പാലാ : ക്രൈസ്തവസഭകളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് , പ്രധാനമായും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഒരു പ്രതിനിധി സമ്മേളനം പാലാ ബിഷപ്സ് ഹൗസിൽ വച്ച് 2025 ഒക്ടോബർ 15 ആം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചേർന്നു.
സീറോ മലബാർ സഭയുടെ വിദ്യാഭ്യാസ- എക്യുമെനിക്കൽ കമ്മീഷനുകളുടെ ചെയർമാനും പാലാ രൂപതാധ്യക്ഷനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് സമ്മേളനം വിളിച്ചു ചേർത്തത്.
കേരളത്തിലെ വിവിധ സഭകളുടെ വിദ്യാഭ്യാസത്തിനും സഭൈക്യത്തിനുമായുള്ള ചുമതലകൾ വഹിക്കുന്ന മെത്രാന്മാരും വൈദികരും അൽമായ പ്രതിനിധികളുമാണ് സീറോ- മലബാർ എക്യുമെനിക്കൽ, വിദ്യാഭ്യാസ കമ്മീഷനുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പങ്കുചേർന്നത്.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ സ്ഥാനീയനായി നടത്തപ്പെട്ട യോഗത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു.
യോഗ തീരുമാനങ്ങൾ :
1.ഭിന്നശേഷി പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഉത്തരവ് ഇറക്കണം. ഇനിയും കോടതിയിലേക്കു വലിച്ചിഴക്കാതെ പ്രശ്നം പരിഹരിക്കണം.
2.ഭിന്നശേഷി നിയമനത്തിലൂടെ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ മാനേജർമാർക്കു ഭരണഘടന നൽകിയിരിക്കുന്ന, അധ്യാപകരെ തിരഞ്ഞെടുക്കാനും നിയമിക്കാനും ഉള്ള അധികാരം കവർന്നെടുക്കാനുള്ള ശ്രമത്തെ യോഗം അപലപിച്ചു. ഗവൺമെന്റ് തരുന്ന ലിസ്റ്റിൽ നിന്ന് ഇന്റർവ്യൂ നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കാനുള്ള അവകാശം ന്യൂനപക്ഷ മാനേജ്മെന്റുകൾക്കു പുനഃസ്ഥാപിച്ചു തരണം.
3.കഴിഞ്ഞ രണ്ടു വർഷമായി ഒരു നടപടിയും സ്വീകരിക്കാതെ പൂഴ്ത്തി വച്ചിരിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുകയും കമ്മീഷൻ ക്രൈസ്തവ സമുദായങ്ങളുടെ ഉന്നമനത്തിനായി നിർദ്ദേശിച്ചിരിക്കുന്ന കാര്യങ്ങൾ നടപ്പാക്കുകയും ചെയ്യണം.
മുഖ്യ സ്ഥാനീയനായി യോഗത്തിൽ സന്ദേശം നൽകിയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ, ക്രൈസ്തവർ നാഷണൽ ഇന്റഗ്രേഷന്റെ ( ദേശീയോദ്ഗ്രഥനം ) അവിഭാജ്യ ഘടകമാണെന്നും ഈ രാജ്യത്തിന്റെതന്നെ മക്കളും ആണെന്നും ഓർമിപ്പിച്ചു. നാം എത്ര പേരുണ്ടെന്നതല്ല; നാം ചെയ്യുന്ന ശുശ്രൂഷയാണ് പ്രധാനം.
അതുകൊണ്ടുതന്നെ ക്രൈസ്തവ ശബ്ദം ഒരുമിച്ചുയർത്തും. അധ്യക്ഷ പ്രസംഗം നിർവഹിച്ച
ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് , ക്രൈസ്തവ സമുദായങ്ങളും സഭയും രാഷ്ട്രവും സംബന്ധിക്കുന്ന കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെന്നും സമുദായ ബോധം വളർത്തിയെടുക്കണമെന്നും ഉദ്ബോധിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ മാർത്തോമാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ ജോസഫ് മാർ ബർന്നബാസ്, പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ അധ്യക്ഷനും ഇന്റർ ചർച്ച് കൗൺസിലിന്റെ സെക്രട്ടറിയുമായ മാർ ഔഗിൻ കുറിയാക്കോസ് മെത്രാപ്പോലീത്താ, ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മാർ സെവേറിയാസ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോട്ടയം ഭദ്രാസന അധ്യക്ഷൻ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ, യാക്കോബായ സുറിയാനി സഭ അങ്കമാലി -മൂവാറ്റുപുഴ റീജിയൻ മെത്രാപ്പോലീത്താ മാത്യൂസ് മാർ അന്തിമോസ്, സി എസ് ഐ ഈസ്റ്റ് കേരള ഡയോസിസ് ബിഷപ്പ് വി. എസ്. ഫ്രാൻസീസ്, സീറോ- മലബാർ സഭ ഷംഷാബാദ് അതിരൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ , ക്നാനായ കത്തോലിക്കാ സമുദായ കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം, മലബാർ സ്വതന്ത്ര സുറിയാനി സഭ സെക്രട്ടറി ശ്രീ. ബിനോയി പി മാത്യു , സീറോ -മലങ്കര സഭ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ് തേക്കടയിൽ, കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, സീറോ മലബാർ സഭ പി ആർ ഓ ഫാ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
വിവിധ സഭകളിൽ നിന്നുള്ള മെത്രാന്മാരെ കൂടാതെ, കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസികളുടെ സെക്രട്ടറിമാരും വിവിധ സഭകളുടെ വൈദിക, അൽമായ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.
സീറോ – മലബാർ എഡ്യുക്കേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. ഡൊമിനിക് അയലൂപറമ്പിൽ യോഗത്തിന് സ്വാഗതവും എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ കൃതജ്ഞതയും രേഖപ്പെടുത്തി.