നസ്രാണി ഫെസ്റ്റ് വന്‍ വിജയമാക്കി തീര്‍ത്ത ഏവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് നസ്രാണി ഫെസ്റ്റ് കോര്‍ കമ്മറ്റിക്കുവേണ്ടി, ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ മേഴ്സി ബെന്നി അമരിക്കാട്ട്, ഫാ. ജസ്റ്റിന്‍ മുത്താനിക്കാട്ട്, ഫാ. സാന്‍റോ അമ്പലത്തറ, ഫാ. അനൂപ് കാളിയാനിയില് എന്നിവർ ഹൃദയ സ്പർശിയായ നന്ദി കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
നമ്മുടെ വിശ്വാസത്തിന്‍റേയും സംസ്കാരത്തിന്‍റേയും പാരമ്പര്യത്തിന്‍റേയും ഒരു വലിയ സംഗമഭൂമിയായി മാറിയ നസ്രാണി ഫെസ്റ്റ് വന്‍ വിജയത്തോടെ സമാപിച്ചിരിക്കുകയാണ്. ഈ മഹാമേളയുടെ ആദ്യ ആലോചനായോഗം മുതല്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുമിച്ച് നില്‍ക്കാനും ഇതിനെ ഇത്രത്തോളം മനോഹരവും ജനപങ്കാളിത്തമുള്ളതുമാക്കി മാറ്റാനും സാധിച്ചത് ഏവരുടെയും അകമഴിഞ്ഞ സഹകരണവും കഠിനാധ്വാനവും കൊണ്ടുമാത്രമാണ്.
ഫെസ്റ്റ് അതിന്‍റെ എല്ലാവിധ പ്രൗഢിയോടും കൂടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. നാം അനുഭവിച്ചറിഞ്ഞ ഈ സാംസ്കാരിക ഉത്സവം കേവലമൊരു ആഘോഷം എന്നതിലുപരി, നമ്മുടെ വേരുകളിലേക്കും പാരമ്പര്യത്തിലേക്കും ഉള്ള ഒരു തിരിച്ചുപോക്കായിരുന്നു. ഫെസ്റ്റിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ ഇതിന്‍റെ വിജയത്തിനായി അധ്വാനിച്ച ഓരോരുത്തരും പുലര്‍ത്തിയ കൃത്യതയും സംഘാടക മികവും അച്ചടക്കവും എടുത്തുപറയേണ്ടതാണ്.
നമ്മുടെ പൈതൃകം, നമ്മുടെ അഭിമാനം
പരമ്പരാഗത കലാരൂപങ്ങളും തനത് ഭക്ഷണരീതികളും കോര്‍ത്തിണക്കി പുതുതലമുറയ്ക്ക് നമ്മുടെ സാംസ്കാരിക മഹിമ പരിചയപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു നസ്രാണി ഫെസ്റ്റ് എന്ന ആശയത്തിന് പിന്നില്‍. സമുദായ വര്‍ഷത്തിന്‍റെ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന ആശയം ഫൊറോനാ വികാരിയച്ചന്മാരുടെ യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടതോടെയാണ് നസ്രാണി ഫെസ്റ്റിന് തുടക്കം കുറിക്കുന്നത്.
അഭിവന്ദ്യ പിതാക്കന്മാരും ബഹുമാനപ്പെട്ട കൂരിയാ ടീം അംഗങ്ങളും ഈ ആശയത്തെ ഹൃദയപൂര്‍വ്വം ഏറ്റെടുത്തു. ചെറിയൊരു ചിന്തയെ ഇത്രയും വലിയൊരു സാംസ്കാരിക മാമാങ്കമാക്കി മാറ്റാന്‍ വഴികാട്ടിയായ അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവിനും അഭിവന്ദ്യ അലക്സ് താരാമംഗലം പിതാവിനും ഹൃദയം നിറഞ്ഞ നന്ദി. അവരുടെ വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ഈ വിജയത്തിന് പിന്നില്‍.
ഈ വലിയ വിജയത്തിന് പിന്നില്‍ ഓരോ രൂപതാംഗത്തിന്‍റേയും ഉറക്കമില്ലാത്ത രാത്രികളും അധ്വാനവും മികച്ച കൂട്ടായ്മയും ഉണ്ട്. ഒരു വലിയ ലക്ഷ്യത്തിനായി ഒരു മനസ്സോടെ ഒത്തുപ്രവര്‍ത്തിച്ചാല്‍ എന്തും സാധ്യമാകും എന്ന് നസ്രാണി ഫെസ്റ്റിന്‍റെ വലിയ വിജയം തെളിയിക്കുന്നു. നസ്രാണി ഫെസ്റ്റിനെ അവിസ്മരണീയമായ ഒരു അനുഭവമാക്കി മാറ്റിയതിന് സംഘാടക സമിതിയിലെ ഓരോ വ്യക്തിയേയും വോളന്‍റിയര്‍മാരെയും ഇതിനായി സാമ്പത്തികമായും മാനസികമായും സഹായിച്ച എല്ലാവരേയും നന്ദിയോടെ ഓര്‍ക്കുന്നു.
റിസംപ്ഷന്‍ കമ്മിറ്റി
നസ്രാണി ഫെസ്റ്റിന്‍റെ ഭാഗമാകാന്‍ എത്തിയ വിശിഷ്ടാതിഥികളെയും വിശ്വാസികളെയും ഒരുപോലെ സ്നേഹത്തോടെയും ആദരവോടെയും സ്വീകരിക്കുന്നതില്‍ റിസപ്ഷന്‍ കമ്മിറ്റി കാണിച്ച ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ഏറെ പ്രശംസനീയമാണ്. അതിഥികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും കൃത്യതയോടെ ഒരുക്കുന്നതില്‍ കമ്മിറ്റി പൂര്‍ണ്ണമായും വിജയിച്ചു.
