Faith Reader's Blog Social Media

കൃപാസനത്തെക്കുറിച്ചു പ്രവചിച്ച പ്രശാന്തച്ചൻ…

ജോസഫ് ദാസൻ

അത്ഭുതപ്രവർത്തകനായ, കൃപാസനത്തെക്കുറിച്ചു പ്രവചിച്ച പ്രശാന്തച്ചൻ!

കൗമാരകാലത്താണ് അച്ചനെ ഞാൻ ആദ്യമായി കാണുന്നത്. വിശുദ്ധി പ്രസരിക്കുന്ന പുഞ്ചിരിയുള്ള ആ വൈദീകനെ സ്നേഹസേനയിൽ വായിച്ച അത്ഭുതപ്രവർത്തകരായ വിശുദ്ധരെ കാണുന്ന പോലെയാണ് ഞാൻ കണ്ടിരുന്നത്. ഇസ്‌ലാം മത വിശ്വാസികൾ ഉൾപ്പെടെ എന്റെ നിരവധി കൂട്ടുകാരെ ഞാൻ അച്ചന്റെ അടുക്കൽ പ്രാർത്ഥിക്കാൻ കൊണ്ടുപോയിട്ടുണ്ട്.

എല്ലാവരുടെയും ജീവിതത്തിൽ അത്ഭുതകരമായി ദൈവം ഇടപെടുന്നതു എനിക്ക് കാണാൻ പറ്റി. ഞാൻ ആരെ കൊണ്ടുപോയാലും അച്ചൻ വളരെ താത്പര്യത്തോടെ ആയിരുന്നു അവരുടെ കാര്യത്തിൽ ഇടപെട്ടത് . എനിക്ക് Baptism in the Holyspirit (BHS) എന്ന കരിസ്മാറ്റിക് അനുഭവം ഉണ്ടാകുന്നതു അച്ചന്റെ പ്രാർത്ഥനയിൽ പങ്കെടുക്കുമ്പോഴായിരുന്നു.

ആലപ്പുഴയിലെ ആയിരങ്ങളെ ധാരാളം ജപമാല ചൊല്ലുന്നവരാക്കി മാറ്റിയത് മരിയ ഭക്തനായ അച്ചന്റെ ആദ്യകാല പ്രവർത്തനങ്ങളുടെ ഒരു സദ്‌ഫലം ആയിരുന്നു. അടുത്തകാലത്ത് ഒരു പ്രഭാത സന്ദേശത്തിനിടയിൽ കൃപാസനം ജോസഫച്ചൻ പങ്കുവച്ചപ്പോഴാണ് ഞാൻ ആ സംഭവത്തെക്കുറിച്ചു ആദ്യം കേൾക്കുന്നത്. ചവിട്ടുനാടക കലാകേന്ദ്രമായി അറിയപ്പെട്ടിരുന്ന കൃപാസനത്തിൽ ആദ്യകാലത്ത് ഒരു കൊടികയറ്റത്തിന്റെ സമയത്ത് പ്രശാന്തച്ചൻ ജോസഫച്ചൻറെ കാതിൽ പ്രവചിച്ചത്രേ. ഈ കേന്ദ്രം ഒരു വലിയ മരിയൻ തീർത്ഥാടന കേന്ദ്രമായി മാറും എന്നതായിരുന്നു ആ പ്രവചനം. എത്രവർഷങ്ങൾക്കുള്ളിൽ എന്നും പറഞ്ഞിരുന്നു.

ഞാൻ ഒരിക്കലും ഐ എം എസിലെ ശുശ്രൂഷകനായിരുന്നില്ല. ഇടവകാ രൂപതാ തലങ്ങളിൽ പ്രവർത്തിക്കുക എന്നതായിരുന്നു എന്റെ വിളി എന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. എങ്കിലും സവിശേഷമായ സ്നേഹത്തിൽ അച്ചൻ ഒരു കുറവും കാണിച്ചിരുന്നില്ല. എന്റെ എല്ലാ വിഡിയോകളും കാണുകയും എന്റെ എഴുത്തുകൾ എല്ലാം വായിക്കുകയും ചെയ്യുമായിരുന്ന പ്രശാന്തച്ചൻ എന്നെയോ എന്റെ സുഹൃത്തുക്കളെയോ കാണുമ്പോൾ അവയെക്കുറിച്ചുള്ള അഭിനന്ദനങ്ങളും അഭിപ്രായങ്ങളും അറിയിക്കുമായിരുന്നു.

