News Reader's Blog

ഭരണഘടനയുണ്ടെങ്കിലും ന്യൂനപക്ഷങ്ങൾ രണ്ടാംതരം പൗരന്മാരാകുന്ന ഇന്ത്യ

അപ്രഖ്യാപിത മതരാഷ്ട്രത്തിന്റെ എഴുതപ്പെടാത്ത ഭരണഘടനയാൽ ഇന്ത്യയിലെ ക്രൈസ്തവർ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ടാംതരം പൗരന്മാരായി മാറ്റിനിർത്തപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കുമേൽ സംഘപരിവാർ നടത്തുന്ന കടന്നാക്രമണങ്ങളുടെ വാർത്തകൾ ഇന്ന് പുതുമയുള്ളതല്ലാതായിരിക്കുന്നു. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢിൽനിന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്ത, ഈ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു.

ഗോത്രവിഭാഗത്തിൽപ്പെട്ട ഒരു യുവാവിന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞിരിക്കുന്നു. നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിലാണ് നടപടി. മുപ്പതു വർഷം മുമ്പ് നടത്തിയ മതപരിവർത്തനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും, അന്ന് ആവശ്യമില്ലാതിരുന്ന അനുമതിപത്രം കൂടി വേണമെന്നാണ് അധികൃതരുടെ നിലപാടെന്നാണ് റിപ്പോർട്ടുകൾ.

അന്നത്തെ നിയമവ്യവസ്ഥകൾക്കനുസൃതമായി പൂർത്തിയാക്കിയ നടപടികൾക്കുപോലും ഇന്ന് പുതിയ വ്യാഖ്യാനങ്ങൾ ചമച്ച് തടസ്സങ്ങൾ സൃഷ്ടിക്കുമ്പോൾ, നിയമവാഴ്ചയെക്കാൾ വർഗീയ താൽപര്യങ്ങളാണോ ഭരണസംവിധാനത്തെ നയിക്കുന്നതെന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്. ഒടുവിൽ പൗരോഹിത്യ സ്വീകരണം മാറ്റിവയ്ക്കേണ്ടിവന്നു.

ഛത്തീസ്ഗഢിലെ ബലറാംപൂർ ജില്ലയിലെ ദൻവാർ ഇടവകയിൽ ഈ മാസം 14-നായിരുന്നു ഈശോസഭാംഗമായ ബേസിൽ ഹദ്ദയുടെ പൗരോഹിത്യ സ്വീകരണം നിശ്ചയിച്ചിരുന്നത്. രണ്ടു വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതായാണ് റിപ്പോർട്ടുകൾ.

ഒരു വ്യക്തിയുടെ മതവിശ്വാസവും അതിന്റെ അടിസ്ഥാനത്തിലുള്ള ജീവിതസമർപ്പണവും ഭരണകൂടത്തിന്റെ ഇടപെടലിലൂടെ തടസ്സപ്പെടുന്ന സാഹചര്യം, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ശക്തമാക്കുന്നു.

ഇത് ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാനാവില്ല. ഛത്തീസ്ഗഢിലെ ആദിവാസി ഗ്രാമങ്ങളിൽ ക്രൈസ്തവ പുരോഹിതർക്കും സാമൂഹിക പ്രവർത്തകർക്കും പ്രവേശനം നിഷേധിക്കുന്ന ബോർഡുകൾ സ്ഥാപിക്കപ്പെട്ടതും, അവയ്ക്കെതിരെ ഉയർന്ന നിയമപരമായ നീക്കങ്ങൾക്കു തിരിച്ചടി നേരിട്ടതും ഈ സാഹചര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ക്രൈസ്തവരുടെ മൃതദേഹങ്ങൾ സ്വന്തം ഭൂമിയിൽപ്പോലും സംസ്കരിക്കാൻ അനുവദിക്കില്ലെന്ന വർഗീയ പ്രഖ്യാപനങ്ങൾ കഴിഞ്ഞ ഫെബ്രുവരിയിൽ ഉയർന്നപ്പോഴും, പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടം എത്രത്തോളം ഫലപ്രദമായി ഇടപെട്ടുവെന്ന ചോദ്യം അവശേഷിക്കുന്നു.

ഇവിടെ പ്രസക്തമായത് ഭരണഘടനയുടെ 25-ാം അനുച്ഛേദമാണ്. മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും അത് ഉറപ്പുനൽകുന്നു. ഈ അവകാശങ്ങൾ കേവലം ഭരണഘടനയുടെ താളുകളിൽ എഴുതിവച്ചിരിക്കുന്ന വാഗ്ദാനങ്ങളല്ല; ഓരോ ഇന്ത്യൻ പൗരന്റെയും അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന അടിസ്ഥാന ഉറപ്പുകളാണ്.

മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും ഭരണനടപടികൾക്കും ഭരണഘടനാപരമായ പരിധികളുണ്ട്. അവയുടെ പേരിൽ ഒരാളുടെ വിശ്വാസസ്വാതന്ത്ര്യത്തെയും മതപരമായ ചടങ്ങുകളെയും അന്യായമായി തടസ്സപ്പെടുത്താൻ കഴിയില്ല.

മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കുകയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു നേരെയുള്ള കടന്നാക്രമണങ്ങളെ സാധാരണ സംഭവങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്ന ഈ പ്രവണത ജനാധിപത്യത്തിന്റെ അടിത്തറയെത്തന്നെയാണ് ദുർബലപ്പെടുത്തുന്നത്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകേണ്ട രാജ്യത്ത്, ഭൂരിപക്ഷത്തിന്റെ അധികാരബലത്തിന് മുന്നിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷ്പ്രഭമാകുന്നത് നീതിയുടെ പരാജയമാണ്.

ഛത്തീസ്ഗഢിൽ മുഴങ്ങുന്നത് ഒരു അപായമണിയാണ്. ആ ശബ്ദം കേൾക്കാതെ ഇനിയും ഉറക്കം നടിക്കാനാവില്ല. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന വർഗീയ തീട്ടൂരങ്ങൾക്കെതിരെ പ്രതികരിക്കാൻ ഇനിയും വൈകിക്കൂടാ. മതേതരത്വവും ജനാധിപത്യവും മനുഷ്യാവകാശങ്ങളും ഓരോന്നായി കവർന്നെടുക്കപ്പെടുമ്പോൾ നിശ്ശബ്ദരായി നോക്കിനിൽക്കുന്നത് നിഷ്പക്ഷതയല്ല; അനീതിക്ക് വളരാനുള്ള ഇടം നൽകലാണ്.

ഇന്ത്യൻ ഭരണഘടന ഇപ്പോഴും നിലനിൽക്കുന്നുവെന്ന് ന്യൂനപക്ഷങ്ങൾ വിശ്വസിക്കണമെങ്കിൽ, അതിന്റെ സംരക്ഷണം വാക്കുകളിൽ മാത്രമല്ല, പ്രവൃത്തികളിലും ഉറപ്പാക്കപ്പെടണം. മതേതര ഇന്ത്യയെ സംരക്ഷിക്കുക എന്നത് ന്യൂനപക്ഷങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ല; ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്.

Leave a Reply

Your email address will not be published. Required fields are marked *