ബഹുമാനപ്പെട്ട ഫാ. ബിനു വടക്കേലിന്‍റെ നേതൃത്വത്തില്‍ സിസ്റ്റേഴ്സും മാതൃവേദി അംഗങ്ങളും ചേര്‍ന്ന് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളും ഊഷ്മളമായ പെരുമാറ്റവും ഏവരുടെയും ഹൃദയം കീഴടക്കി. ഫെസ്റ്റിന്‍റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച കമ്മിറ്റിയിലെ ഓരോ അംഗത്തെയും നിറഞ്ഞ സ്നേഹത്തോടെയും നന്ദിയോടെയും ഓര്‍ക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഹൃദയം നിറഞ്ഞ നന്ദി… പ്രിയ ദ്വാരക ഇടവക സമൂഹത്തിന്,
നസ്രാണി ഫെസ്റ്റ് ദ്വാരകയില്‍ നടക്കുന്നത് കൊണ്ട് തന്നെ തങ്ങളുടെ കുടുംബത്തിലെ ഒരാഘോഷം എന്നതു പോലെയാണ് ദ്വാരക ഇടവക കുടുംബം ഒന്നാകെ ഈ ഉത്സവം ഏറ്റെടുത്തത്. ഇടവക വികാരി ബഹുമാനപ്പെട്ട ഫാ.ജോണി മലയിലിന്‍റെ നേതൃത്വത്തിലുളള ഇടവകാംഗങ്ങള്‍ എല്ലാവരുടേയും സജീവമായ പങ്കാളിത്തവും ഒത്തൊരുമയും സ്നേഹപൂര്‍വ്വമായ സഹകരണവും പരിപാടിയെ വര്‍ണ്ണാഭവും അവിസ്മരണീയവുമാക്കി.
പരിപാടിയുടെ വിജയത്തിനായി പ്രയത്നിച്ച ജോണി അച്ചന്‍, കൈക്കാരന്മാര്‍, വിവിധ ഭക്തസംഘടനകള്‍, യുവജനങ്ങള്‍, മാതാപിതാക്കള്‍, കുഞ്ഞുമക്കള്‍ തുടങ്ങി ഓരോരുത്തരോടുമുള്ള സ്നേഹവും കടപ്പാടും അറിയിക്കുന്നു. നമ്മുടെ ഇടവകയുടെ കൂട്ടായ്മയും സ്നേഹവും ഇനിയും കൂടുതല്‍ ശക്തമായി മുന്നോട്ട് പോകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
സ്നേഹപൂര്‍വ്വം, പുതിയിടംകുന്ന് ഇടവക കുടുംബത്തിന്
നസ്രാണി ഫെസ്റ്റിന്‍റെ വിജയത്തിന് പിന്നില്‍ അക്ഷീണം പ്രവര്‍ത്തിച്ച പുതിയിടംകുന്ന് ഇടവകയിലെ പ്രിയപ്പെട്ട വോളന്‍റീയേഴ്സിനെ സ്നേഹത്തോടെയും അഭിമാനത്തോടെയും ഓര്‍ക്കുന്നു. അവധി ദിവസത്തിന്‍റെ ആലസ്യങ്ങളെല്ലാം മാറ്റിവെച്ച്, പരിപാടികള്‍ തുടങ്ങും മുമ്പ് മുതല്‍ ഒടുക്കം വരെ അവര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഗ്രീന്‍ റൂമുകള്‍ മനോഹരമായി ക്രമീകരിക്കുന്നതിലും ഘോഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവയെല്ലാം പഴയപടി വൃത്തിയാക്കി നല്‍കുന്നതിലും ഈ ടീം കാണിച്ച ആത്മാര്‍ത്ഥത എടുത്തുപറയേണ്ടതാണ്. നിങ്ങളുടെ ഈ സേവനമനസ്സിന് ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി. ഈ സ്നേഹക്കൂട്ടായ്മ കൂടുതല്‍ കരുത്തോടെ ഇനിയും മുന്നോട്ട് പോകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഫൊറോന ഇന്‍ ചാര്‍ജ് കമ്മിറ്റി
നസ്രാണി ഫെസ്റ്റിന്‍റെ ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ധന്യനിമിഷങ്ങളായിരുന്നു വേദിയില്‍ വിരിഞ്ഞ കലാസന്ധ്യകള്‍. 12 ഫൊറോനകളില്‍ നിന്നും ഒരു റീജിയണില്‍ നിന്നുമായി 600-ഓളം കലാകാരന്മാരെ ഒരേ വേദിയില്‍ അണിനിരത്തി, ഈ മഹാമേളയെ അവിസ്മരണീയമാക്കിയ നിങ്ങള്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു. വലിയൊരു ജനസമൂഹത്തെ ഒരേ മനസ്സോടെ കോര്‍ത്തിണക്കുക എന്ന വെല്ലുവിളിയെ തികഞ്ഞ പക്വതയോടെ നമ്മള്‍ സമീപിച്ചു. തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങളെയും സ്നേഹപൂര്‍വ്വം സ്മരിക്കുന്നു.
ഓരോ കലാരൂപത്തിനും അനുയോജ്യരായ പ്രതിഭകളെ കണ്ടെത്തുന്നത് മുതല്‍ മാസങ്ങള്‍ നീണ്ട ചിട്ടയായ പരിശീലനങ്ങള്‍ക്ക് വരെ ചുക്കാന്‍ പിടിച്ചത് ബഹുമാനപ്പെട്ട വൈദികരുടെ നേതൃത്വത്തിലുള്ള വലിയൊരു നിരയാണ്. ഫാ.സിജോ ഇടക്കുടിയില്‍, ഫാ.തോമസ് പ്ലാശനാല്‍, ഫാ.ജിമ്മി ഓലിക്കല്‍, ഫാ.ടോണി ഏലംകുന്നേല്‍, ഫാ.മനോജ് കാക്കോനാല്‍, ഫാ.ജിജോ വാതേലില്‍, ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍, ഫാ.ഷിന്‍റോ പുലിക്കുഴിയില്‍, ഫാ.സജി ഇളയിടം, ഫാ.പോള്‍ എടയകൊണ്ടാട്ട്, ഫാ.ബിജു പൊന്‍പാറ, ഫാ.സജി പുതുകുളങ്ങര. ഈ വലിയ ഉത്തരവാദിത്വം സധൈര്യം ഏറ്റെടുത്ത് വിജയിപ്പിച്ച ഈ അച്ചന്മാര്‍ക്ക് പ്രത്യേകം കൃതജ്ഞത അര്‍പ്പിക്കുന്നു.
ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവകകളെയും കൂട്ടായ്മകളെയും കൃത്യമായി ഏകോപിപ്പിക്കാനും മികച്ച കലാസംഘങ്ങളായി ഓരോ ടീമിനെയും വേദിയിലെത്തിക്കാനും ബഹുമാനപ്പെട്ട അച്ചന്മാരും മറ്റ് ഭാരവാഹികളും നടത്തിയ ആസൂത്രണം പ്രശംസനീയമാണ്. അവതരിപ്പിക്കപ്പെട്ട ഓരോ പരിപാടിയും കുറ്റമറ്റതും മികവുറ്റതുമായിരുന്നു.
നസ്രാണി പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന തനിമയാര്‍ന്ന കലാരൂപങ്ങള്‍ മുതല്‍ പുതുതലമുറയെ ആകര്‍ഷിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ വരെ വേദിയില്‍ അരങ്ങേറി. ഫൊറോനയിലെ മുഴുവന്‍ വിശ്വാസികളെയും ഈ മഹോത്സവത്തിന്‍റെ ഭാഗമാക്കാന്‍ സാധിച്ചത് നിങ്ങളുടെ നിരന്തരമായ സമ്പര്‍ക്കവും അക്ഷീണ പ്രയത്നവും കൊണ്ടുമാത്രമാണ്.
സമയപരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വ്യക്തിപരമായ തിരക്കുകള്‍ മാറ്റിവെച്ച് ഓരോ കമ്മിറ്റി അംഗങ്ങളും കാണിച്ച സമര്‍പ്പണ മനോഭാവവും ആത്മാര്‍ത്ഥതയുമാണ് ഫെസ്റ്റിന്‍റെ വിജയത്തിന് അടിത്തറയിട്ടത്. ഒപ്പം, തങ്ങളുടെ സാന്നിധ്യം കൊണ്ടും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കൊണ്ടും വേദിയെ ധന്യമാക്കിയ എല്ലാ കലാകാരന്മാര്‍ക്കും, അവരെ അണിയിച്ചൊരുക്കിയ പരിശീലകര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.
ഭക്ഷണ കമ്മിറ്റി
തനത് നസ്രാണി രുചിക്കൂട്ടുകള്‍ അടുത്തറിയാനും ആസ്വദിക്കാനുമുള്ള ഒരു അസുലഭ അവസരം കൂടിയായിരുന്നു നസ്രാണി ഫെസ്റ്റ്. ഈ കൂട്ടായ്മയുടെ വിജയത്തിന് പിന്നില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ച ഭക്ഷണ കമ്മിറ്റിയിലെ ഓരോ അംഗത്തിനും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. ‘ നല്ല ഭക്ഷണമാണ് ഏതൊരു ആഘോഷത്തിന്‍റെയും ജീവന്‍’ എന്ന വാചകം അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ഫാ. ബിജു മാവറ, ഫാ. റോബിന്‍ പടിഞ്ഞാറ ശ്രീ സെബാസ്‌റ്റ്യൻ പാലംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം തുടക്കം മുതല്‍ പ്രവര്‍ത്തിച്ചത്. പരമ്പരാഗത നസ്രാണി വിഭവങ്ങളുടെ തനത് രുചിയും ഗുണമേന്മയും ഒട്ടും ചോര്‍ന്നുപോകാതെ ഭക്ഷണമൊരുക്കാന്‍ നമ്മുക്ക് കഴിഞ്ഞു.
പ്രതീക്ഷിച്ചതിലുമപ്പുറം ജനങ്ങള്‍ ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയതിനാല്‍ ഭക്ഷണം എല്ലാവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യം പൂര്‍ണമാക്കാന്‍ നമുക്ക് സാധിച്ചില്ല. എങ്കിലും പ്രീ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തിയിട്ടും ഭക്ഷണം ലഭിക്കാതെ പോയവര്‍ക്ക് ആ തുക റീഫണ്ട് ചെയ്തു നല്‍കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
കമ്മിറ്റി അംഗങ്ങളുടെ കഠിനാധ്വാനവും ഒത്തൊരുമയും നസ്രാണി ഫെസ്റ്റിന്‍റെ ‘രുചിപ്പുര’ ജനപ്രിയമാക്കുന്നതില്‍ വളരെയേറെ പങ്കുവഹിച്ചിട്ടുണ്ട്. ഭക്ഷണ കമ്മിറ്റിയുടെ കണ്‍വീനര്‍ക്കും വളന്‍റിയര്‍മാര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ക്കൂടി ആദരവും നന്ദിയും രേഖപ്പെടുത്തുന്നു.
ലോ & ഓര്‍ഡര്‍ കമ്മിറ്റി
ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത ഈ മഹാമേള ഒരു ചെറിയ അനിഷ്ട സംഭവം പോലും കൂടാതെ, തികച്ചും സമാധാനപരമായും സുരക്ഷിതമായും പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ക്രമസമാധാന കമ്മിറ്റിയുടെ മികച്ച ആസൂത്രണം കൊണ്ടാണ്. ഫെസ്റ്റിന്‍റെ സുഗമമായ നടത്തിപ്പിന് ഫാ.ജെയിംസ് പുത്തന്‍പറമ്പിലിന്‍റേയും ഫാ.ബിജു തൊണ്ടിപ്പറമ്പിലിന്‍റേയും നേതൃത്വത്തിലുളള അംഗങ്ങള്‍ വഹിച്ച പങ്ക് വാക്കുകള്‍ക്ക് അതീതമാണ്.
