വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരില്‍ തട്ടിപ്പുകാരുടെ സാന്നിധ്യം ഉണ്ടെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി കേരള പോലീസ്. തൃശൂരില്‍ നടന്ന ഒരു കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ കുറിപ്പ്.
പോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ.
വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുക. പഴയ സാധനങ്ങള്‍ എടുക്കാന്‍ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രണ്ടോ മൂന്നോ സ്ത്രീകള്‍ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കില്‍ ഇരുമ്പിന്റെ കഷണം വീടിനു സമീപം അല്ലെങ്കില്‍ കോമ്പൗണ്ടിനുള്ളില്‍ വെയ്ക്കുന്നു.
തുടര്‍ന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെല്‍ അമര്‍ത്തുകയും മറ്റു രണ്ടു സ്ത്രീകള്‍ വീടിന്റെ രണ്ടു വശങ്ങളിലായി മാറിനില്‍ക്കുകയും ചെയ്യുന്നു.
വാതില്‍ തുറക്കുന്ന ആളിനോട് താന്‍ ആക്രി പെറുക്കാന്‍ വന്നതാണെന്ന് പറയുകയും വീട്ടിലുള്ള പഴയ സാധനങ്ങള്‍ക്ക് നല്ല വില തരാമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
ഇതില്‍ വീഴുന്ന വീട്ടുടമ മുന്നില്‍ നില്‍ക്കുന്ന സ്ത്രീയുമായി വീടിന്റെ പിന്‍വശത്തേയ്ക്ക് അല്ലെങ്കില്‍ പഴയ വസ്തുക്കള്‍ വെച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നു. അവര്‍ ഈ സമയം വളരെ നല്ല രീതിയില്‍ വീട്ടുടമയോട് ഇടപഴകാന്‍ തുടങ്ങും.
ബാക്കി രണ്ടു സ്ത്രീകള്‍ ഈ അവസരം മുതലെടുത്ത് മുന്‍വശത്തുകൂടിയോ പിന്‍വശത്തുകൂടിയോ വീടിനകത്തു കടന്ന് വില പിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കുന്നു.
കാളിങ് ബെല്‍ അടിച്ചശേഷം വീടുകളില്‍ ആരുമില്ല എന്ന് മനസിലായാല്‍ പുറത്തു കാണുന്ന അല്ലെങ്കില്‍ കിട്ടുന്ന സാധനങ്ങള്‍ എടുത്തുകൊണ്ടുപോകാറാണ് പതിവ്.
ഇത്തരമൊരു സംഭവം കഴിഞ്ഞ ദിവസം തൃശൂര്‍ സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20 പവന്‍ സ്വര്‍ണമാണ് അവിടെ നഷ്ടമായത്.
അപരിചിതര്‍ വീട്ടിലേയ്ക്ക് കടന്നുവരുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തുക. അവശ്യ സന്ദര്‍ഭങ്ങളില്‍ 112 എന്ന നമ്പറില്‍ പോലീസിനെ വിളിക്കുക. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട…