വിപിൻ ജോസഫ്
2025ാം ആണ്ടിൻ്റ അവസാന പാതത്തിലൂടെ സഞ്ചരിക്കുമ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന യുവജന മുന്നേറ്റങ്ങൾക്കെല്ലാം മുൻ അനുഭവങ്ങളിലേതിൽ നിന്ന് വിത്യസ്തമായൊരു മാനമുണ്ടെന്നതിന് ലോകം സാക്ഷിയാകുന്നു. നീതി നിഷേധിക്കുന്ന ഭരണ വിഭാഗത്തെ രാവിരുട്ടി വെളുക്കുമ്പോൾ താഴെയിറക്കുവാനും, സാംസ്കാരിക ക്രമീകരണം-
എന്ന വാക്കിനെ മാറ്റി നിർത്തി ലോക രാജ്യങ്ങളിലൂടെ നടക്കുന്ന കുടിയേറ്റങ്ങൾക്കും, ഒരു കാലഘട്ടം ദുഷ്കരം എന്ന് തലക്കെട്ട് കൊടുത്തതിനെയൊക്കെയും നിഷ്പ്രയാസം എന്ന ഹാഷ് ടാഗിലേക്ക് തിരുത്തി എഴുതുവാനും ഈ ജെൻസി കാലഘട്ടത്തിന് സാധിക്കുന്നു എന്നത് നവമാധ്യമ സംസ്കൃതി രൂപപ്പെടുത്തുന്ന അനന്ത സാധ്യതയാണെന്നതിന് തർക്കമില്ല.
സിറിയോ ജെമിനിയോ കേമം ചർച്ച ചെയ്യുന്ന പൊതുയിടങ്ങളിൽ; ‘സാമൂഹിക മധ്യമത്തിലെ ചതിക്കുഴി’ എന്ന ക്ലീഷേ വാചകത്തിന് പ്രസക്തിയില്ലാതാവുന്നു. ഇവിടെ പരിശുദ്ധ കത്തോലിക്ക സഭ വിശുദ്ധനായ പ്രഖ്യാപിച്ച കാർലോ അക്വിറ്റസിൻ്റെ ജീവിതം യുവജനങ്ങൾക്ക് സൂചനപ്പലകയാണ്.
നവ മാധ്യമങ്ങളെയും അവയുടെ അനുബന്ധ സാധ്യതകളെയും ഒഴിച്ച് നിർത്തിയൊരു ജീവിതം ഈ കാലത്ത് ഉട്ടോപ്യൻ സംസ്കൃതി ആണെന്ന് വ്യക്തമാകുന്നിടത്ത്, എങ്ങനെ ഈ സാധ്യതകളെ പക്വമായി കൈകാര്യം ചെയ്യാം എന്ന് വി. കാർലോ അക്കുത്തിസ് ജീവിതത്തിലൂടെ കാണിച്ച് തന്ന അനേകായിരം മാതൃകകളുണ്ട്.
2018 -ലെ ആഗോള യുവജന സിനഡിന് ശേഷം പ്രസിദ്ധികരിച്ച ‘ക്രിസ്തുസ് വീവിത്ത്’ എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ 105-106 ഖണ്ഡികയില്‍ കാര്‍ലോ അക്കുത്തിസിനെ പറ്റി കാലം ചെയ്ത പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്രകാരം പ്രതിപാദിക്കുന്നു –
‘ഒരു കമ്പ്യൂട്ടര്‍ പ്രതിഭയായിരുന്ന കാര്‍ലോയുടെ സാന്നിധ്യവും, സേവനവും ഈ ഡിജിറ്റല്‍ ലോകത്തിലും, സാമൂഹിക നെറ്റ്‌വര്‍ക്കുകളിലും വലിയ സ്വാധീനം നല്‍കി. നവീനമായ ആശയ വിനിമയ സംവിധാനങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കാനും മൂല്യങ്ങളെ പകര്‍ത്താനും കാര്‍ലോയ്ക്ക് സാധിച്ചു. അനുകരണീയങ്ങളായ ഒരുപാട് വിശുദ്ധ മാതൃകകൾ കത്തോലിക്ക സഭ നൽകുമ്പോൾ അവയിൽ സമകാലീന പ്രസക്തനായി വി. കാർലോ മാറുന്നു.
ഇത് മില്ലേനിയല്‍സിന്റെ വിശുദ്ധന്‍ എന്ന് അഭിമാന ബോധത്തോടെ ഏറ്റ് പറയാൻ ഈ കാലഘട്ടത്തിലെ ചെറുപ്പക്കാർക്ക് സാധിക്കണം. സിനിമകള്‍ കാണാറുണ്ടായിരുന്ന, ഫുട്‌ബോള്‍ കളിയും വീഡിയോ ഗെയിമുകളും ഇഷ്ടപ്പെട്ടിരുന്ന കാർലോ ഞാൻ തന്നെയാണ് എന്ന ഉൾബോധം വലിയ സാമൂഹിക ചലനങ്ങൾക്ക് വഴി തെളിക്കും.
ഇവിടെ തുടങ്ങേണ്ടത് ഒരു ‘കാർലോയിസ’മാണ്, ദൈവം പരിശുദ്ധ കത്തോലിക്ക സഭയിലൂടെ നമ്മുടെ മുൻപിൽ വി. കാർലോയെ അവതരിപ്പിക്കുമ്പോൾ അത് ഈ വിശുദ്ധനിലൂടെ ദൈവം നമ്മോട് ആവിശ്യപ്പെടുന്ന ജീവിത മാതൃകയാണെന്ന തിരിച്ചറിവുണ്ടാകണം.
സാമൂഹിക മാധ്യമത്തിൻ്റെ സാധ്യതകളെ അറിയാവുന്ന നിരന്തരം അത് പ്രയോഗിക്കുന്ന യുവതലമുറ, കത്തോലിക സഭയ്ക്ക് വേണ്ടി നമ്മുടെ സമുദായത്തിന് വേണ്ടി പൊതുയിടത്ത് ക്രിസ്തു ജീവിത മാതൃക പ്രഘോഷിക്കുവാൻ വി.കാർലോ നൽകിയ മാതൃക സ്വീകരിക്കണം.
ദേവാലയത്തിൽ ചാട്ടവാറെടുത്ത യേശു ക്രിസ്തുവും നമ്മുടെ മുൻപിലെ ജീവിതമാണെന്ന തിരിച്ചറിവിൽ, കത്തോലിക്ക സമൂഹത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങളിൽ വി. കാർലോ മാതൃക പിന്തുടർന്ന് മാതൃക സൈബർ പ്രവർത്തനം നടത്താൻ നമ്മുക്കാവണം.