പരിപാടിയുടെ സുരക്ഷിതമായ നടത്തിപ്പിനാവശ്യമായ നിയമപരമായ അനുമതികള്‍ സമയബന്ധിതമായി നേടിയെടുക്കുകയും അധികാരികളുമായി കൃത്യമായി ഏകോപനം നടത്താനായതും ഫെസ്റ്റിന്‍റെ വിജയത്തിന് പ്രധാന പങ്കു വഹിച്ചു. അതിഥികളെ സ്വീകരിക്കുന്നതിലും ജനത്തിരക്ക് നിയന്ത്രിക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും വോളന്‍റിയര്‍മാര്‍ ഉള്‍പ്പെടെയുള്ള സമിതി അംഗങ്ങള്‍ പുലര്‍ത്തിയ ക്ഷമയും സൗമ്യതയും ഫെസ്റ്റിന്‍റെ മാറ്റുകൂട്ടി. പരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും മികച്ച അനുഭവമാണ് ഓരോ കമ്മിറ്റി അംഗവും ചേര്‍ന്ന് സമ്മാനിച്ചത്.
സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ അങ്കണത്തിലേക്ക് ഒഴുകിയെത്തിയ ജനത്തിരക്ക് ഒട്ടും പ്രകോപനമില്ലാതെ, അതീവ സംയമനത്തോടെ നിയന്ത്രിക്കാന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് സാധിച്ചു. വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടിട്ടും ഗതാഗതക്കുരുക്ക് ഒഴിവാക്കിക്കൊണ്ട് പാര്‍ക്കിംഗ് കൈകാര്യം ചെയ്ത രീതി പ്രശംസനീയമാണ്.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ സുരക്ഷിതമായ ഒരു അന്തരീക്ഷം മേളയിലുടനീളം ഉറപ്പാക്കാന്‍ നിങ്ങളുടെ നിരന്തരമായ നിരീക്ഷണം സഹായിച്ചു. ഫെസ്റ്റിന്‍റെ തുടക്കം മുതല്‍ സമാപനം വരെ സ്വന്തം വ്യക്തിപരമായ സൗകര്യങ്ങള്‍ മാറ്റിവെച്ച്, കര്‍ത്തവ്യബോധത്തോടെ നിങ്ങള്‍ കാവല്‍ നിന്നു. അതിഥികള്‍, കലാകാരന്മാര്‍, പൊതുജനങ്ങള്‍ തുടങ്ങി മേളക്കെത്തിയ ഏവരും ഒരുപോലെ എടുത്തുപറഞ്ഞത് ഇവിടുത്തെ മികച്ച ക്രമസമാധാന പാലനത്തെക്കുറിച്ചാണ്. ഈ വലിയ വിജയത്തിന്‍റെ ക്രഡിറ്റ് നിങ്ങളോരോരുത്തര്‍ക്കും കൂടിയുളളതാണ്.
പ്രോഗ്രാം കമ്മിറ്റി
നസ്രാണി ഫെസ്റ്റ് എന്ന ഒരു വലിയ സാംസ്കാരിക കൂട്ടായ്മയെ അതിന്‍റെ എല്ലാ ഭംഗിയോടും ആവേശത്തോടും കൂടി ജനങ്ങളിലെത്തിക്കാന്‍ പരിശ്രമിച്ച പ്രോഗ്രാം കമ്മിറ്റിയുടെ സേവനം സമാനതകളില്ലാത്തതാണ്. ഫെസ്റ്റിന്‍റെ വിജയത്തിന് പിന്നില്‍ ഫാ.സജി കോട്ടായിലിന്‍റേയും ഫാ.സന്തോഷ് ഒറവാറംതറയുടെയും നേതൃത്വത്തിലുളള കമ്മിറ്റി കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ഫെസ്റ്റിലെ പരിപാടികള്‍ സമയക്രമം തെറ്റാതെ ഭംഗിയായി മുന്‍കൂട്ടി നിശ്ചയിക്കാനും അത് നടപ്പിലാക്കാനും കമ്മിറ്റിക്ക് കഴിഞ്ഞു. സ്റ്റേജിലെ ഓരോ ചെറിയ കാര്യങ്ങള്‍ വരെ യാതൊരുവിധ തടസ്സങ്ങളുമില്ലാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞത് മികച്ച ടീം വര്‍ക്കിന്‍റെ തെളിവാണ്.
വലിയൊരു ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി, നിശ്ചയിച്ച സമയത്തിനുള്ളില്‍ എല്ലാ പരിപാടികളും സുഗമമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ഫെസ്റ്റിന്‍റെ അന്തസ്സ് ഉയര്‍ത്തി. ഓരോ ടീം അംഗങ്ങളുടേയും കഠിനാധ്വാനവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ഈ ഫെസ്റ്റിനോടുള്ള ആത്മാര്‍ത്ഥതയുമാണ് ഇതിനെ ജനമനസ്സുകളില്‍ ഇടംനേടിയ ഒരു വന്‍ വിജയമാക്കി മാറ്റിയത്.
