ലാജി സി തോമസ്
ചരിത്രത്തിന്റെ താളുകളിൽ, ചില വ്യക്തിത്വങ്ങൾ കാലാതീതമായി പ്രശോഭിച്ച് നിൽക്കും. അത്തരമൊരു നക്ഷത്രമാണ് അസ്സീസിയിൽ ജനിച്ച ഫ്രാൻസിസ് എന്ന വിശുദ്ധൻ. അദ്ദേഹത്തിന്റെ ജീവിതം, ഒരു കൊടുംകാറ്റിന്റെ ശക്തിയോടെ പഴയ ലോകത്തിന്റെ നിയമങ്ങളെ മാറ്റിമറിക്കുകയും, മനുഷ്യഹൃദയങ്ങളിൽ സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും വിത്തുകൾ പാകുകയും ചെയ്തു.
ഫ്രാൻസിസിന്റെ ജീവിതം ഒരു പുഴ പോലെയാണ്; അരുവിയിൽ നിന്ന് ജന്മമെടുത്ത്, പാറകളെ തഴുകി, താഴ് വാരങ്ങളിലൂടെ ഒഴുകി, ഒടുവിൽ വലിയൊരു നദിയായി മാറുന്നു, വഴിനീളെ ജീവൻ നൽകിക്കൊണ്ട്…
ഒരു സാധാരണ ധനികപുത്രനായിരുന്ന ജോവാനി ബെർണാർഡോൺ എന്ന ഫ്രാൻസിസ്, യൗവനത്തിൽ നിറംപിടിപ്പിച്ച സ്വപ്നങ്ങളും വീരസാഹസിക കഥകളും കണ്ടു ജീവിച്ച ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നു
ജീവിത യാത്രയിൽ താൻ അനുഭവിച്ചതും, കണ്ടെത്തിയതുമായ യാഥാർഥ്യങ്ങൾ താൻ അന്വേഷിച്ചിരുന്നതെല്ലാം പുറമേ ആയിരുന്നില്ല, ഉള്ളിലായിരുന്നു എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
ലോകത്തിന്റെ ഭൗതികമായ സമ്പത്തിൽ നിന്ന് വേർപെട്ട്, ദാരിദ്ര്യത്തെ വധുവായി സ്വീകരിച്ച്, ക്രിസ്തുവിനെ പൂർണ്ണമായി അനുഗമിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഈ തീരുമാനമായിരുന്നു, സഭയുടെ ചരിത്രത്തെയും ലോകത്തിന്റെ ഭാവിയെയും മാറ്റിമറിച്ച വിപ്ലവകരമായ തുടക്കം.
ഫ്രാൻസിസിന്റെ ജീവിതത്തെ ആസ്വാദ്യകരമാക്കുന്നത്, അദ്ദേഹത്തിന്റെ ലാളിത്യവും പ്രകൃതിയോടുള്ള സ്നേഹവുമാണ്. പക്ഷികളോടും മൃഗങ്ങളോടും പ്രസംഗിച്ച വിശുദ്ധൻ എന്ന നിലയിൽ അദ്ദേഹത്തെ ലോകം ഓർക്കുന്നു.
കാട്ടുപക്ഷികൾ അദ്ദേഹത്തിന്റെ തോളിലിരുന്ന് കൊഞ്ചുകയും, ചെന്നായ പോലും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വഴങ്ങുകയും ചെയ്ത കഥകൾ വെറും ഐതിഹ്യങ്ങളല്ല, മറിച്ച് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വിശുദ്ധ ബന്ധത്തിന്റെ പ്രതീകങ്ങളാണ്.
ഓരോ സൃഷ്ടിയിലും ദൈവത്തിന്റെ സൗന്ദര്യം ദർശിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സൂര്യനെയും ചന്ദ്രനെയും സഹോദരങ്ങളായും, കാറ്റിനെയും വെള്ളത്തെയും സഹോദരിമാരായും കണ്ട ആ ദിവ്യദർശനം, ആധുനിക മനുഷ്യന് പ്രകൃതിയോട് എങ്ങനെ സംവദിക്കണം എന്നതിന്റെ വലിയൊരു പാഠമാണ്.
