Faith News Reader's Blog Social Media

വർഗീയതയ്ക്ക് വളമിടുന്ന ഉദ്യോഗസ്ഥരെയും സംഘടനകളെയും നിയമനടപടികൾക്ക് വിധേയരാക്കണം…

By Voice of Nuns

വിദ്യാഭ്യാസ മന്ത്രിക്ക് തെറ്റായ, വാസ്തവ വിരുദ്ധമായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി അനിവാര്യം: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക്ക് സ്കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ ക്ലാസ്സിൽ പ്രവേശിപ്പിക്കാതെ പുറത്ത് നിർത്തി എന്ന രീതിയിൽ തെറ്റായ റിപ്പോർട്ട് കൊടുത്ത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.

വിദ്യാർത്ഥിനി ഹിജാബ് ധരിച്ചെത്തിയ ആദ്യ ദിവസം സ്കൂളിൽ ആർട്ട് ഡേ ആയതിനാൽ ക്ലാസ് ഉണ്ടായിരുന്നില്ല. വിദ്യാർത്ഥിനി മുഴുവൻ സമയവും ആർട്ട് ഡേ നടക്കുന്ന ഹാളിൽ ഉണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് കുട്ടിയെ ക്ലാസിന് പുറത്ത് നിർത്തിയെന്ന കണ്ടുപിടുത്തം റിപ്പോർട്ടിൽ വന്നത്? ആരുടേതാണ് ഈ കുടിലബുദ്ധി?

2.സ്കൂൾ അധികൃതരുമായി ബന്ധപ്പെടാതെ എങ്ങനെയാണ് പ്രശ്നം പരിഹരിച്ചു എന്ന് പറഞ്ഞു പത്രസമ്മേളനം നടത്താൻ ബഹു. എംപി ഹൈബി ഈഡന് കഴിഞ്ഞത്? വിദ്യാർത്ഥിനിയുടെ പിതാവുമായി എംപി നടത്തിയ ചർച്ച തീർച്ചയായും പ്രശ്ന പരിഹാര സാധ്യതകൾ തുറന്നിട്ടിട്ടുണ്ട്.

പക്ഷേ, സ്കൂൾ അധികൃതരുമായി വിദ്യാർത്ഥിനിയുടെ പിതാവിന്റെ തീരുമാനത്തെക്കുറിച്ച് ചർച്ച ചെയ്യാതെ, പ്രശ്നം പരിഹരിച്ചു എന്ന പ്രഖ്യാപനവുമായി മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ എംപി ക്ക് എങ്ങനെ സാധിക്കും?

3.കോടതിയുടെ മുമ്പിലുള്ള വിഷയത്തിൽ ബഹു. മന്ത്രി വി ശിവൻകുട്ടിക്ക്, ബഹുമാനപ്പെട്ട കോടതികളുടെ 2018, 2022 വർഷങ്ങളിലെ സുപ്രധാന വിധികളെ മാനിക്കാതെ എങ്ങനെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇടാനും, നിലവിലെ കോടതി വിധികൾക്ക് വിരുദ്ധമായി ഉത്തരവ് നൽകാനും കഴിയും?

കുഞ്ഞുങ്ങൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക, അവരെ മൂല്യബോധമുള്ള പൗരന്മാരായി വളർത്തികൊണ്ടു വരിക ഇതാണ് വിദ്യാഭ്യാസരംഗത്ത് സജീവമായ ഞങ്ങളുടെ സമർപ്പിതർ ചെയ്തുവരുന്നത്. തട്ടമിട്ടാലും തട്ടമിട്ടില്ലേലും ഞങ്ങൾ കുഞ്ഞുങ്ങൾക്ക് അറിവും സ്നേഹനിറവും നൽകാൻ ശ്രമിക്കും.

പക്ഷേ, ആൾക്കൂട്ടങ്ങളുടെ ആരവം കൊണ്ട് ഭയപ്പെടുത്തിയും മതവ്യത്യാസങ്ങൾ വളർത്തിയും ക്യാമ്പസുകളെ വിഭജിതമാക്കാനുള്ള തൽപ്പര കക്ഷികളുടെ ഗൂഢ നീക്കങ്ങളെ ഞങ്ങൾ ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യും.

ഇവിടുത്തെ വിഷയം ഹിജാബോ വസ്ത്രധാരണമോ അല്ല, സാമൂഹികഐക്യവും സമത്വവും സാഹോദര്യവുമാണ്. സൗഹൃദത്തിലും തുറവിയിലും ആദരവിലുമുള്ള സമീപനങ്ങളെ ഇല്ലാതാക്കാം എന്നാരും കരുതരുത്. അടിസ്ഥാനപരമായി ഇതരമതങ്ങളോടുള്ള ആദരവിന്റെ സമീപനമാണ് ഞങ്ങളുടേത്.

അത് ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും മാറ്റിയെടുക്കാം എന്ന് ആരും കരുതരുത്. നമ്മെ അകറ്റുന്ന വിഭാഗീയതയുടെ മതിൽക്കെട്ടുകൾ അല്ല, നമ്മെ ഒരുമിപ്പിക്കുന്ന സാഹോദര്യത്തിന്റെ പാലങ്ങളാണ് നാം പണിയേണ്ടത്.