വ്യക്തിപരമായ തിരക്കുകള്‍ മാറ്റിവെച്ച്, വിശ്രമമില്ലാതെ ഓടിനടന്ന് ഈ ഉദ്യമം വിജയത്തിലെത്തിച്ച പ്രോഗ്രാം കമ്മിറ്റിയുടെ കണ്‍വീനര്‍ക്കും മറ്റ് എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ഒരിക്കല്‍ കൂടി ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഫിനാന്‍സ് കമ്മിറ്റി
ഏതൊരു പരിപാടിയുടേയും ഏറ്റവും വലിയ വെല്ലുവിളിയും ഉത്തരവാദിത്വവും അതിന്‍റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നതാണ്. നസ്രാണി ഫെസ്റ്റ് പോലുളള വലിയൊരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ പ്രത്യേകിച്ചും. ബഡ്ജറ്റ് ആസൂത്രണം ചെയ്തതു മുതല്‍ ഫണ്ടിന്‍റെ സമാഹരണം, കൃത്യമായ വിനിയോഗം, ചിലവുകളുടെ കൃത്യത ഉറപ്പാക്കല്‍ എന്നിവ വരെ അങ്ങേയറ്റം പ്രശംസനീയമായ രീതിയിലാണ് ഫാ.തോമസ് മണക്കുന്നേല്‍, ഫാ.സിജോ ഇളംകുന്നപ്പുഴ, ഫാ.ജോര്‍ജ് ആലുക്ക എന്നിവരുടെ നേതൃത്വത്തിലുളള ടീം നിര്‍വഹിച്ചത്.
പരിപാടിയ്ക്കുളള തുക കണ്ടെത്തുന്നതിന് സ്പോണ്‍സര്‍മാര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെ ബന്ധപ്പെടുകയും ഫണ്ട് ഉറപ്പാക്കുകയും ചെയ്തത് ഫെസ്റ്റിന്‍റെ സുഗമമായ നടത്തിപ്പിന് ഗുണകരമായി. പരിപാടിയുടെ തുടക്കം മുതല്‍ ഓരോ കമ്മിറ്റിയുടെയും ആവശ്യങ്ങള്‍ മനസ്സിലാക്കി, സന്തുലിതമായ ഒരു ബഡ്ജറ്റ് തയ്യാറാക്കാന്‍ ടീമിന് സാധിച്ചു. വരവുചിലവ് കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുകയും പണമിടപാടുകളില്‍ ഉയര്‍ന്ന സുതാര്യത പുലര്‍ത്തുകയും ചെയ്തത് പരിപാടിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു. പ്രതീക്ഷിക്കാത്ത ചിലവുകള്‍ വന്നപ്പോള്‍ പോലും പതറാതെ, സാമ്പത്തിക അച്ചടക്കം പാലിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ നിങ്ങളുടെ അനുഭവസമ്പത്ത് സഹായിച്ചു.
കണക്കുകളുടെ കൃത്യത മാത്രമല്ല, പരിപാടിയുടെ വിജയത്തിനായി ടീം അംഗങ്ങള്‍ കാണിച്ച കൂട്ടായ്മയും പ്രതിബദ്ധതയുമാണ് ഫെസ്റ്റിനെ ഇത്ര വലിയ വിജയത്തിലേക്ക് എത്തിച്ചത്. ഉത്തരവാദിത്തബോധമുള്ള ഒരു ടീം കൂടെയുണ്ടായിരുന്നതാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ കരുത്ത്. ഫിനാന്‍സ് കമ്മിറ്റിയുടെ കണ്‍വീനര്‍ക്കും മറ്റ് എല്ലാ സജീവ അംഗങ്ങള്‍ക്കും നസ്രാണി ഫെസ്റ്റ് കമ്മറ്റിയുടെയും പൊതുജനങ്ങളുടെയും പേരില്‍ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.
സ്റ്റേജ് ആന്‍റ് വെന്യൂ കമ്മിറ്റി
ഒരു വലിയ ആഘോഷത്തിന്‍റെ മുഖം അതിന്‍റെ വേദിയാണ്. ഫെസ്റ്റിവലിലേക്ക് കടന്നുവന്ന ആയിരക്കണക്കിന് ആളുകളെ ആദ്യം ആകര്‍ഷിച്ചതും, പരിപാടിയുടനീളം അവര്‍ക്ക് മനോഹരമായ ഒരു അനുഭവം സമ്മാനിച്ചതും ഫാ.സോണി വാഴകാട്ടിന്‍റെ നേതൃത്വത്തിലുളള ടീം അംഗങ്ങള്‍ ഒരുക്കിയ അതിഗംഭീരമായ വേദിയും പന്തലുമായിരുന്നു. കൃത്യമായ ആസൂത്രണം ആവശ്യമായ ഒരു ചുമതലയായിരുന്നു സ്റ്റേജ് ആന്‍റ് വെന്യൂ കമ്മിറ്റിയുടേത്. വിശുദ്ധരുടേയും പരമ്പരാഗത നസ്രാണി കലാരൂപങ്ങളുടേയും കട്ടൗട്ടുകള്‍ നിറഞ്ഞ ഉത്സവ നഗരി സന്ദര്‍ശകര്‍ക്ക് വേറിട്ട കാഴ്ചാനുഭവമായി.
നമ്മുടെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന രീതിയില്‍, ഒട്ടും പ്രൗഢി ചോര്‍ന്നുപോകാതെ സ്റ്റേജ് ഡിസൈന്‍ ചെയ്തത് ഫെസ്റ്റിന്‍റെ ഹൈലൈറ്റ് തന്നെയായിരുന്നു. ഫെസ്റ്റ് നഗരിയുടെ ഓരോ കോണിലും നിങ്ങളുടെ കഠിനാധ്വാനവും കലാവിരുതും പ്രകടമായിരുന്നു. പന്തല്‍ നിര്‍മ്മാണം, സ്റ്റേജ് ഡെക്കറേഷന്‍, ശബ്ദത്തിന്‍റേയും വെളിച്ചത്തിന്‍റേയും ക്രമീകരണങ്ങള്‍, കാണികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍, വിവിഐപി ലോഞ്ച് എന്നിവയെല്ലാം വളരെ കൃത്യതയോടും ഭംഗിയോടും കൂടിയാണ് ടീം മാനേജ് ചെയ്തത്.