അവന് അതൊരു പ്രണയമായിരുന്നു….മഴത്തുള്ളിക്ക് വിണ്ടുകീറിയ പാടവരമ്പുകളിലെന്നപോലെ… പ്രഭാതകിരണങ്ങൾക്ക് പുൽനാമ്പിലെ തുഷാരങ്ങളൊടെന്നപോലെ… ശലഭങ്ങൾക്ക് വിടർന്ന പൂവിലെ മധുവിനോടെന്നപോലെ… മഞ്ഞിനോട്… പുഴുക്കളോട്… പൂമ്പാറ്റയോട്… കിളികളോട്… ജീവജാലങ്ങളോട്… എന്തിനധികം; കൊഴിഞ്ഞു വീഴുന്ന ഇലകളോട്… അയാൾക്ക് ഒടുങ്ങാത്ത പ്രണയമായിരുന്നു….
ഒരാൾ ഉപേക്ഷിച്ചു പോയ വയലിനോടും, പാടി മുഴുമിപ്പിക്കാനിരുന്ന സംഗീതത്തോടു പോലും… അയാൾക്ക് പ്രണയമായിരുന്നു…മരണത്തോടു പോലും… അതുകൊണ്ടാണ് അയാൾ യാത്ര പറഞ്ഞപ്പോൾ അവൾ ചിരിച്ചത്…അവൻ കണ്ടെത്തിയ പ്രണയം പൂർത്തിയായത് ആൽവർണിയോ കുന്നുകളിൽ ഇറങ്ങി വന്ന ‘അവസാനത്തെ മനുഷ്യൻ’ കയ്യിലും, കാലിലുമൊക്കെ പഞ്ച ക്ഷതങ്ങൾ (സ്റ്റിഗ്മാറ്റ) സമ്മാനിച്ചപ്പോഴാകാം…
നെഞ്ചിലെ പ്രണയ ഭിത്തിയിൽ ചിതറിവീണു കിടക്കുന്ന കുറെ ജീവനുള്ള രക്തത്തുള്ളികൾ ഉണ്ട് ഫ്രാൻസിസിന് … രക്തം കൊണ്ട് വരികൾ ചിട്ടപ്പെടുത്തി, നാട്ടിയ മരത്തിൽ കൈകാലുകൾ ചേർത്ത് അവൻ കാണിച്ചു തന്ന പ്രണയം… കുരിശിൽ നിന്ന് ഒഴുകിയെത്തി ജീവൻ നൽകുന്ന നനുനനുത്ത ഓർമ്മ പ്രണയമായി അവതരിപ്പിച്ചവൻ ആണ് ഫ്രാൻസിസ്…
‘ദാഹത്തിൻ്റെ കൂജയിൽ പ്രണയം നിറയ്ക്കാത്തവർ നമ്മളെ തൂക്കിലേറ്റട്ടെ’ (ഹണി ഭാസ്കരന്റെ കവിതകൾ)ഈ വരികൾക്ക് ഒരു പ്രത്യേക ഭംഗിയും ആഴവുമുണ്ട്. ഇത് പ്രണയത്തിന്റെ തീവ്രതയെയും, അത് ജീവിതത്തിൽ എത്രമാത്രം അനിവാര്യമാണെന്നതിനെയും കുറിച്ചുള്ള ഒരു ശക്തമായ പ്രസ്താവനയാണ്.
ഇവിടെ ‘ദാഹത്തിന്റെ കൂജ’ എന്നത് മനുഷ്യഹൃദയത്തിലെ സ്നേഹത്തിനായുള്ള അടങ്ങാത്ത ആഗ്രഹത്തെയും, ‘പ്രണയം നിറയ്ക്കാത്തവർ’ എന്നത് സ്നേഹം നൽകാനും സ്വീകരിക്കാനും കഴിയാത്ത, അല്ലെങ്കിൽ സ്നേഹത്തെ ജീവിതത്തിൽ വിലമതിക്കാത്ത ആളുകളെയും സൂചിപ്പിക്കുന്നു.
‘നമ്മളെ തൂക്കിലേറ്റട്ടെ’ എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ഒരു ശിക്ഷയെക്കുറിച്ചല്ല, മറിച്ച് പ്രണയമില്ലാത്ത ഒരു ലോകത്തിന്റെ ശൂന്യതയെയും, അത്തരം ഒരു ലോകത്ത് ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണെന്ന തീവ്രമായ വികാരത്തെയും ആണ് ഇത് പ്രകടമാക്കുന്നത്. പ്രണയമില്ലെങ്കിൽ ജീവിതത്തിന് അർത്ഥമില്ല, അതിനെ ശിക്ഷയായി കണക്കാക്കാം എന്നൊരു ധ്വനി ഇതിനുണ്ട്.
