Pope's Message Reader's Blog

എളിമയുടെ പാത പിന്തുടരാത്ത ക്രിസ്തീയ സമൂഹത്തിന് ഭാവിയില്ല: ലിയോ പതിനാലാമൻ പാപ്പാ

പഴയ നിയമ- പുതിയ നിയമ ചരിത്രങ്ങൾ തമ്മിൽ കൂടിക്കാഴ്ച്ച നടത്തുകയും, ഇസ്രായേൽ ജനതയുടെ ചരിത്രം ക്രൈസ്തവ മതത്തിന്റെ പിറവിയിൽ കണ്ടുമുട്ടുകയും ചെയ്ത പുണ്യഭൂമിയിൽ, സമർപ്പിതസമൂഹവുമായി കൂടിക്കാഴ്ച്ച നടത്തുവാൻ സാധിച്ചതിലെ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

ദൈവത്തിന്റെ വിളി അനുസരിച്ച്, പിതാവായ അബ്രാഹം കല്ദയരുടെ ഊർ നഗരത്തിൽ നിന്ന് പുറപ്പെട്ടു, പിന്നീട് ഇന്നത്തെ തുർക്കിയുടെ തെക്ക് ഭാഗത്തുള്ള ഹാരാൻ പ്രദേശത്തുനിന്ന് വാഗ്ദത്ത ദേശത്തേക്കു പുറപ്പെട്ടു എന്ന ഉത്പത്തി പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ള പഴയ നിയമ ചരിത്രം അനുസ്മരിച്ച പാപ്പാ, അതിനാൽ നമ്മെ ഒന്നിപ്പിക്കുന്ന വിശ്വാസത്തിന് ആഴത്തിലുള്ള വേരുകളുണ്ടെന്നു എടുത്തു പറഞ്ഞു.

തുടർന്ന് പുതിയ നിയമത്തിലും തുർക്കിയുടെ പ്രാധാന്യത്തെ പാപ്പാ അടിവരയിട്ടു. യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം കാലത്തിന്റെ പൂർണ്ണതയിൽ അവന്റെ ശിഷ്യന്മാരും അനത്തോലിയയിലേക്കു വന്നുവെന്നും, വിശുദ്ധ ഇഗ്നേഷ്യസ് മെത്രാനായിരുന്ന അന്ത്യോഖ്യയിൽ, അവർ ആദ്യമായി “ക്രിസ്ത്യാനികൾ” എന്ന് വിളിക്കപ്പെട്ടുവെന്നും പാപ്പാ അനുസ്മരിച്ചു.

വിശുദ്ധ പൗലോസ് തന്റെ ചില അപ്പസ്തോലിക യാത്രകൾ ആരംഭിച്ചതും, അത് നിരവധി സമൂഹങ്ങൾക്ക് രൂപം നൽകിയതും, ഈ തുർക്കിയിൽ നിന്നുള്ള യാത്രകളായിരുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു.

അർമേനിയക്കാർ, സിറിയക്കാർ, കൽദയക്കാർ എന്നിങ്ങനെ പൗരസ്ത്യ സഭകളിൽ പെട്ടവരും, ലത്തീൻ സഭാംഗങ്ങളും തുർക്കിയിൽ ഉണ്ടെന്നും, എക്യൂമെനിക്കൽ പാത്രിയർക്കീസ് ഗ്രീക്ക് വിശ്വാസികൾക്കും മറ്റ് ഓർത്തഡോക്സ് സഭകൾക്കും ആധികാരിക കേന്ദ്രമായി തുടരുന്നുവെന്നും പാപ്പാ സന്ദേശത്തിൽ അനുസ്മരിച്ചു.

അബ്രാഹാമും, അപ്പസ്തോലന്മാരും, പിതാക്കന്മാരും നമുക്ക് കൈമാറിയ വിശ്വാസത്തിന്റെ വിത്തിനെ പരിപോഷിപ്പിക്കാൻ ഇന്ന് വിളിക്കപ്പെട്ടിരിക്കുന്നത് ക്രൈസ്തവർ ഏവരുമാണെന്നും പാപ്പാ ആഹ്വാനം ചെയ്തു.

കത്തോലിക്കാസഭ സംഖ്യാപരമായി ചെറുതാണെന്ന് നിരാശയോടെ നോക്കുന്നതിന് പകരം, പരിശുദ്ധാത്മാവിനാൽ പ്രബുദ്ധമായ ഒരു സുവിശേഷ ദർശനം സ്വീകരിക്കുവാൻ വേണ്ടിയാണ് ഏവരും ക്ഷണിക്കപ്പെടുന്നതെന്നു പാപ്പാ പറഞ്ഞു.

ദൈവീക വീക്ഷണത്തിൽ, നമ്മുടെ ഇടയിലേക്ക് ഇറങ്ങി വന്ന ദൈവം നിസാരതയുടെ വഴിയാണ് തിരഞ്ഞെടുത്തതെന്നും, ഇതാണ് കർത്താവിന്റെ മാർഗമെന്നും, അതിനു സാക്ഷ്യം വഹിക്കാൻ വേണ്ടിയാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പാ അനുസ്മരിച്ചു.

ദൈവരാജ്യം ശക്തിയുടെ പ്രകടനങ്ങളാൽ സ്വയം അടിച്ചേൽപ്പിക്കുന്നില്ല എന്നും, മറിച്ച്, ഭൂമിയിൽ നട്ടുപിടിപ്പിച്ച എല്ലാ വിത്തുകളിലും, ഏറ്റവും ചെറിയ വിത്തുകൾ പോലെ വളരുന്നുവെന്നും വചനഭാഗങ്ങളുടെ വെളിച്ചത്തിൽ പാപ്പാ വിശദീകരിച്ചു.