ചില കാര്യങ്ങളിൽ അച്ചന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വ്യത്യസ്ത വീക്ഷണം വച്ചുപുലർത്താനുള്ള എന്റെ സ്വാതന്ത്ര്യത്തെ അച്ചൻ ബഹുമാനിച്ചിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ സവിശേഷത. അതുമൂലം സ്നേഹമോ സഹകരണമോ അല്പം പോലും അച്ചൻ കുറച്ചിരുന്നില്ല.

അച്ചന്റെ കൂടെ പ്രവർത്തിച്ചിരുന്നില്ല എങ്കിലും യുവജനങ്ങളുടെ പ്രോഗ്രാമുകൾ നടത്താൻ ഒരിടം കിട്ടാതെ വരുമ്പോൾ വെറുതെ ഒന്ന് വിളിച്ചു പറഞ്ഞാൽ മതി, ഐ എം എസിന്റെ വാതിലുകൾ അച്ചൻ ഞങ്ങൾക്കായി തുറന്നു തരുമായിരുന്നു. ആത്മാക്കളെ രക്ഷിക്കുക, അതായിരുന്നു അച്ചൻ ആവശ്യപ്പെടുന്ന ഒരേ ഒരു കാര്യം. പലപ്പോഴും താമസത്തിനോ ഭക്ഷണത്തിനോ ഒന്നും വാങ്ങുമായിരുന്നില്ല.

അഥവാ വാങ്ങിയാൽ പോലും അത് വളരെ തുച്ഛമായ ഒരു തുക മാത്രമായിരിക്കും. അച്ചാ തരാൻ പൈസയില്ല എന്ന് ധൈര്യമായി പറയാമായിരുന്നു . സുവിശേഷം പ്രചരിപ്പിക്കാനുള്ള ഞങ്ങളുടെ തീക്ഷ്ണതയായിരുന്നു അച്ചന്റെ ആനന്ദം. കുറച്ചു നാളുകൾ കാണാൻ ചെല്ലാതിരുന്നാൽ പരിഭവിക്കും. ചെല്ലുമ്പോൾ ഏറെ സ്നേഹത്തോടെ അടുത്തിരുത്തി വിശേഷങ്ങൾ ആരാഞ്ഞു പ്രാർത്ഥിച്ചു അനുഗ്രഹിച്ചു അയക്കും.

പപ്പ വിദേശത്തായിരുന്ന സമയത്താണ് എന്റെ സഹോദരിയുടെ ആദ്യകുര്ബാനയുടെ ക്രമീകരണങ്ങൾ എന്റെ മേൽ വന്നു ചേർന്നത്. ചേട്ടൻ മെഡിക്കൽ പഠനത്തിന്റെ തിരക്കിൽ ആയിരുന്നു. എന്റെ ഇടവകയിൽ അന്നുണ്ടായിരുന്ന പ്രത്യേക നിയമം കാരണം ഒറ്റയ്ക്ക് ആദ്യകുർബാന നടത്തണമെങ്കിൽ മറ്റെവിടെയെങ്കിലും വച്ച് നടത്തണമായിരുന്നു. വേറെ വൈദീകനെ വിളിക്കുകയും ചെയ്യണം. ഒരു വൈദീകനെ ലഭിക്കാനാണ് അന്ന് വമ്പൻ തിരക്കുള്ള ഐഎം എസിൽ ഞാൻ പോയത്.

ഒരു കൗമാരക്കാരന്റെ പ്രതിസന്ധി നേരിട്ട് കണ്ട അച്ചൻ എന്നോട് പറഞ്ഞു, ജോസഫ്,നീ വിഷമിച്ചു ഓടി നടക്കേണ്ട, ആദ്യകുർബാന ഐ എം എസിൽ വച്ച് നടത്താൻ പപ്പയോട് പറയുക. ഞാൻ കാർമ്മികൻ ആകാം. ഒരുപക്ഷെ തിരക്കിൻറെ മൂര്ധന്യ കാലത്തു ഐ എം എസിൽ നടന്ന, പ്രശാന്തച്ചൻ നടത്തിയ ഒരേയൊരു ആദ്യകുര്ബാനയായിരുന്നു അത് എന്നാണ് എന്റെ ഓര്മ. ഞങ്ങൾ എന്ത് നൽകണം എന്ന് ചോദിച്ചപ്പോൾ പാട്ടുകാർക്കു എന്തെങ്കിലും നൽകുക, നിനക്ക് വേണമെങ്കിൽ അനുജത്തിയെക്കൊണ്ട് ഒരു നേര്ച്ച ഇടീക്കുക, അതും നിങ്ങളുടെ ഇഷ്ടം.

