഗർഭിണിയായി, ജോസഫ് മറിയത്തെ സ്വീകരിച്ചു, അവൻ ശിശുവിന് യേശു എന്ന് പേരിട്ടു, അവൻ ജനങ്ങളുടെ പാപവിമോചകനാണ്, പേരിടലിലൂടെ ജോസഫ് നിയമപരമായി മറിയത്തിന്റെ ഭർത്താവായി, ദാവീദിന്റെ പുത്രനായ ജോസഫ് എന്ന അഭിസംബോധന, യേശു ദാവീദിന്റെ പുത്രനായി മാറി. മുകളിൽ പറഞ്ഞവയെല്ലാം, ദൈവീകരഹസ്യങ്ങളുടെ വെളിപ്പെടുത്തലുകളായി കണക്കാക്കാം.

യേശുവിന്റെ കന്യകാജനനംതന്നെ, പഴയനിയമചരിത്രഭാഗമാണ്. യേശുവിന്റെ ജ്ഞാനത്തിലും, അവന്റെ പിതാവിലും മാതാവിലുമുള്ള സംശയം, യഹൂദരുടെ ഇടയിൽ ഉരുത്തിരിഞ്ഞു വരുന്നത്, പിന്നീട്, അവന്റെ പന്ത്രണ്ടാം വയസ്സിലും നാം കാണുന്നുണ്ട് താനും. ആയതിനാലാക്കണം, പ്രവചനങ്ങളുടെ പൂർത്തീകരണമായ അവിടുത്തെ ജനനം, മാലാഖ വെളിപ്പെടുത്തുന്നത്.

ദൈവത്തെ സമീപിക്കാൻ മനുഷ്യന് കഴിവില്ലാത്തതിനാലാണ്, അവൻ മനുഷ്യരുടെ ഇടയിലേക്ക് വന്നത്. പഴയനിയമചരിത്രത്തിലെ ദൈവത്തിന്റെ വാഗ്ദാനവും, പ്രവചനവും, ജോസഫിലൂടെ ദൂതൻ വെളിപ്പെടുത്തുന്നു.

മറിയത്തിന്റെ കന്യകാത്വം ഇതിലൂടെ വ്യക്തത കൈവരിക്കുകയാണ്. യുവതി ഗർഭം ധരിക്കുമെന്ന ഏശ യ്യായുടെ പ്രവചനം, മറിയത്തിലൂടെ നിറവേറ്റപ്പെട്ടപ്പോൾ, പരിശുദ്ധാത്മാവിലൂടെയുള്ള മറിയത്തിന്റെ ഗർഭധാരണം, അങ്ങനെ അന്വർത്ഥമായി. ദൈവപുത്രൻ പരിപൂർണ്ണമനുഷ്യനായി സ്ത്രീയിൽനിന്നും ജാതനായി.

രഹസ്യങ്ങളുടെ ചുരുളഴിഞ്ഞപ്പോൾ, ദൈവദൂതൻ കല്പിച്ചതുപോലെ ജോസഫ് പ്രവർത്തിച്ചു, നീതിയുടെ പിതാവായി അദ്ദേഹം മാറി. ദൈവത്തോടുള്ള വിശ്വസ്തതയിൽ കറ പുരളാത്ത വ്യക്തിത്വമായി, മറ്റുള്ളവർക്ക് മുമ്പിൽ ജോസഫ് നിർത്തപ്പെട്ടു.

നമ്മിലെ ദൈവീകനിയോഗങ്ങൾക്ക് മുമ്പിൽ, ആമ്മേൻ പറയാൻ നമുക്കാവട്ടെ. ഒരുപക്ഷേ, ദൈവീകരഹസ്യങ്ങൾ നമുക്കഗ്രാഹ്യമാംവിധം മൂടപ്പെട്ടാലും, നീതിക്കായി നിലകൊള്ളാൻ, ദൈവത്തോടും മനുഷ്യരോടുമുള്ള വിശ്വസ്തതയുടെ ആൾരൂപങ്ങളാകാൻ, നമുക്ക് ആത്മാർത്ഥമായി ധ്യാനിച്ചു പ്രാർത്ഥിക്കാം…

error: Content is protected !!