ജിന്‍സണ്‍ കണിയാരത്തിന്‍റെ നേതൃത്വത്തിലുളള സെന്‍റ് ജോസഫ്സ് ഡെക്കറേഷന്‍ ടീം ഒരുക്കിയ അലങ്കാരങ്ങള്‍ ഈ മഹാസംഗമ ഭൂമിയെ അണിയിച്ചൊരുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. പരിപാടികള്‍ നിശ്ചയിച്ച സമയത്ത് തന്നെ ആരംഭിക്കാന്‍ തക്കവണ്ണം വേദിയും അനുബന്ധ സൗകര്യങ്ങളും മുന്‍കൂട്ടി സജ്ജമാക്കാന്‍ സാധിച്ചുവെന്നത് അഭിനന്ദനാര്‍ഹമാണ്.
ഫെസ്റ്റിന്‍റെ മോടി കൂട്ടും വിധം ലൈറ്റ് ആന്‍റ് സൗണ്ട് ഒരുക്കിയത് കൃപ ലൈറ്റ് ആന്‍റ് സൗണ്ട് കീഴ്പ്പളളിയാണ്. കൃപ ടീമിന് പ്രത്യേകം നന്ദിയറിക്കുന്നു. അതോടൊപ്പം എല്‍.ഇ.ഡി. വോള്‍ ഒരുക്കിയ ഗ്രാന്‍റ് മീഡിയ ബത്തേരി ടീമിനും ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുന്നു. ഓരോ പരിപാടിയ്ക്കും അനുയോജ്യമാകും വിധത്തിലുളള ശബ്ദവും വെളിച്ചവും ക്രമീകരിച്ചത് ഫാ.മനോജ് കാക്കോനാലിന്‍റെ നേതൃത്വത്തിലാണ്. മനോജ് അച്ചനും ടീമിനും അഭിനന്ദനങ്ങള്‍.
നസ്രാണി ഫെസ്റ്റിന്‍റെ തീമിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്ന രീതിയിലുള്ള അലങ്കാരങ്ങളും പ്രവേശന കവാടവും ഫെസ്റ്റിന് ഒരു പ്രത്യേക അന്തരീക്ഷം നല്‍കി.
ഫെസ്റ്റിനെത്തിയ എല്ലാവരുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റാന്‍ ഈ അലങ്കാരങ്ങള്‍ക്ക് സാധിച്ചു. രാപകലില്ലാതെ, സ്വന്തം വ്യക്തിപരമായ ആവശ്യങ്ങള്‍ പോലും മാറ്റിവെച്ച് ഫെസ്റ്റിന്‍റെ വിജയത്തിനായി പ്രയത്നിച്ച സ്റ്റേജ് ആന്‍റ് വെന്യൂ കമ്മിറ്റിയുടെ കണ്‍വീനര്‍ക്കും എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും എല്ലാ വോളന്‍റിയര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ കൃതജ്ഞത അറിയിക്കുന്നു. നിങ്ങളുടെ ഈ കൂട്ടായ്മയും പ്രയത്നവുമില്ലായിരുന്നുവെങ്കില്‍ നസ്രാണി ഫെസ്റ്റ് ഇത്രത്തോളം ജനശ്രദ്ധ നേടുമായിരുന്നില്ല. ഇനിയുളള നമ്മുടെ കൂട്ടായ്മകളിലും ഇതേ ഒത്തൊരുമയോടെയും ആവേശത്തോടെയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
മീഡിയ ആന്‍റ് പബ്ലിസിറ്റി കമ്മിറ്റി
ഒരു ഉത്സവത്തിന്‍റെ വിജയം അത് ജനങ്ങളിലേക്ക് എത്രത്തോളം എത്തി എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ആ അര്‍ത്ഥത്തില്‍, ഈ ഫെസ്റ്റിനെ ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നതില്‍ മീഡിയ ആന്‍റ് പബ്ലിസിറ്റി കമ്മിറ്റി വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. പ്രിയപ്പെട്ട മീഡിയ ടീം അംഗങ്ങളേ, നസ്രാണി ഫെസ്റ്റ് ജനഹൃദയങ്ങള്‍ കീഴടക്കിയപ്പോള്‍ അതിന് ദൃശ്യ-ശ്രാവ്യ ഭംഗി നല്‍കിയ മീഡിയ ടീമിന് അഭിനന്ദനങ്ങള്‍. ക്രിയേറ്റിവിറ്റിയും പ്രൊഫഷണലിസവും ഉന്നത നിലവാരം പുലര്‍ത്തി.
മുന്നൊരുക്കങ്ങള്‍ മുതല്‍ സമാപനം വരെ നസ്രാണി ഫെസ്റ്റ് ലൈവാക്കി നിര്‍ത്തുന്നതില്‍ ടീം അംഗങ്ങള്‍ക്ക് തുല്യപങ്കാളിത്തമുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ജനങ്ങളിലേക്ക് ഫെസ്റ്റിന്‍റെ സന്ദേശവും ആകര്‍ഷണങ്ങളും കൃത്യമായി എത്തിക്കാന്‍ കഴിഞ്ഞു. മനോഹരമായ ഫോട്ടോകള്‍, റീലുകള്‍, ഡിസൈനുകള്‍ എന്നിവയെല്ലാം കൃത്യമായി ജനങ്ങളിലേയ്ക്ക് എത്തിച്ച് ദൃശ്യ-ശ്രാവ്യ ലോകത്ത് എന്നതു പോലെ ഡിജിറ്റല്‍ ലോകത്തും വലിയൊരു സാന്നിധ്യമായി മാറാന്‍ ടീമിന് സാധിച്ചു.
