റിന്റോ പയ്യപ്പിള്ളി
കല്യാണത്തിന് താലി വാങ്ങിക്കാൻപോലും പൈസയില്ലാതിരുന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു… സ്വന്തം കല്യാണത്തെക്കുറിച്ച് ആ മനുഷ്യൻ ഓർത്തെടുക്കുന്ന രംഗങ്ങൾ അതിമനോഹരമാണ്… കല്യാണത്തിന് ഡ്രസും സാധനങ്ങളും വാങ്ങിക്കാൻ പൈസയില്ലാതിരുന്നപ്പോ കൂട്ടുകാരനായ ഇന്നസന്റ് ഒരു 400 രൂപ കൈയിലേക്ക് വച്ചു കൊടുത്തു… അത്രേം പൈസ കൂട്ടുകാരന്റെ കൈയിൽ ഒരിക്കലുമുണ്ടാവില്ലെന്ന് അവനറിയാമായിരുന്നു….
എവിടുന്നാ ഈ പൈസയെന്ന് ചോദിച്ചപ്പോ കൂട്ടുകാരനായ ഇന്നസന്റിന്റെ മറുപടിയിങ്ങനെ… ”അത് ഭാര്യ ആലീസിന്റെ വള.. ആ വളയ്ക്ക് മാർവാടിയുടെ കടയിൽകിടന്ന് നല്ല പരിചയമുണ്ട്…ഈ പൈസ നീയിപ്പോ കൊണ്ടൊക്കോ…” ആ നാനൂറ് രൂപക്ക് സാധനങ്ങൾ വാങ്ങി വീട്ടിൽ ചെന്നപ്പോ അമ്മക്ക് നിർബന്ധം.. കല്യാണത്തിന് താലി കെട്ടണമെന്ന്…
അന്നത്തെ ഒറ്റ ദിവസം കൊണ്ടാണ് ബന്ധുക്കളെ കല്യാണം വിളിച്ചത്. വിളിച്ചപ്പോ ഒരു കാര്യംകൂടി അവരോട് പറഞ്ഞു.. ”ഒറ്റ ആളും കല്യാണത്തിന് വന്നേക്കരുത്… കല്യാണമാണെന്ന് അറിയിക്കാൻ വേണ്ടി വിളിക്കുന്നതാ… വന്ന് ബുദ്ധിമുട്ടിക്കരുത്…” അങ്ങനെ രജിസ്ട്രാഫീസിൽ ഒരു ഒപ്പ് കൊണ്ട് എല്ലാം തീർക്കാമെന്ന് കരുതിയപ്പോഴാണ് അമ്മയുടെ നിർബന്ധം… താലി വാങ്ങിക്കാൻ… അതും സ്വർണ്ണത്തിന്റെ… എന്ത് ചെയ്യും… ഒടുവിൽ കൂട്ടുകാരനായ മമ്മുട്ടിയുടെ അടുത്തേക്ക് പോയി…
”എടാ എനിക്കൊരു രണ്ടായിരം രൂപ വേണം… നാളെയെന്റെ കല്യാണമാണ്… പെണ്ണിന്റെ കഴുത്തിൽ ഇടാനുള്ള താലി വാങ്ങിക്കാനാ… കയ്യില് പത്ത് പൈസയില്ല…”
”നിന്റെ കല്യാണമാണോ നാളെ… എന്നാ ഞാൻ വരാം…”
”ദയവ് ചെയ്ത് നീ വരരുത്…. നീ അറിയപ്പെടുന്ന സിനിമാക്കാരനാ.. നീ വന്നാ ആള് കൂടും… എന്റെ കയ്യിൽ പൈസയില്ല… നീ കല്യാണത്തിന് വന്ന് എന്നെ ദ്രോഹിക്കരുത്….”