പൗരന്മാർ ഭരണഘടനാനട്ടെല്ലു നിവർത്തി ഒന്നു നിന്നാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ!
ഫാ. ജോഷി മയ്യാറ്റിൽ

52 മുസ്ലീം പെൺകുട്ടികൾ ഉൾപ്പെടെ നാനൂറോളം വിദ്യാർത്ഥികൾ ചട്ടങ്ങളെല്ലാം അനുസരിച്ച് സ്വച്ഛമായി പഠിക്കുന്ന പള്ളുരുത്തിയിലെ സെൻ്റ് റീത്താസ് സ്കൂളിൽ കൊണ്ടുവന്ന് സ്വന്തം മകളെ ചേർത്തിട്ട് ജൂൺ മുതൽ ഒക്ടോബർ 6 വരെ സ്കൂളിൻ്റെ യൂണിഫോം പാലിച്ചിട്ട് ആ കുടുംബം ഒക്ടോബർ 7 മുതൽ ആ പാവം കുട്ടിയെ വേഷംകെട്ടിച്ചു!

നിശ്ചിത യൂണിഫോമിൽ (പെൺകുട്ടികൾ മുടി രണ്ടായി പിന്നിയിടണം എന്നതുൾപ്പെടെ) ഒരു മാറ്റവും അനുവദിക്കില്ല എന്നു വ്യക്തമാക്കിയ മാനേജുമെൻ്റിനെതിരേ ഭീകര പ്രസ്ഥാനക്കാരുമായി സ്കൂളിൽ ചെന്ന് സംഘർഷമുണ്ടാക്കി!! കുട്ടികളുടെ ഭാവി വച്ച് പന്താടുന്നതിൽ ഈ വർഗീയ വാദികൾക്ക് ഒരു മനക്കടിയും ഇല്ലേ?

വിദ്യാലയങ്ങളെ മതഭ്രാന്തിൻ്റെ പരീക്ഷണശാലയാക്കാനുള്ള കുതന്ത്രങ്ങളെ പൊതുസമൂഹം ഒന്നായി നട്ടെല്ലോടെ ചെറുക്കണം. നിലപാടിൽ ഉറച്ചുനിന്ന് മതമൗലികവാദത്തെയും ഭീകരവാദികളുടെയും വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥരുടെയും ഭീഷണിയെയും വിദ്യാഭ്യാസമന്ത്രിയുടെ വിവരക്കേടിനെയും ചെറുത്ത ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ!


മാനവികവും പ്രാർത്ഥനാപൂർവകവുമായ നിങ്ങളുടെ ശുശ്രൂഷകൾക്ക് മനുഷ്യരാശി എന്തുമാത്രം കടപ്പെട്ടിരിക്കുന്നു!! ക്രൈസ്തവ സന്യാസത്തിൻ്റെ അത്യുജ്വലമായ സാമൂഹികധർമം കൂടുതൽ ഊർജ്ജസ്വലതയോടെ തുടരുക… കേരളത്തിൽ ആദ്യമായി പെൺകുട്ടികൾക്കായി സ്കൂൾ തുറന്ന മദർ ഏലീശ്വായുടെ 194-ാം ജന്മദിനമായിരുന്നു ഇന്നലെ… നവംബർ 8ന് ആഗോള സഭ ഏലീശ്വാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമ്പോൾ സത്യത്തിൽ സാക്ഷരകേരളവും സ്ത്രീശക്തീകൃത കേരളവുമാണ് ആദരിക്കപ്പെടുന്നത്!


ഈ ദിവസങ്ങളിൽ നിങ്ങൾക്കുണ്ടായ മനോവിഷമം ഞങ്ങൾക്ക് ഊഹിക്കാവുന്നതിനും അപ്പുറമാണ്. ക്രൂശിതനിൽ നങ്കൂരമിട്ടിരിക്കുന്ന നിങ്ങൾക്ക് ഇതൊക്കെ ഒരു പൂച്ചെണ്ടായേ തോന്നൂ എന്നറിയാം.

ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് എറണാകുളം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിൻ്റെ ഭാഗത്തു നിന്നുണ്ടായ പീഡനനിലപാടുകളാണ്. ഇവരെ കൃത്യമായി മനസ്സിലാക്കാൻ പൊതുസമൂഹം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആദ്യ ദിവസങ്ങളിൽത്തന്നെ ‘ബെസ്റ്റ് ഗുലാണ്ടർ’ അംഗീകാരം കിട്ടിയ ആരുടെയോ ഫോണിൽ നിന്ന് NOC കട്ട് ചെയ്യുമെന്ന് വ്യാജഭീഷണി വന്നെന്നു കേൾക്കുന്നു!

സ്കൂളിലെത്തി മാനേജുമെൻ്റിനോട് പരുഷമായി സംസാരിച്ചതും പോരാ, പിന്നെ വസ്തുതാവിരുദ്ധമായ വ്യാജ റിപ്പോർട്ടു നല്കി മന്ത്രിയെ കുഴിയിൽ ചാടിച്ചതും ഇക്കൂട്ടരാണ്! ഏതായാലും ചക്കിക്കൊത്ത ചങ്കരൻ തന്നെ!
ഈ സമയം വരെ (7.00 am, 16.10.2025) സ്കൂളധികാരികൾ ഉൾപ്പെട്ട ഒരു സമവായ ചർച്ചയും ആ സ്കൂളിൽ നടന്നിട്ടില്ല എന്നതാണ് വാസ്തവം. സ്കൂളിൻ്റെ ചട്ടങ്ങൾ പാലിക്കാൻ മാതാപിതാക്കൾ രേഖാമൂലമുള്ള സമ്മതം തരുമെന്ന വ്യവസ്ഥ പാലിച്ചു മാത്രമേ കുട്ടിയെ ഇനി അവിടെ തുടരാൻ അനുവദിക്കേണ്ടതുള്ളൂ.