എന്തായിരുന്നു ഹിജാബ് വിവാദ കേസ്? ഫാ. ജോഷി മയ്യാറ്റിൽ
കഴിഞ്ഞ വെള്ളിയാഴ്ചയാണ് (ഒക്ടോബർ 17) പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ മാനേജർ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചു കൊണ്ട് ഹൈക്കോടതി സിംഗിൾ ബഞ്ച് സർക്കാർ അഭിഭാഷകനോടു ചോദിച്ചത്, CBSE സിലബസ് പിന്തുടരുന്ന ഒരു അൺ എയ്ഡഡ് സ്കൂളിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ നോട്ടീസ് അയയ്ക്കാൻ സംസ്ഥാന സർക്കാരിൻ്റെ വിദ്യാഭ്യാസവകുപ്പിന് അധികാരമുണ്ടോ എന്ന്… പഠിച്ചു പറയാൻ സാവകാശം ചോദിച്ച സ്റ്റേറ്റ് അറ്റോർണിയുടെ അഭ്യർത്ഥന മാനിച്ചാണ് കേസ് ഇന്നത്തേക്ക് വച്ചത്.
എന്തായിരുന്നു ഹർജിക്കാരുടെ പരാതി?
തങ്ങളുടെ സ്കൂളിൻ്റെ ഡിസിപ്ലിൻ കാര്യത്തിൽ സംസ്ഥാനവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടുള്ള നോട്ടീസിന് സ്റ്റേ വേണം എന്നതായിരുന്നു ഹർജിക്കാരുടെ ആവശ്യം.
വിദ്യാഭ്യാസ വകുപ്പിന് ഇക്കാര്യത്തിൽ നടപടിയൊന്നും എടുക്കാനാവില്ല എന്നതിനാൽ വെറുതെ ഒരു ഇടക്കാല ഉത്തരവ് ഇറക്കാൻ താൻ മുതിരുന്നില്ല എന്നാണ് ജസ്റ്റസ് VG അരുൺ അന്ന് പറഞ്ഞത്. അതിനെ വളച്ചൊടിച്ചാണ് കേരളത്തിലെ മാന്യ മാധ്യമജീവികൾ സ്കൂളിന് തിരിച്ചടി എന്നു പ്രചരിപ്പിച്ച് ഓളം തീർത്തത്. സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളെക്കാൾ തരം താണ മുഖ്യധാര മാധ്യമ ആക്രമണം!
–ഇന്ന് സംഭവിച്ചത്…
ഈ കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ തന്നെ സർക്കാർ അഭിഭാഷകൻ തങ്ങൾ പിന്മാറാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ, ഈ കേസിൽ തിരിച്ചടി കിട്ടുമെന്ന് നിയമോപദേശം ലഭിച്ച സർക്കാർ കുട്ടിയുടെ അഭിഭാഷകനെക്കൊണ്ട് തങ്ങൾ സ്കൂൾ മാറുകയാണ് എന്ന് പറയിച്ചു. അതിന് ശേഷം സർക്കാർ വക്കീൽ തങ്ങൾ കാര്യങ്ങൾ എസ്കലേറ്റ് ചെയ്യുന്നില്ല, അതായത് തങ്ങൾ ഇറക്കിയ ഓർഡർ നടപ്പിലാക്കാൻ പുഷ് ചെയ്യുകയില്ല, എല്ലാ നടപടികളും അവസാനിപ്പിക്കും എന്ന് നിലപാടെടുത്തു.
അപ്പോൾ കോടതി സർക്കാരിനെ ഇതിൽ നിന്ന് രക്ഷിച്ചെടുക്കാനും സാമൂഹ്യാന്തരീഷം കൂടുതൽ മോശമാവാതിരിക്കാനും, കാര്യങ്ങൾ രമ്യമായി പരിഹരിച്ച സ്ഥിതിക്ക് (അതായത് യൂണിഫോം ഇല്ലാതെ കുട്ടിയെ പഠിപ്പിക്കില്ല എന്ന സ്കൂൾ നിലപാട് വിജയിച്ച സ്ഥിതിക്ക്) ഹർജി രമ്യമായി ക്ലോസ് ചെയ്യുന്നു എന്ന് പറഞ്ഞു.