ഫ്രാൻസിസ് പ്രണയ ലോകത്തിന്റെ വക്താവാണ് … മനുഷ്യ ജീവിതത്തിൽ അൽഗോരിതങ്ങൾ തീരുമാനങ്ങൾ മെനയുന്ന ഈ കാലത്ത് ഫ്രാൻസിസ് എന്നും വെല്ലുവിളിയാണ്…ഈ സമൂഹത്തിന്റെ പലതരം സമ്മർദ്ദങ്ങൾക്കിടയിൽ, ഞാൻ ആരാണ്? എന്താണ്? എന്ന അസ്തിത്വ സംബന്ധിയായ അന്വേഷണം ഇല്ലാതെപോവുകയും, നാം പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങൾ നമ്മുടെ വേണ്ടപ്പെട്ടവരോടുപോലും സംക്രമിപ്പിക്കാൻ പറ്റാത്ത ‘ജമിനി’ചേച്ചിയുടെ ഈ ലോകത്ത് ഫ്രാൻസിസ് എന്നും വെല്ലുവിളിയാണ്!
ദാരിദ്ര്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും എടുത്ത് പറയേണ്ടതാണ്. ഭൗതികമായ എല്ലാ സമ്പത്തും ഉപേക്ഷിച്ച്, നഗ്നനായി കുരിശിലെ ക്രിസ്തുവിനെ അനുകരിച്ചപ്പോൾ, ഫ്രാൻസിസ് ലോകത്തോട് വിളിച്ചു പറഞ്ഞത്, യഥാർത്ഥ സന്തോഷം സമ്പത്തിലോ അധികാരത്തിലോ അല്ല, മറിച്ച് ദൈവത്തിലുള്ള വിശ്വാസത്തിലും സഹജീവി സ്നേഹത്തിലുമാണ് എന്നതാണ്.
ഈ ദാരിദ്ര്യം കേവലം പണമില്ലായ്മയായിരുന്നില്ല, മറിച്ച് ഹൃദയത്തിന്റെ ദാരിദ്ര്യം, ദൈവത്തിനുവേണ്ടിയുള്ള പൂർണ്ണമായ സമർപ്പണമായിരുന്നു. ദാരിദ്ര്യത്തെ തന്റെ “വധു” എന്ന് വിളിച്ച്, ക്രിസ്തുവിന്റെ ദാരിദ്ര്യത്തെ അക്ഷരാർത്ഥത്തിൽ അനുകരിച്ചവൻ.
സുവിശേഷ ദാരിദ്ര്യം എന്നത് ഭൗതികമായ ഒന്നുമില്ലാത്ത അവസ്ഥയേക്കാൾ ഉപരിയായി, ദൈവത്തിൽ മാത്രമുള്ള പൂർണ്ണ ആശ്രയത്തെയും, ഭൗതികതയോടുള്ള ശരിയായ മനോഭാവത്തെയും, സ്നേഹത്തിൽ അധിഷ്ഠിതമായ പങ്കുവെക്കലിനെയും സൂചിപ്പിക്കുന്ന ഒരു ആത്മീയ വഴിയാണ് – അങ്ങനെ വ്യാഖ്യാനിച്ചാൽ നാം ഇന്ന് കാട്ടിക്കൂട്ടുന്ന പലതും സാധൂകരിക്കപ്പെട്ടേക്കും!
സുവിശേഷ അനുസരണം എന്നത് സ്വന്തം ഇഷ്ടങ്ങളെ ത്യജിച്ച്, സ്നേഹത്തിൽ അധിഷ്ഠിതമായി ദൈവഹിതത്തിന് പൂർണ്ണമായി കീഴടങ്ങാനുള്ള ആത്മീയമായ തിരഞ്ഞെടുപ്പാണ്. ഇത് ക്രിസ്തുവിന്റെ മാതൃക പിന്തുടർന്ന് ആന്തരിക സ്വാതന്ത്ര്യവും സമാധാനവും കണ്ടെത്തുന്ന ഒരു വഴിയാണ്.
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതം ഒരു കഥയല്ല, അതൊരു ജീവിതാനുഭവമാണ്. അത് ഇന്നും നമ്മളോട് സംസാരിക്കുന്നു: ലാളിത്യത്തെക്കുറിച്ച്, സ്നേഹത്തെക്കുറിച്ച്, പ്രകൃതിയോടുള്ള ആദരവിനെക്കുറിച്ച്, ദാരിദ്ര്യത്തിന്റെ മഹത്വത്തെക്കുറിച്ച്. അദ്ദേഹത്തിന്റെ പാട്ടുകൾ കാറ്റിൽ അലിഞ്ഞു ചേരുന്നതുപോലെ, അദ്ദേഹത്തിന്റെ സന്ദേശം ഓരോ ഹൃദയത്തിലും അനുരണനങ്ങൾ സൃഷ്ടിക്കുന്നു.
