News Reader's Blog Social Media

“ഞങ്ങൾക്ക് ശബ്ദമില്ല, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക…”

മാത്യു ചെമ്പുകണ്ടത്തിൽ

നൈജീരിയയിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം ശരാശരി 32 ക്രിസ്ത്യാനികളാണ് കൊല്ലപ്പെടുന്നത്. 2025-ലെ ആദ്യത്തെ 220 ദിവസങ്ങളിൽ (2025 ജൂലൈ വരെ) നൈജീരിയയിൽ 7,000-ത്തോളം ക്രൈസ്തവർ ഇസ്ളാമിക തീവ്രവാദികളാൽ കൊലചെയ്യപ്പെട്ടതായാണ് ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ കാണുന്നത്.

നൈജീരിയൻ കാത്തലിക് ബിഷപ്പ് കോൺഫറൻസ് നൽകുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ 145 കത്തോലിക്കാ പുരോഹിതന്മാരെയാണ് ഇസ്ളാമിക ജിഹാദി തീവ്രവാദികൾ നൈജീരിയയിൽ തട്ടിക്കൊണ്ടുപോയത്. ഇതേ കാലയളവിൽ മറ്റ് ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ട 350-ഓളം പാസ്റ്റർമാരേയും വിശ്വസികളേയും ഇവർ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അതിൽ കുറേപ്പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

​നൈജീരിയയിൽ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് ലക്ഷക്കണക്കിന് ഡോളർ വരുമാനം ഉണ്ടാക്കുന്ന ഒരു “ക്രിമിനൽ വ്യാവസായമായി” മാറിയെന്ന് സോകോതോ ബിഷപ്പ് മാത്യു ഹസ്സൻ കുക്ക (Bishop Mathew Kukah ) വാർത്താ ഏജൻസികളോടു പറഞ്ഞു.

2023 ജൂലൈയ്ക്കും 2024 ജൂണിനും ഇടയിൽ തട്ടിക്കൊണ്ടുപോയത് 7,568 പേരെയാണ്. ഇവരെ മോചിപ്പിക്കാൻ $32 മില്യൺ മോചനദ്രവ്യമാണ് തീവ്രവാദികൾ ആവശ്യപ്പെട്ടത്. ഇതിലും കുറഞ്ഞ തുകയാണ് ജിഹാദികൾക്ക് നൽകിയതെങ്കിലും ഇതിനെ ലാഭകരമായ ഒരു ബിസിനസ്സായിട്ടാണ് അവർ കാണുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

​സാമ്പത്തിക നേട്ടങ്ങൾ കൂടാതെ, പുരോഹിതരെയും സാധാരണ ക്രിസ്ത്യാനികളെയും തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയിൽ നിന്ന് ക്രിസ്ത്യാനിറ്റിയെ തുടച്ചുനീക്കാൻ ലക്ഷ്യമിട്ടുള്ള ജിഹാദികളുടെ വംശഹത്യാപരമായ പ്രചാരണത്തിന്റെ ഭാഗമാണെന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു.

​2009-ൽ ഭീകരസംഘടനയായ ബൊക്കോ ഹറാം സഹേൽ പ്രദേശത്തുടനീളം ഒരു ഖിലാഫത്ത് സ്ഥാപിക്കാൻ ലക്ഷ്യമിട്ട് കൊലപാതക പരമ്പര ആരംഭിച്ചതു മുതൽ നൈജീരിയയിൽ 1,25,000 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

​ഒരുകാലത്ത് ക്രിസ്ത്യൻ സ്വാധീനമുണ്ടായിരുന്ന പല രാജ്യങ്ങളിലും ക്രൈസ്തവരെ ഇല്ലാതാക്കിയതുപോലെ നൈജീരിയയിൽ നിന്നും ക്രൈസ്തവരെ പൂർണ്ണമായും ഉന്മൂലനം ചെയ്യുവാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് The Catholic-inspired NGO Director ഉമെഗ്ബാലാസി (Emeka Umeagbalasi) വാർത്താ ഏജൻസികളോടു പറഞ്ഞു.

​”ഈ സ്ഥിതി തുടരുകയാണെങ്കിൽ അധികം വൈകാതെ നൈജീരിയയിൽ നിന്ന് ക്രൈസ്തവരെ പൂർണ്ണമായും തുടച്ചുനീക്കാൻ സാധ്യതയുണ്ടെന്നാണ് ഉമെഗ്ബാലാസി പറയുന്നത്. “ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും ഞങ്ങൾക്ക് വേണ്ടി സംസാരിക്കാനും ഞാൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു, കാരണം ഞങ്ങൾക്ക് ശബ്ദമില്ല,” ബെനു സംസ്ഥാനത്തെ മകുർദി രൂപതയുടെ വക്താവു അഭ്യർത്ഥിച്ചു. “സർക്കാർ ഞങ്ങളെ ശ്വാസംമുട്ടിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നു – ഞങ്ങളെ കേൾക്കാൻ അവർ ആഗ്രഹിക്കുന്നില്ല” അദ്ദേഹം പറഞ്ഞു.

“ഞാൻ ഒരു ക്രിസ്ത്യാനിയല്ല, പക്ഷേ അവർ നൈജീരിയയിൽ ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയാണെന്നു” -അമേരിക്കൻ നടനും ടെലിവിഷൻ അവതാരകനുമായ ബിൽ മാഹർ’ (Real Time with Bill Maher) പറഞ്ഞത് നൈജീരിയൻ ക്രൈസ്തവ പീഡനം ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കാരണമായിരുന്നു.