കൊച്ചി: സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ സ്കൂൾ നയങ്ങൾക്ക് വിരുദ്ധമായി മുസ്ലീം വിദ്യാർത്ഥിനി ഹിജാബ് ധരിച്ചു വന്നതിനെതുടർന്നുണ്ടായ പരാതിയിൽ നടന്നുവന്ന കേസ് കോടതി അവസാനിപ്പിച്ചു. സ്കൂളിനെതിരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകുകയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർ സ്കൂളിനെതിരെ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ചില സംഘടനകളുടെ നേതൃത്വത്തിൽ ക്രൈസ്തവസ്ഥാപനങ്ങൾക്കും സന്യസ്തർക്കുമെതിരായ വ്യാപകമായ അപവാദ വിദ്വേഷ പ്രചാരണങ്ങളും ദിവസങ്ങളായി നടന്നുവരികയായിരുന്നു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിന് നൽകിയ നോട്ടീസും തുടർനടപടികളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സിബിഎസ്ഇ സിലബസിലുള്ള സെന്റ് റീത്താസ് പബ്ലിക് സ്കൂൾ കോടതിയിൽ ഹർജി നൽകിയത്. സ്കൂളിന് പോലീസ് സംരക്ഷണം നൽകാൻ കോടതി മുൻപ് ഉത്തരവിട്ടിരുന്നു. സ്കൂൾ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച കോടതി അന്തിമ വിധി വരുന്നത് വരെ സ്കൂളിന് എതിരെ നടപടികൾ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചിരുന്നു. സിബിഎസ്ഇ സ്കൂളിൽ കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അധികാരം സാധ്യമാണോ എന്നും കോടതി ചോദിച്ചിരുന്നു.
തുടർന്ന് ഇന്ന് നടന്ന വാദത്തിലാണ് പരാതിക്കാരിയായ വിദ്യാർത്ഥിനി സ്കൂളിൽ തുടരാൻ ആഗ്രഹിക്കുന്നില്ലായെന്ന് കോടതി മുൻപാകെ അഭിഭാഷകൻ അറിയിച്ചത്. സ്കൂളിനെതിരെ മറ്റ് നടപടികൾ സ്വീകരിക്കില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. മറ്റ് വാദങ്ങളിലേക്ക് കൂടുതൽ കടക്കേണ്ട ആവശ്യമില്ലെന്ന നിഗമനത്തിൽ റിട്ട് ഹർജി അവസാനിപ്പിക്കുകയായിരുന്നു. വാദത്തിനിടയിൽ, തനിക്ക് ലഭിച്ചതും കോൺവെന്റ് സ്കൂളിലെ വിദ്യാഭ്യാസമാണെന്നും സിസ്റ്റർമാരുടെ സേവനങ്ങൾ തനിക്ക് മനസ്സിലാകുമെന്നും ജസ്റ്റിസ് വി ജി അരുൺ പറഞ്ഞു.
സിസ്റ്റർമാർ കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി തോന്നണമെന്നില്ല, അത് വിദ്യാർത്ഥിനിയുടെ സ്വന്തം ഇഷ്ടപ്രകാരം സ്കൂൾ വിട്ടുപോകുന്നത് ആയി രേഖപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. തന്റെ എല്ലാ സ്കൂൾ ദിവസവും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ് ആരംഭിച്ചതെന്നും ജസ്റ്റിസ് പങ്കുവെക്കുകയുണ്ടായി. വ്യാപകമായ സൈബർ ആക്രമണവും തെറ്റായ വാർത്തകളുടെ പ്രചരണവും സ്കൂളിനും സന്യസ്ത ആയ പ്രിൻസിപ്പാളിനും സ്കൂളിന്റെ അഭിഭാഷകക്കെതിരെയും ഉണ്ടായിരുന്നു.
അഭിഭാഷകക്കെതിരെ ബാർ കൗൺസിലിൽ ചിലർ പരാതി നൽകുകയുണ്ടായിരുന്നു. വ്യാജ വാർത്തകൾ നൽകി രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇത്തരം വിവാദങ്ങൾ ഉപയോഗിക്കരുതെന്നും സൈബർ ആക്രമണങ്ങൾ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. ഒരു വിദ്യാർത്ഥിനി സ്കൂളിൽ നിന്നും മാറിപ്പോകുന്നതിൽ വിഷമം ഉണ്ട്. എങ്കിലും അവരുടെ തീരുമാനത്തെ മാനിക്കുന്നു. കോടതി ഇടപെടലിൽ ഈ പ്രശ്നം പരിഹരിക്കാൻ ആയതിൽ ആശ്വാസം ഉണ്ടെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.