പകലും രാവുമില്ലാതെ, സമയപരിമിതികളെപ്പോലും കാറ്റില്‍പ്പറത്തി, പൂര്‍ണ്ണമായ ഉത്തരവാദിത്ത ബോധത്തോടെയും കൂട്ടായ്മയോടെയും പ്രവര്‍ത്തിച്ചതിന് ബിഗ് സല്യൂട്ട്. പബ്ലിസിറ്റി വിംഗിന്‍റെ കൃത്യമായ ഇടപെടലുകള്‍ ഫെസ്റ്റിലേക്ക് ജനസാഗരത്തെ ആകര്‍ഷിക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചു. ഈ വലിയ കൂട്ടായ്മയുടെ ഭാഗമായി നിന്നുകൊണ്ട്, നസ്രാണി ഫെസ്റ്റ് ഒരു വന്‍ വിജയമാക്കി മാറ്റാന്‍ സഹായിച്ച മീഡിയ ആന്‍റ് പബ്ലിസിറ്റി കമ്മിറ്റിയുടെ കണ്‍വീനര്‍ക്കും കോര്‍ഡിനേറ്റര്‍മാര്‍ക്കും മറ്റ് എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും സ്നേഹവും നന്ദിയും അറിയിക്കുന്നു.
മാസ്റ്റര്‍ ഓഫ് സെറിമണി കമ്മിറ്റി
ഒരു വലിയ ആഘോഷത്തിന്‍റെ ആത്മാവ് എന്നത് അതിന്‍റെ വേദി നിയന്ത്രിക്കുന്നവരുടെ കൈകളിലാണ്. തുടക്കം മുതല്‍ ഒടുക്കം വരെ, ഓരോ പരിപാടിയും അതിന്‍റെ എല്ലാ ഭംഗിയോടും പ്രൗഢിയോടും കൂടി ജനമനസ്സുകളിലേക്ക് എത്തിക്കാന്‍ ഫാ.റോയ് വട്ടക്കാട്ടും സുനിഷ വി.എഫും പരിശീലിപ്പിച്ച നമ്മുടെ അവതാരകര്‍ക്ക് സാധിച്ചു. സമയനിഷ്ഠ പാലിച്ചുകൊണ്ടും കാണികളെ ഫെസ്റ്റിന്‍റെ ഓരോ തുടിപ്പിലേയ്ക്കും ആകര്‍ഷിച്ചു നിര്‍ത്തിക്കൊണ്ടും നടത്തിയ അവതരണം ഫെസ്റ്റിന് മോടി കൂട്ടി.
ഒന്നിനു പുറകെ ഒന്നായി വന്ന പരിപാടികള്‍ ഒരു തരത്തിലുള്ള ആശയക്കുഴപ്പവുമില്ലാതെ കൃത്യമായ ടൈമിംഗോടെ കോര്‍ഡിനേറ്റ് ചെയ്യാന്‍ ഏവര്‍ക്കും സാധിച്ചു. പ്രായഭേദമന്യേ ഏവര്‍ക്കും ആസ്വദിക്കാന്‍ തക്കവണ്ണം ഹൃദ്യമായ ഭാഷാശൈലിയിലൂടെ സദസ്സിനെ സജീവമായി നിലനിര്‍ത്താന്‍ സാധിച്ചുവെന്നത് പ്രത്യേകം എടുത്തു പറയുന്നു. ഫെസ്റ്റിന്‍റെ ആദ്യാവസാനം നമ്മുടെ പാരമ്പര്യവും സംസ്കാരവും പ്രതിഫലിക്കുന്ന രീതിയിലുള്ള അവതരണ ശൈലി ഏറെ പ്രശംസനീയമാണ്.
ഒരു വലിയ ജനക്കൂട്ടത്തിന് മുന്നില്‍ മണിക്കൂറുകളോളം ഊര്‍ജ്ജസ്വലതയോടെ നിന്ന് വേദി നിയന്ത്രിക്കുക എന്നത് കഠിനമായ ദൗത്യമാണ്. പ്രൊഫഷണലിസത്തോടൊപ്പം ആത്മാര്‍ത്ഥതയോടും കൂടി ആ ദൗത്യം ഭംഗിയാക്കിയ ഓരോ അവതാരകരും പരിശീലകരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. നിങ്ങളുടെ ഈ കൂട്ടായ പരിശ്രമവും സമര്‍പ്പണവും നസ്രാണി ഫെസ്റ്റിനെ അത്രമേല്‍ മനോഹരമാക്കി. നസ്രാണി ഫെസ്റ്റിന്‍റെ ശബ്ദവും പ്രൗഡിയുമായി മാറിയ പ്രിയ അവതാരകര്‍ക്കും പരിശീലകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
വോളന്‍റിയേഴ്സ്
നസ്രാണി ഫെസ്റ്റിന്‍റെ വന്‍ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച പ്രിയപ്പെട്ടവരേ, നിങ്ങളുടെ സമയത്തിനും സമര്‍പ്പണത്തിനും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ ചുറുചുറുക്കും വിട്ടുവീഴ്ചയില്ലാത്ത സേവനവും നസ്രാണി ഫെസ്റ്റിന്‍റെ വിജയത്തിന് വലിയ പങ്കു വഹിച്ചിട്ടുണ്ട്. രാപ്പകലില്ലാതെ, സ്വന്തം സമയവും ഊര്‍ജ്ജവും മാറ്റിവെച്ച് ഫെസ്റ്റിന്‍റെ വിജയത്തിനായി നിങ്ങള്‍ ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. എത്രയേറെ തിരക്കുകള്‍ക്കിടയിലും പുഞ്ചിരിയോടെയും ക്ഷമയോടെയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത ഓരോ വോളന്‍റിയറും ഈ വിജയത്തിന്‍റെ മുഖ്യ ശില്പികളാണ്.
