മത്തായി 7 : 21 – 28
“കർത്താവേ കർത്താവേ എന്ന്…..പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ..”.
പ്രാർത്ഥനയും പ്രവൃത്തികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പല അത്ഭുതപ്രവർത്തികൾക്കുംമുമ്പ് അവൻ പിതാവിനോട് പ്രാർത്ഥിച്ചിരുന്നു എന്ന് നാം വി.ഗ്രന്ഥത്തിൽ കാണുന്നു. പ്രവൃത്തികൾക്കുള്ള ഊർജ്ജമാണ്, കരുത്താണ് പ്രാർത്ഥന എന്ന് തിരിച്ചറിയാം.
അത്യുച്ചത്തിലുള്ള ആർപ്പുവിളിയോ, ശബ്ദകോലാഹലങ്ങളോ, ഭാഷാവരങ്ങളോ ഒന്നുമല്ല പ്രാർത്ഥന. നാം തനിച്ച്, ഏകാന്തതയിൽ, അവനുമായി ഹൃദയം തുറക്കുന്ന സ്നേഹസംഭാഷണമാണത്.
ദിവ്യകാരുണ്യനാഥന്റെ മുമ്പിൽ ശാന്തതയിൽ ഇരുന്ന്, അവനെ കൺതുറക്കെ കണ്ടും, മനംതുറക്കെ പങ്കുവെച്ചും, കാത് കുളിർക്കെ ശ്രവിച്ചും, അൽപസമയം ചിലവഴിക്കാൻ കഴിഞ്ഞാൽ….ജീവിതത്തിൽ ഓരോദിവസവും കൈവരുന്ന ശക്തി, ആത്മവിശ്വാസം, മറ്റൊരു മരുന്നിനോ, ലേപനത്തിനോ നൽകാനാവില്ല എന്നതാണ് സത്യം. ഈ അനുഭവങ്ങളാണ് ജീവിതപാഠം.
പ്രാർത്ഥന നമ്മിൽ അധരവ്യായാമമാകുമ്പോൾ, രണ്ട് തെറ്റുകളാണ് നമ്മിൽ സംഭവിക്കുന്നത്. ഒന്നാമതായി, നാം സ്വയം വഞ്ചിക്കുന്നു, രണ്ടാമതായി മറ്റുള്ളവർക്ക് ഉതപ്പിന് കാരണമായി മാറുന്നു. പലപ്പോഴും ജീവിതമാർഗ്ഗമായി പ്രാർത്ഥനയെ മാറ്റുമ്പോൾ, ഒന്നോർക്കുക, അവൻ അവരെ തള്ളിപ്പറയുന്ന കാലം വിദൂരമല്ല, ഫലം ചൂടാത്തതിനാൽ തീയിൽ എറിയപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ആയതിനാൽ, സ്വയം വഞ്ചിതരാകാതെ, ഉതപ്പിന് കാരണമാകാതെ, ഹൃദയത്തിൽനിന്നും അധരങ്ങളിലേക്കും, അവിടെനിന്നും പ്രവൃത്തികളിലേക്കും നമ്മുടെ പ്രാർത്ഥനകൾ ഉയരട്ടെ. പ്രാർത്ഥനപോലെതന്നെ, എപ്രകാരം വചനം ശ്രവിക്കണമെന്നും, അവൻ തുടർന്ന് പഠിപ്പിക്കുന്നു.
പ്രാർത്ഥന നമ്മുടെ വാക്കുകളാണെങ്കിൽ, വചനം പ്രാർത്ഥനയ്ക്കുള്ള അവന്റെ മറുപടിയാണ്. ആയതിനാൽ, വചനം ശ്രവിച്ചാൽ മാത്രംപോരാ, അവ ജീവിതത്തിൽ പ്രാവർത്തികമാക്കുകകൂടി ചെയ്യണം. വചനം ശ്രവിച്ച്, അതിലെ ചൈതന്യം ഉൾക്കൊണ്ട് ജീവിക്കുക. എന്നാൽ, പാറപോലെ ഉറച്ചതാകും നമ്മുടെ ജീവിതം.
അവിടെ പ്രലോഭനങ്ങളുടെ മഴയും കാറ്റും വിലപ്പോവില്ല. എന്നാൽ, പൂഴിക്ക് തനിയെ നിൽക്കാൻ കെല്പ്പില്ല, ബലഹീനതയിൽ അവ തനിയെ തകർന്നുപോകും. നാം സ്വയം വിലയിരുത്തുക, തിരുത്തുക. പ്രാർത്ഥനയും, വചനവും, പ്രവൃത്തികളുംവഴി, പരസ്പരം ബന്ധിതമായതാവട്ടെ നമ്മുടെ ജീവിതം.
നമ്മുടെ ഹൃദയവികാരങ്ങൾ പ്രാർത്ഥനകളായി ഉയരട്ടെ, തുടർന്ന്, തിരുവചനമാകുന്ന അവന്റെ മറുപടിക്കായി ജീവിതനിശ്ശബ്ദതയിൽ നമുക്ക് കാതോർക്കാം, അങ്ങനെ പ്രാർത്ഥനയിലും വചനത്തിലും കെട്ടിപ്പടുത്ത, പ്രവൃത്തികളുടെ ജീവിതം കരുപ്പിടിപ്പിക്കാം. ആധികാരികതയുടെ അധ്യാപകനീശോ കൂടെയുണ്ടാവട്ടെ…