നിസ്സാരതയുടെ ഈ യുക്തിയാണ് സഭയുടെ യഥാർത്ഥ ശക്തിയെന്നും, സഭാദൗത്യത്തിന്റെ ഫലങ്ങൾ സംഖ്യകളെയോ, സാമ്പത്തിക ശക്തിയെയോ, സാമൂഹിക സ്വാധീനത്തെയോ ആശ്രയിച്ചല്ല, മറിച്ച്, കുഞ്ഞാടിന്റെ വെളിച്ചത്താൽ ജീവിക്കുകയും, പരിശുദ്ധാത്മാവിനാൽ അയക്കപ്പെടുകയും, കർത്താവിന്റെ വാഗ്ദാനത്തിൽ ആശ്രയിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ ശക്തിയെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. എളിമയുടെ പാത പിന്തുടരാത്ത ഒരു ക്രിസ്തീയ സമൂഹത്തിന് ഭാവിയില്ലായെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

ഈ രാജ്യത്ത് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ഗണ്യമായ സാന്നിധ്യം ഏറ്റവും ദുർബലരായ ആളുകളെ സ്വാഗതം ചെയ്യാനും സേവിക്കാനുമുള്ള വെല്ലുവിളി സഭയ്ക്ക് നൽകുന്നുവെന്നും, തുർക്കിയെയിൽ ഉള്ള സമർപ്പിതർ വിദേശികൾ ആണെന്നതിനാൽ, രാജ്യത്തിന്റെ സംസ്കാരത്തോടുള്ള പ്രത്യേക പ്രതിബദ്ധതഅനിവാര്യമാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

ആദ്യത്തെ എട്ട് എക്യൂമെനിക്കൽ കൗൺസിലുകൾ നടന്നത് ഈ മണ്ണിൽ ആണെന്നും, ഈ വർഷം നിഖ്യ സൂനഹദോസിന്റെ 1700-ാം വാർഷികം ആഘോഷിക്കുമ്പോൾ, അത്, സഭയുടെ ചരിത്രത്തിലെ മാത്രമല്ല മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ഒരു നാഴികക്കല്ലാണെന്നു പാപ്പാ പറഞ്ഞു.

അതിനാൽ ഏതാനും ചില മാർഗനിർദേശങ്ങളും ജീവിതത്തിൽ പാലിക്കുന്നതിനായി പാപ്പാ നൽകി. ഒന്നാമത്തേത് വിശ്വാസത്തിന്റെ സത്ത ഗ്രഹിക്കുകയും ക്രിസ്ത്യാനിയായിരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയായിരുന്നു.

വിശ്വാസം കേവലം ഒരു സൈദ്ധാന്തിക സൂത്രവാക്യമല്ല, മറിച്ച്, വ്യത്യസ്ത സംവേദനക്ഷമതകൾക്കും ആത്മീയതകൾക്കും സംസ്കാരങ്ങൾക്കുമിടയിൽ ക്രിസ്തുവിലും സഭയുടെ പാരമ്പര്യത്തിലും കേന്ദ്രീകരിച്ചുള്ള ക്രിസ്തീയ വിശ്വാസത്തിന്റെ ഐക്യവും, അനിവാര്യമായ കാതലും തേടാനുള്ള ക്ഷണമാണെന്ന് പാപ്പാ പറഞ്ഞു.

രണ്ടാമത്തെ വെല്ലുവിളി ക്രിസ്തുവിൽ, പിതാവായ ദൈവത്തിന്റെ മുഖം വീണ്ടും കണ്ടെത്തേണ്ടതിന്റെ അടിയന്തിരതയാണ്. യേശുവിന്റെ ദൈവികതയെയും പിതാവുമായുള്ള അവന്റെ സമത്വത്തെയും നിഖ്യ സൂനഹദോസ് പഠിപ്പിക്കുന്നതിനാൽ, യേശു വെളിപ്പെടുത്തിയതുമായി പൊരുത്തപ്പെടാത്ത ദൈവത്തെക്കുറിച്ചുള്ള നമ്മുടെ സ്വന്തം ആശയങ്ങൾ, തെറ്റാണെന്നു മനസിലാക്കുവാൻ ഏവർക്കും സാധിക്കണമെന്നു പാപ്പാ പറഞ്ഞു.

മൂന്നാമത്തെ വെല്ലുവിളി വിശ്വാസത്തിന്റെ മധ്യസ്ഥതയും, സിദ്ധാന്തത്തിന്റെ വികാസവുമാണ്. സങ്കീർണ്ണമായ ഒരു സാംസ്കാരിക പശ്ചാത്തലത്തിൽ, നിഖ്യ വിശ്വാസം അക്കാലത്തെ ദാർശനികവും സാംസ്കാരികവുമായ വിഭാഗങ്ങളിലൂടെ വിശ്വാസത്തിന്റെ അടിത്തറ ഉറപ്പിച്ചതുപോലെ, ക്രിസ്തീയ വിശ്വാസം എല്ലായ്പ്പോഴും നാം ജീവിക്കുന്ന സംസ്കാരത്തിന്റെ ഭാഷകളിലും വിഭാഗങ്ങളിലും പ്രകടിപ്പിക്കപ്പെടണമെന്നു പാപ്പാ ഓർമ്മപ്പെടുത്തി.

വിശ്വാസത്തിന്റെ സന്തോഷം നിലനിർത്തുന്നതിനും കർത്താവിന്റെ വഞ്ചിയിൽ ധീരരായ മീൻപിടുത്തക്കാരായി, അജപാലന സേവനം നടത്തുവാൻ പാപ്പാ സന്ദേശത്തിൽ ഏവരെയും ആഹ്വാനം ചെയ്യുകയും ആശംസിക്കുകയും ചെയ്തു.