News Reader's Blog Social Media

NDPS കേസുകളിൽ ​സുപ്രീം കോടതി വിധി ഉയർത്തുന്ന മാനവികത വിസ്മരിക്കരുത്…

മാത്യു ചെമ്പുകണ്ടത്തിൽ

​കേരളത്തിന്റെ ഭാവി തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ലഹരിവിരുദ്ധ വേട്ട കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

നാളത്തെ കേരളത്തെ വാർത്തെടുക്കേണ്ട യുവത്വത്തെ മയക്കുമരുന്ന് മാഫിയകൾ വിഴുങ്ങാതിരിക്കാൻ നടത്തുന്ന ഈ പോരാട്ടം ഒരേസമയം അഭിനന്ദനാർഹവും പ്രശംസനീയവുമാണ്. എന്നാൽ, ഈ വേട്ടയുടെ മറുവശത്ത് കാണുന്ന ചില സാമൂഹിക യാഥാർത്ഥ്യങ്ങൾ നമ്മെ ആഴത്തിൽ ചിന്തിപ്പിക്കേണ്ടതുണ്ട്.
ലഹരി മാഫിയയുടെ വലയിലകപ്പെട്ട് അറിഞ്ഞോ അറിയാതെയോ കാരിയർമാരുടെ സഹകരികളായി മാറുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവാണ് ഇതിൽ ഏറ്റവും ആശങ്കാജനകം.

പെൺകെണികളും സാമ്പത്തിക ചൂഷണങ്ങളും:

​ഉപരിപഠനത്തിനായും ജോലിക്കായും അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്ന മലയാളി പെൺകുട്ടികളാണ് പലപ്പോഴും ഈ മാഫിയകളുടെ പ്രധാന ഇരകൾ. അപരിചിതമായ നഗരങ്ങളിലെ ഒറ്റപ്പെടലും സ്വാതന്ത്ര്യവും ചൂഷണം ചെയ്യാൻ ലഹരി സംഘങ്ങൾ വലവിരിക്കുന്നു. ചില നരക സന്തതികൾ സൗഹൃദവും പ്രണയവും നടിച്ച് പെൺകുട്ടികളെ വലയിലാക്കി, ലഹരിക്ക് അടിമകളാക്കി, ഒടുവിൽ ഭീഷണിയും പ്രലോഭനങ്ങളും നൽകി കാരിയർമാരാക്കി അവരുടെ ജീവിതം നശിപ്പിക്കുന്നു.
ലഹരിവസ്തുക്കളുമായി പിടിക്കപ്പെടുന്ന എല്ലാ പെൺകുട്ടികളും ഇപ്രകാരം വഞ്ചിക്കപ്പെടുന്നവരാണ് എന്നു കരുതുന്നില്ല.

ആഡംബര ജീവിതമോഹവും പെട്ടെന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹവും ചിലരെ ഇതിലേക്ക് നയിക്കുമ്പോൾ, ഭൂരിഭാഗം പേരും ഭീഷണിയുടെയോ വഞ്ചനയുടെയോ ഇരകളാണ്. ​യഥാർത്ഥത്തിൽ ലഹരിമാഫിയാ സംഘങ്ങളിലെ വൻതോക്കുകൾ സുരക്ഷിതരായിരിക്കുമ്പോൾ, വെറും ചരക്കുകടത്തുകാരായ ഈ പെൺകുട്ടികളാണ് നിയമത്തിന്റെ പിടിയിലാകുന്നത്.

ജാമ്യം ലഭിക്കാതെ വർഷങ്ങളോളം വിചാരണത്തടവുകാരായി ജയിലിൽ കഴിയേണ്ടി വരുന്ന ഇവരുടെ ജീവിതം മാത്രമല്ല, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് അവിടെ തകരുന്നത്. കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ വിചാരണ നടപടികൾ കോടതിയിൽ ആരംഭിക്കും. ഏകദേശം മൂന്ന് വർഷത്തോളം നീളുന്ന വിചാരണ നടപടികൾക്കൊടുവിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ ശിക്ഷിക്കുകയോ വെറുതെവിടുകയോ ചെയ്യുന്നു.

ഇങ്ങനെ, മയക്കുമരുന്ന് കേസുകളിൽ മനപ്പൂർവ്വമല്ലാതെ പങ്കാളികളാവുന്നവർ ജീവിതകാലം മുഴുവൻ ദുരിതങ്ങൾ ഏറ്റുവാങ്ങുന്നു. ലഹരിവിൽപ്പനയിൽ മനഃപൂർവ്വം പങ്കാളികളാകുന്നവരോട് യാതൊരുവിധ ദയയും കാണിക്കേണ്ടതില്ല. എന്നാൽ, വഞ്ചനയിലൂടെയോ ഭീഷണിയിലൂടെയോ ഈ ശൃംഖലയുടെ ഭാഗമാകേണ്ടി വന്ന പെൺകുട്ടികളെ കുറ്റവാളികളായല്ല, മറിച്ച് ‘ഇരകളായി’ (Victims of Exploitation) കാണാൻ നിയമസംവിധാനത്തിന് കഴിയണം.