ഫ്രാൻസിസ് വെറുമൊരു വിശുദ്ധനല്ല, മറിച്ച് മനുഷ്യരാശിക്ക് മുഴുവൻ ഒരു വഴികാട്ടിയും, സ്നേഹത്തിന്റെ ഒരു ജീവിക്കുന്ന ഉദാഹരണവുമാണ്. അദ്ദേഹത്തിന്റെ ജീവിതം ആസ്വാദ്യകരമാകുന്നത്, അത് നമ്മളെ നമ്മളിലേക്ക് തന്നെ തിരിഞ്ഞുനോക്കാനും, നമ്മുടെ ചുറ്റുമുള്ള ലോകത്തെ സ്നേഹിക്കാനും പഠിപ്പിക്കുന്നു എന്നതിനാലാണ്.
ഫ്രാൻസിസിനോട് മാത്രം എന്താ ഇത്ര ഇഷ്ടം ? സ്വയം ചോദിക്കുന്നുണ്ട് ഞാൻ…ശരിക്കും പറഞ്ഞാൽ അറിയാൻ കൊതിക്കുന്ന ഒരു വികാരമാണ് അത്… വായിച്ചറിഞ്ഞും, കേട്ടറിഞ്ഞും, കണ്ടറിഞ്ഞും, ഒരുപാടു അറിയാം….. പക്ഷെ അനുഭവിച്ചറിയാൻ ഇന്നിത് വരെ ഭാഗ്യമില്ലാത്തവന്റെ അതിശയോക്തിയാണത്..
മാങ്ങയുടെ രുചി മധുരമാണെന്നു നമുക്കറിയാം, പക്ഷെ മധുരം എന്താണെന്നു പറഞ്ഞു കൊടുക്കാൻ കഴിയാത്തവന്റെ ദയനീയതയാണത്…
അതല്ലെങ്കിൽ ഒരു അഭിനിവേശം ,കൗതുകം,.. അതിനുമപ്പുറം എന്തേലും ഉണ്ടോ എന്ന് ഇപ്പോൾ പറയുക വയ്യ…പ്രണയ ബന്ധിതരായ പലരും അകാലത്തിൽ അവരുടെ പ്രണയം കുഴിച്ചുമൂടി അതിന് മുകളിൽ സ്മാരകം പണിത് ഓർമ്മകൾ അയവിറക്കുന്നത് കണ്ടിട്ടുണ്ട്. പിന്നെ ഓർമ്മകൾ ഒക്കെയും ഓരോ തുലാപെയ്ത്താണ് മനസിൽ… രാവുകൾ തീർത്തും വിരസവും രാത്രികൾ നിത്യ വസന്തങ്ങളുമായി തീരുന്ന ഒരു പ്രത്യേക അവസ്ഥയിൽ കടന്നു പോകുന്ന അവസ്ഥ…
എന്റെ മനസ്സിൽ എപ്പോളും ഒരു പിന്തിരിപ്പൻ പൈങ്കിളി പ്രണയം ഉണ്ട്.. നേരിട്ടുള്ള വാക്കുകളിലൂടെയും നീണ്ടു നീണ്ടു പോകുന്ന ഫോൺ വിളികളിലൂടെ കൈമാറാൻ ഞാൻ ആഗ്രഹിക്കാത്ത ഒരു കുഞ്ഞു പ്രണയം… പഴയ കടലാസുകളിലെ മാസ്മരിക മഷിമണം ആവാഹിചെടുത്തു എഴുതി തീർക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളിൽ കയ്യോടിച്ചു ഒരായിരം അനുഭൂതികൾ ഉൾകൊള്ളാൻ കൊതിക്കുന്നൊരു പ്രണയം…
അത് ഫ്രാൻസിസിനോടാണ് …പണ്ടെവിടേയോ കണ്ടഒരു വാചകമാണ്.. “ഈ ലോകത്തെ ഏറ്റവും ഇഷ്ടം ആരോടാ? ഏറ്റവും ഇഷ്ടം എന്നോട് തന്നെ …അല്ല! അത് കഴിഞ്ഞിട്ട് അതിന് അത് കഴിയുന്നില്ലല്ലോ…ഞാനിവിടെ ഇനിയും നിത്യ വസന്തങ്ങൾക്ക് കാതോർത്തു പകലുകൾ വിരസമാക്കുന്നു…ഭാവിയിൽ ഫ്രാൻസിസിനെ കണ്ടെത്താനായേക്കും…