ഐഎം എസിലെ അഭിഷേകമുള്ള ഗാന ശുശ്രൂഷയോടെ ഗംഭീരമായി ആദ്യകുർബാന നടന്നു. കാണാൻ ജനങ്ങൾ വലിയ ക്യൂ ആയി നിൽക്കുമായിരുന്നവർ ഉൾപ്പെടെ ഐ എം എസിലെ എല്ലാ വൈദീകരും വീട്ടിൽ വന്നു, പ്രാർത്ഥിച്ചു. സഭയിലെ കർക്കശ നിയമങ്ങളുടെ കാലത്തു സഭയോട് അടുത്തുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനെ സ്നേഹം കൊണ്ട് സ്വാന്തനം നൽകിയ ആ വൈദീകർ പകർന്നു നൽകിയ സൗഖ്യം ഇന്നത്തെ എന്റെ നിലപാടുകളിൽ നിഴലിച്ചു കാണാം.

പാവങ്ങൾക്ക് വേണ്ടി ആരോടും സഹായം ചോദിച്ചു വാങ്ങാൻ അച്ചൻ മടി കാണിച്ചിരുന്നില്ല. ഐ എം എസിൽ പണ്ടുണ്ടായിരുന്ന അമൂൽ അച്ചൻ അതുപോലായിരുന്നു. വീടുകൾ തോറും പോയി ഇരന്നു വാങ്ങുന്ന തുണിയും പണവും പാവങ്ങൾക്കായി വീതിച്ചു നൽകും. പ്രശാന്തച്ചൻ തന്റെ ജനപ്രീതി വര്ധിക്കുംതോറും തന്നെ തന്നെ താഴ്ത്തി ഒരു നാണക്കേടും കൂടാതെ പാവങ്ങൾക്കുവേണ്ടി ജീവിച്ചു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ, സ്നേഹം പ്രതിബന്ധം അറിയുന്നില്ല.

വിശുദ്ധിയും എളിമയും ദൈവാരാജ്യത്തിനു വേണ്ടിയുള്ള കാർക്കശ്യവും ഒരുപോലെ വിളങ്ങിയിരുന്ന പ്രശാന്തച്ചനു ആത്മശാന്തി നേരുന്നു. ഒരുപക്ഷെ ഇതായിരിക്കണം അച്ചൻ വായിക്കാതെ പോകുന്ന എന്റെ ആദ്യത്തെ ഫേസ്ബുക് പോസ്റ്റ്. എന്നെ ഏറെ സ്നേഹിച്ചിരുന്ന ഒരു വൈദീകൻ എനിക്കായി പ്രാർത്ഥിക്കാൻ സ്വർഗ്ഗരാജ്യത്തിൽ എത്തി എന്നത് വേർപാടിലും ആശ്വാസം പകരുന്നു.

ഞങ്ങൾ നടത്തിയ യുവജന കൺവെൻഷനിൽ ശുശ്രൂഷ ചെയ്യാൻ അച്ചൻ വന്നപ്പോഴാണ് അവസാനമായി കണ്ടത്. അലംപെടുത്തിരുന്ന ചെറുപ്പക്കാർ ഉൾപ്പെടെ ശാന്തരായതും ആഴത്തിൽ പ്രാർത്ഥിച്ചു അനുഭവങ്ങൾ എഴുതി നൽകിയതും പൊടിക്കൈകൾ ഒന്നും വേണ്ട വിശുദ്ധിയും അഭിഷേകവും മതി യുവാക്കളെ നേടുവാൻ എന്നതിന്റെ തെളിവായി എന്റെ ഓർമയിൽ മായാതെ നിൽക്കുന്നു.

അച്ചന്റെ ശുശ്രൂഷ ജീവിതത്തെയോർത്തു ദൈവത്തിനു ഒരായിരം നന്ദി.