പരാധീനതകളുടെ കുത്തൊഴുക്കിന്റെയൊടുവിൽ ആ കല്യാണച്ചെറുക്കൻ താലികെട്ടി… വർഷങ്ങങ്ങൾക്ക് ശേഷം ആ നിമിഷങ്ങളെ അയാളോർത്തെടുക്കുന്നത് ഇങ്ങനെയാണ്… ഒരു ക്രിസ്ത്യാനി തന്ന നാനൂറു രൂപയും ഒരു മുസ്‌ലിം വാങ്ങിത്തന്ന താലിയുംകൊണ്ട് ഒരു ഹിന്ദു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടിയ മനുഷ്യനായിരുന്നു ഞാൻ… ” സ്വന്തം കഷ്ട്ടപ്പാടുകളെപ്പോലും മറ്റുള്ളവർക്കൊരു ചിന്തയാക്കിയ ആ മനുഷ്യന്റെ പേര് ശ്രീനിവാസൻ…
സ്വന്തം കുറവുകൾ അയാൾക്കെന്നും മറ്റുള്ളവരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള വഴികളായിരുന്നു… അന്നുവരെ മലയാളി കണ്ടുശീലിച്ചീട്ടില്ലാത്ത വേറിട്ട എഴുത്തിലൂടെ മലയാളികൾക്കയാൾ ചിരികൾ സമ്മാനിച്ചു… പരമ്പരാഗത ചിന്തകളെ ചോദ്യം ചെയ്തു… പലതിനേയും പൊളിച്ചെഴുതി… അങ്ങനെ ഒരു തലമുറയുടെ ഓർമ്മയുടെ ഭാഗമായി അയാൾ മാറി…
എഴുത്തിന്റെ പ്രതിഭ കൊണ്ട് ലോകസിനിമയിലെത്തന്നെ അത്ഭുതമെന്ന് വിശേഷിപ്പിക്കപ്പെട്ടീട്ടുണ്ടാ മനുഷ്യൻ… അതിനുള്ള കാരണമിതായിരുന്നു… നിങ്ങളെത്ര വലിയ തിരക്കഥാകൃത്താണെങ്കിലും ഒരു രംഗത്തിന്റെ തുടർച്ചയായേ അടുത്ത രംഗം എഴുതാനാകൂ… നാലാം രംഗം എഴുതണമെങ്കിൽ ആദ്യ മൂന്ന് രംഗം എഴുതിയിട്ടുണ്ടാവണമെന്നർത്ഥം. എന്നാൽ ഈ മനുഷ്യന് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല…
നൂറു സീനുകളുള്ളൊരു സിനിമയിൽ ഡയറക്ടർ ആവശ്യപ്പെടുന്നത് തൊണ്ണൂറ്റി ഒൻപതാമത്തെ സീനിന്റെ തിരക്കഥയാണെങ്കിൽ ബാക്കി തൊണ്ണൂറ്റി എട്ടു സീനും എഴുതിയിട്ടില്ലെങ്കിലും ഉടനെയാ സീനിന്റെ മാത്രം തിരക്കഥയെഴുതിക്കൊടുക്കാൻ കഴിവുണ്ടായിരുന്നാ മനുഷ്യന് ..
1986 എന്ന ഒരൊറ്റ വർഷത്തിൽ മാത്രം ഈ മനുഷ്യൻ എഴുതിക്കൂട്ടിയത് പത്തോളം തിരക്കഥകളാണ്… അതും ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മസുള്ളവർക്ക് സമാധാനം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, അങ്ങനെതുടങ്ങി മലയാളി ആർത്തുചിരിച്ച പത്തോളം വിജയചിത്രങ്ങൾ… വർഷങ്ങളെടുത്ത് കഥ പൂർത്തിയാക്കാൻ പാടുപെടുന്നവരുടെ മുൻപിലേക്കാണ് മാസത്തിലൊരു തിരക്കഥയെന്ന കണക്കിന് ആ മനുഷ്യൻ എഴുതിക്കയറിയത്….
പ്രതിഭയുടെ ധാരാളിത്തം എന്ന വാക്കുകൊണ്ടല്ലാതെ എങ്ങിനെയാ മനുഷ്യനെ വിശേഷിപ്പിക്കാൻ… തട്ടാൻ ഭാസ്കരനായും തളത്തിൽ ദിനേശനായുമൊക്കെ അയാൾ കെട്ടിയാടിയ വേഷങ്ങൾ… എഴുത്തിലൂടെ അയാൾ ജന്മം കൊടുത്ത നൂറു കണക്കിന് കഥാപാത്രങ്ങൾ… എല്ലാം തകർന്ന് ഒന്നും ശരിയാവാതെ നിക്കുമ്പോഴും ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ എന്നൊരു തലമുറയെക്കൊണ്ട് പറയാൻ പഠിപ്പിച്ചപോലത്തെ ഡയലോഗുകൾ… ഇനിയില്ലാ ആ പ്രതിഭ….
എട്ടാം ക്ലാസിൽ വച്ച് മലയാളം പഠിപ്പിച്ച വത്സല ടീച്ചറാണ് ‘ക്രാന്തദർശിത്വം’ എന്ന വാക്ക് പഠിപ്പിച്ചത്. ഭാവിയിൽ നാട്ടിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കാണാൻ കവികൾക്കാവും എന്നു പറഞ്ഞായിരുന്നു ടീച്ചറന്ന് ആ വാക്കുപയോഗിച്ചത്… ചിന്തിച്ചു പോവുകയാണ് പതിറ്റാണ്ടുകൾക്കിപ്പുറവും ഒരാളുടെ കഥയും കഥാപാത്രങ്ങളും ഇന്നും ചർച്ചയാവുന്നുണ്ടെങ്കിൽ ശ്രീനിവാസനെന്ന പേരിനോട് ചേർത്ത് ക്രാന്തദർശിയെന്ന വാക്കുപയോഗിക്കാമെന്ന്..
ഒപ്പം വത്സല ടീച്ചർ ഒരു കാര്യംകൂടി കൂട്ടിച്ചേർത്തിരുന്നു… അത്തരം ക്രാന്തദർശികൾക്ക് മരണമില്ലെന്ന്.. അവരുടെ ചിന്തകൾ കാലാതീതമായത്കൊണ്ട് അവരെയെന്നും ഓർക്കുമെന്ന്…
കുട്ടിക്കാലം മനോഹരമാക്കിയ ഒരാൾ കൂടി പോകുന്നു… നിങ്ങൾക്ക് പ്രായമായിത്തുടങ്ങി എന്ന് ഒരു തലമുറയെ വീണ്ടുംവീണ്ടും ഓർമ്മിപ്പിച്ച് ഒരു മരണംകൂടി…
ആദരാഞ്ജലികൾ… ഒപ്പം നന്ദിയും… തന്ന ചിരികൾക്കും ചിന്തകൾക്കും!




