2025 ഒക്ടോബർ 9-ന്, ലിയോ പതിനാലാമൻ മാർപ്പാപ്പ തന്റെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനമായ “ദിലെക്സി തേ” (“ഞാൻ നിന്നെ സ്നേഹിച്ചു”) പുറത്തിറക്കി. ദരിദ്രരെയും ദുർബലരെയും സേവിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു എന്നതാണ് ഈ അപ്പോസ്തോലിക പ്രബോധനത്തിന്റെ സവിശേഷത.
121 ഖണ്ഡികകൾ ഉള്ള ഈ രേഖ, “ദരിദ്രരിൽ, ദൈവം നമ്മോട് സംസാരിക്കുന്നത് തുടരുന്നു” (5) എന്ന് പ്രസ്താവിക്കുന്ന സുവിശേഷ സന്ദേശത്തിലും സഭയുടെ സാമൂഹിക സിദ്ധാന്തത്തിലും വേരൂന്നിയതാണ്.
“ദരിദ്രർക്കുള്ള മുൻഗണനയെക്കുറിച്ചു” പോപ്പ് ലെയോ അടിവരയിട്ടു പറയുന്നു: “മുൻഗണന’ ഒരിക്കലും മറ്റ് വിഭാഗങ്ങളോടുള്ള പ്രത്യേകതയോ വിവേചനമോ സൂചിപ്പിക്കുന്നില്ല, മറിച്ച് എല്ലാ മനുഷ്യരാശിയുടെയും ദാരിദ്ര്യത്തോടും ബലഹീനതയോടുമുള്ള അനുകമ്പയാൽ നയിക്കപ്പെടുന്ന ദൈവത്തിന്റെ പ്രവൃത്തികളെ” പ്രതിഫലിപ്പിക്കുന്നു.” (16)
“ദരിദ്രരുടെ മുറിവേറ്റ മുഖങ്ങളിലും, നിരപരാധികളുടെ സഹനങ്ങളിലും അതിനാൽ ക്രിസ്തുവിന്റെതന്നെ മുറിവുകളും സഹനങ്ങളും നാം കാണുന്നു” (9) പാപ്പ കൂട്ടിച്ചേർത്തു. സമകാലിക വിഷയങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പ പ്രഖ്യാപിക്കുന്നു, “അസമത്വം ‘സാമൂഹിക തിന്മകളുടെ മൂലകാരണം’ എന്ന് എനിക്ക് ഒരിക്കൽ കൂടി പറയാൻ കഴിയും” (94).
“കൊല്ലുന്ന ഒരു സമ്പദ്വ്യവസ്ഥയുടെ സ്വേച്ഛാധിപത്യത്തെ” അപ്പോസ്തോലിക പ്രബോധനം വിമർശിക്കുന്നു. അവിടെ “സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വർദ്ധിക്കുമ്പോൾ ചുരുക്കം ചിലരുടെ സമ്പത്ത് ‘അതിവേഗം’ വളരുന്നു” (92).
“ദശലക്ഷക്കണക്കിന് ആളുകൾ വിശപ്പ് മൂലം മരിക്കുകയോ മനുഷ്യർക്ക് അനുയോജ്യമല്ലാത്ത സാഹചര്യങ്ങളിൽ അതിജീവിക്കുകയോ ചെയ്യുന്നത് നിസ്സംഗതയോടെ സഹിക്കുന്ന” “എറിഞ്ഞുകളയൽ സംസ്കാരത്തെ” പാപ്പ അപലപിക്കുകയും (96), “ഒരു സ്വതന്ത്ര വിപണി സമ്പദ്വ്യവസ്ഥ ദാരിദ്ര്യത്തിന്റെ പ്രശ്നം സ്വയമേവ പരിഹരിക്കും” എന്ന ആശയം തള്ളിക്കളയുകായും ചെയ്യുന്നു. (114).
കുടിയേറ്റത്തെക്കുറിച്ച്, അദ്ദേഹം ഉറപ്പിച്ചു പറയുന്നു, “എല്ലാ തിരസ്കരിക്കപ്പെടുന്ന കുടിയേറ്റക്കാരിലൂടെയും, സമൂഹത്തിന്റെ വാതിലിൽ മുട്ടുന്നത് ക്രിസ്തു തന്നെയാണ്” (75), “സ്വാഗതം, സംരക്ഷണം, പ്രോത്സാഹനം, സംയോജിപ്പിക്കൽ” എന്നിവയ്ക്കുവേണ്ടി അവിടുന്ന് അപേക്ഷിക്കുന്നു.