കരുതൽ ജാമ്യവും, പുനരധിവാസവും:

ലഹരിമരുന്നുമായി പിടിക്കപ്പെടുന്ന സ്ത്രീകളെ ഏറ്റെടുക്കാൻ അടുത്ത ബന്ധുക്കൾ തയ്യാറാകുന്ന പക്ഷം, കർശനമായ നിബന്ധനകളോടെ അവർക്ക് സ്റ്റേഷൻ ജാമ്യമോ കോടതി ജാമ്യമോ നൽകാൻ ഭരണകൂടം മുൻകൈ എടുക്കണം. ഇവരെ ജയിലിലടച്ച് കൊടും കുറ്റവാളികളാക്കുന്നതിനു പകരം കൗൺസിലിംഗും പുനരധിവാസവുമാണ് നൽകേണ്ടത്.

​ലഹരി ശൃംഖലയുടെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ, പിടിക്കപ്പെടുന്ന പെൺകുട്ടികളെ പ്രോസിക്യൂഷൻ മാപ്പുസാക്ഷികളാക്കി മാറ്റണം. ഇത് വൻകിട മാഫിയകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കും.

സുപ്രീം കോടതി വിധി ഉയർത്തുന്ന മാനവികത:

​ചെറിയ അളവിൽ ലഹരിവസ്തുക്കളുമായി ആദ്യമായി പിടിക്കപ്പെടുന്നവരോട് നിയമം പുലർത്തേണ്ട കാരുണ്യത്തെക്കുറിച്ച് പരമോന്നത നീതിപീഠം പലവട്ടം ഓർമ്മിപ്പിച്ചിട്ടുണ്ട്. ‘എം സമ്പത്ത് v. സ്റ്റേറ്റ് ഓഫ് ഛത്തീസ്ഗഡ് (M. Sampat v. State Of Chhatisgarh 2021)’ എന്ന കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഇതിനൊരു മികച്ച ഉദാഹരണമാണ്.

​ലഹരിമരുന്നുമായി ജീവിതത്തിൽ ആദ്യമായി പിടിക്കപ്പെടുന്ന വ്യക്തികളുടെ പ്രായം, യുവത്വം, അവരുടെ പശ്ചാത്തലം, കൈവശം വച്ചിരുന്ന ലഹരിവസ്തുവിന്റെ കുറഞ്ഞ അളവ് എന്നിവ പരിഗണിച്ച് അവരെ ശിക്ഷിക്കുന്നതിന് പകരം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വീണ്ടെടുക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. NDPS നിയമത്തിന്റെ കർക്കശമായ വകുപ്പുകൾ പ്രയോഗിക്കുമ്പോൾ തന്നെ, ഈ സുപ്രീം കോടതി വിധി ഉയർത്തിപ്പിടിക്കുന്ന മാനുഷിക മുഖം കേരളവും മാതൃകയാക്കേണ്ടതുണ്ട്.

​”ഒരു പെൺകുട്ടിയെ പഠിപ്പിക്കുമ്പോൾ നമ്മൾ ഒരു തലമുറയെയാണ് പഠിപ്പിക്കുന്നത്” എന്ന ആപ്തവാക്യം പോലെ തന്നെ “ഒരു യുവതിയെ ലഹരിയുടെ ചതിക്കുഴിയിൽ നിന്ന് രക്ഷിക്കുമ്പോൾ നമ്മൾ ഒരു കുടുംബത്തെയാണ് തകർച്ചയിൽ നിന്ന് രക്ഷിക്കുന്നത്.” എന്നത് അധികാരികൾ ഓർമ്മിക്കണം.

​’ഓപ്പറേഷൻ തൂഫാൻ’ ലഹരി മാഫിയയുടെ വേരറുക്കാൻ ആഞ്ഞടിക്കുമ്പോൾ തന്നെ, അതിൽ ഉൾപ്പെട്ടുപോകുന്ന നിരപരാധികളായ സ്ത്രീകളെയും യുവതികളെയും സംരക്ഷിക്കാനുള്ള ‘കരുതൽ കവചം’ കൂടി ഭരണകൂടവും നിയമപാലകരും ഒരുക്കണം. ശിക്ഷിക്കുക എന്നതിനേക്കാൾ തെറ്റുകൾ തിരുത്തി അവരെ സമൂഹത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്നതാകണം നവകേരളത്തിന്റെ നയം.