പശ്ചാത്തല ഒരുക്കങ്ങള്‍ മുതല്‍ സമാപനം വരെ ഓരോ ഘട്ടത്തിലും നിങ്ങള്‍ കാട്ടിയ ഒത്തൊരുമയും ആവേശവും ശരിക്കും പ്രശംസനീയമാണ്. നിങ്ങളുടെ ഈ കൂട്ടായ്മയും പിന്തുണയും തുടര്‍ന്നുളള നമ്മുടെ പ്രവര്‍ത്തനങ്ങളിലും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
മെഡിക്കൽ
സെൻ്റ് ജോസഫ് ഹോസ്പിറ്റൽ നമ്മുടെ ആരോഗ്യപരിപാലന രംഗത്ത് ചെയ്യുന്ന സേവനങ്ങൾ വളരെ വലുതാണ്. ഈ നസ്രാണി ഫെസ്‌റ്റിൽ പതിനായിരത്തിലധികം ആളുകൾ ഒഴുകിയെത്തിയപ്പോൾ അടിയന്തര ശുശ്രൂഷകൾക്കായി ഐ സി യു ആംബുലൻസിൻ്റേയും ഡോക്ടേഴ്‌സിൻ്റെയും നേഴ്സുമാരുടെയും സേവനം ലഭ്യമാക്കി. ഇതിനു നേതൃത്വം നൽകിയ ബഹു. മനോജ് കവലക്കാടൻ അച്ചനും ടീം അംഗങ്ങൾക്കും ഹൃദ്യമായ നന്ദി.
പിന്തുണച്ചവര്‍ക്ക് …. പ്രോത്സാഹിപ്പിച്ചവര്‍ക്ക് …. സ്നേഹം നിറഞ്ഞ നന്ദി
നമ്മുടെ സമുദായത്തിന്‍റെ പൈതൃകവും ഐക്യവും വിളിച്ചോതിക്കൊണ്ട് ഒത്തൊരുമയുടെ വലിയൊരു സാക്ഷ്യമായി മാറിയ നസ്രാണി ഫെസ്റ്റ് വന്‍ വിജയമാക്കി തീര്‍ത്തതില്‍ ബഹുമാനപ്പെട്ട വൈദികരുടെയും സമര്‍പ്പിതരുടെയും അകമഴിഞ്ഞ പിന്തുണയും പ്രാര്‍ത്ഥനയും നേതൃത്വവും എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ച് വിവിധ സന്യാസ സഭകളുടെ പ്രൊവിന്‍ഷ്യല്‍സ്, മദര്‍ ജനറല്‍ എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു.
ഈ കൂട്ടായ്മയുടെ ഓരോ ഘട്ടത്തിലും ആത്മീയമായ വഴിനടത്തിപ്പും പ്രോത്സാഹനവും നല്‍കിയ, ഞങ്ങളെ കൈപിടിച്ചുയര്‍ത്തിയ എല്ലാ ആദരണീയരായ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
സമുദായത്തോടുള്ള നിങ്ങളുടെ കരുതലും അര്‍പ്പണബോധവുമാണ് ഈ ഉത്സവത്തെ ഇത്രത്തോളം മനോഹരമാക്കിയത്. നിങ്ങളുടെ വിലയേറിയ സാന്നിധ്യവും സേവനങ്ങളും ഫെസ്റ്റിന് പകര്‍ന്ന പ്രൗഢി ചെറുതല്ല. തുടര്‍ന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും പ്രതിസന്ധികളില്‍ വഴികാട്ടിയായി ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.
നസ്രാണി ഫെസ്റ്റിനായി ഒരു വേദിയെക്കുറിച്ച് ചിന്തിച്ച നിമിഷം തന്നെ, യാതൊരു മടിയും കൂടാതെ ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍ അങ്കണം ഞങ്ങള്‍ക്കായി തുറന്നുതന്ന നോര്‍ബട്ടൈന്‍ സന്യാസ സമൂഹത്തെ അങ്ങേയറ്റം നന്ദിയോടെ ഓര്‍ക്കുന്നു. സ്കൂള്‍ പ്രവൃത്തി ദിവസങ്ങളിലെ തിരക്കുകള്‍ക്കിടയിലും, ഫെസ്റ്റിനായി വേദിയൊരുക്കാനും അലങ്കാരങ്ങളും മറ്റ് ക്രമീകരണങ്ങളും നടത്താനും എല്ലാവിധ സൗകര്യങ്ങളും അവര്‍ ചെയ്തുതന്നു. ഞങ്ങളുടെ ഈ ആഘോഷത്തെ സ്വന്തം പരിപാടിയായി കണ്ട് ഒപ്പം നിന്ന പ്രിയപ്പെട്ട നോര്‍ബട്ടൈന്‍ അച്ചന്മാര്‍ക്കും സ്കൂള്‍ അധികാരികള്‍ക്കും ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
ദൂരദേശങ്ങളില്‍ നിന്നും അല്ലാതെയും ഒഴുകിയെത്തി, ഈ വലിയ കൂട്ടായ്മയുടെ ഓരോ നിമിഷവും സജീവമാക്കിയ മാനന്തവാടി രൂപതയിലെ ഓരോ പ്രിയപ്പെട്ട അംഗത്തോടും ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. നിങ്ങളുടെ സാന്നിധ്യവും അകമഴിഞ്ഞ പ്രോത്സാഹനവുമാണ് നസ്രാണി ഫെസ്റ്റിന് ഏറ്റവും വലിയ ഊര്‍ജ്ജം നല്‍കിയത്. ഒപ്പം ഈ വലിയ സംരംഭം വന്‍ വിജയമാക്കാന്‍ സാമ്പത്തികമായും അല്ലാതെയും ഞങ്ങളോടൊപ്പം നിന്ന എല്ലാ ബഹുമാന്യരായ സ്പോണ്‍സര്‍മാര്‍ക്കും ഞങ്ങളുടെ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.
കൂട്ടായ്മയുടെ ശക്തിയും പ്രാര്‍ത്ഥനയുടെ കരുത്തും സമന്വയിച്ചപ്പോള്‍ നസ്രാണി ഫെസ്റ്റ് ചരിത്രവിജയമായി മാറി. ഈ വലിയ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച ഓരോ കരത്തിനും എല്ലാ നല്ല മനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. വരും നാളുകളിലും ഇതേ സ്നേഹവും പങ്കാളിത്തവും കൂടെയുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു. എല്ലാവര്‍ക്കും സര്‍വ്വേശ്വരന്‍റെ സമൃദ്ധമായ അനുഗ്രഹങ്ങള്‍ നേരുന്നു, നന്ദി.