ദരിദ്രരെ പാപ്പ വിശേഷിപ്പിക്കുന്നത് “നമ്മുടെ കാരുണ്യത്തിന്റെ അവകാശികൾ എന്ന് മാത്രമല്ല, സുവിശേഷത്തിന്റെ അധ്യാപകരുംകൂടിയാണെന്നാണ്.” (79), “ദരിദ്രരെ സേവിക്കുക എന്നത് ‘മുകളിൽ നിന്ന്’ ചെയ്യേണ്ട ഒരു പ്രവൃത്തിയല്ല, മറിച്ച് തുല്യർ തമ്മിലുള്ള ഒരു കൂടിക്കാഴ്ചയാണ്, അവിടെ ക്രിസ്തു വെളിപ്പെടുത്തപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു..
അതിനാൽ, ദരിദ്രരെ പരിപാലിക്കാൻ സഭ കുനിയുമ്പോൾ, അവൾ അവളുടെ ഏറ്റവും ഉയർന്ന സ്ഥാനം ഏറ്റെടുക്കുന്നു” (79). ദാരിദ്ര്യത്തിന്റെ പ്രശ്നം അടിസ്ഥാനപരമായി അങ്ങനെ പരിഹരിക്കുന്നു” (114).
“നമ്മൾ ക്രിസ്ത്യാനികൾ ദാനധർമ്മം ഉപേക്ഷിക്കരുത്… അത് ലോക ദാരിദ്ര്യത്തിന്റെ പ്രശ്നം പരിഹരിക്കില്ല, എന്നിരുന്നാലും അത് ഇപ്പോഴും ബുദ്ധിശക്തിയോടും ഉത്സാഹത്തോടും സാമൂഹിക ഉത്തരവാദിത്തത്തോടും കൂടി നടപ്പിലാക്കണം” (119) എന്ന് പറഞ്ഞുകൊണ്ട് ലിയോ മാർപ്പാപ്പ ദാനധർമ്മത്തെ ന്യായീകരിക്കുന്നു.
“ഓരോ മനുഷ്യ വ്യക്തിയുടെയും അന്തസ്സ് നാളെയല്ല, ഇന്ന് ബഹുമാനിക്കപ്പെടണം” (92), “അനീതി നിറഞ്ഞ ഘടനകൾ”ക്കെതിരെ നടപടിയെടുക്കാൻ പ്രേരിപ്പിക്കുകയും (97), “ദരിദ്രരാണ് സഭയുടെ ഹൃദയഭാഗത്ത്” (111) എന്ന സുവിശേഷത്തിന്റെ സന്ദേശം സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട് പുതിയ അപ്പോസ്തോലിക പ്രബോധനത്തിൽ.
ദാരിദ്ര്യത്തെ പ്രണയിക്കുകയും പ്രിയ വധുവായി സ്വീകരിക്കുകയുംചെയ്ത അസ്സീസിയിലെ ഫ്രാൻസിസിന്റെ തിരുനാൾ ദിനത്തിലാണ് ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യത്തെ അപ്പോസ്തോലിക പ്രബോധനമായ ‘ദിലെക്സി തേ’ ഒപ്പുവച്ചത്.
ഫ്രാൻസിസ് പാപ്പ പുറത്തിറക്കാൻ ആഗ്രഹിച്ചതും, ഈശോ മിശിഹായുടെ ഹൃദയത്തിന്റെ മാനുഷികവും ദിവ്യവുമായ സ്നേഹത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഡിലെക്സിറ്റ് നോസ് – അവൻ നമ്മെ സ്നേഹിച്ചു എന്ന ഫ്രാൻസിസ് പാപ്പായുടെ അവസാനത്തെ ചാക്രിയക് ലേഖനത്തിന്റെ തുടർച്ചയാണ് ദിലെക്സി തേ- ഞാൻ നിന്നെ സ്നേഹിച്ചു -യിൽ നാം കാണുന്നത്.
ഓരോ മനുഷ്യ വയക്തിയും ഈശോ മിശിഹായിലൂടെ നമ്മിലേക്ക് ചൊരിയപ്പെട്ട ദൈവ സ്നേഹം സഹോദരനഗലിലേക്കു പകരുമ്പോളാണ് പൂർണ്ണമാകുന്നത് എന്ന ആശയമാണ് പുതിയ അപ്പോസ്തോലിക പ്രബോധനം മുന്നോട്ടുവയ്ക്കുന്നത്.