വർഗീസ് വള്ളിക്കാട്ട്
ഗസ്സയിൽ ഇസ്രയേൽ തീമഴ വർഷിക്കുന്നു. നിരപരാധികൾ മരിച്ചു വീഴുന്നു. ഒപ്പം, ഹമാസ്സ് ഭീകരരും തുടച്ചു നീക്കപ്പെടുന്നു. ഇസ്രയേലിനെ ഭൂമുഖത്തുനിന്നും “തുടച്ചു നീക്കാൻ” 1987 മുതൽ നിരന്തര പോരാട്ടം നടത്തിവന്ന ഹമാസ്സ്, പലസ്‌തീൻ ജനത’യുടെ കൊടിയടയാളമാണ്. പലസ്‌തീൻ’ എന്തിനുവേണ്ടി നിലകൊള്ളുന്നു
എന്നു ലോകത്തോടു പറഞ്ഞത്, ‘ഹമാസ്സ് ചാർട്ടർ’ എന്നപേരിൽ അറിയപ്പെടുന്ന, പലസ്‌തീൻ ജനതയുടെ പ്രത്യയശാസ്ത്ര പ്രമാണ രേഖയാണ്.
1987 ൽ, “(ജോർദാൻ) നദിമുതൽ (മെഡിറ്ററേനിയൻ) സമുദ്രം വരെ” “അല്ലാഹുവിന്റെ വഖഫാണ്” എന്നു പ്രഖ്യാപിച്ചത് ഹമാസ്സാണ്. ഇസ്രയേൽ രാഷ്ട്രം, “ഇല്ലീഗൽ ഒക്കുപയർ” ആണെന്നും, ഇസ്രയേൽ രാജ്യത്തെയും ജൂത ജനതയെയും ഭൂമുഖത്തനിന്നും “തുടച്ചു നീക്കുക”യെന്നതാണ്.
പലസ്‌തീൻ ജനതയുടെ ദൗത്യമെന്നും നിർണ്ണയിച്ചത്, “ഇസ്ലാമിക് ബ്രദർഹൂഡി”ന്റെ പലസ്തീനിയൻ മുഖമായ ഹമാസ്സാണ്! ഹമാസ്സിനെ ഉന്മൂലനം ചെയ്യുക എന്നതാണ് ഇപ്പോൾ നടക്കുന്ന യുദ്ധത്തിന്റെ അന്തിമ ലക്ഷ്യമെന്നു പ്രഖ്യാപിച്ചത് ബെഞ്ചമിൻ നെതന്യാഹുവെന്ന ഇസ്രായേൽ പ്രധാനമന്ത്രിയാണ്.
അതിനു കാരണമായത്, ഹമാസ്സ് 2023 ഒക്ടോബർ 7 ന് ഇസ്രയേലിൽ നടത്തിയ നരനായാട്ടും 250 ബന്ദികളെ കടത്തിക്കൊണ്ടുപോയതുമാണ്. ഇപ്പോഴും നിരപരാധികളായ 50 മനുഷ്യരെ, ഹമാസ്സ്, ബന്ദികളാക്കി വച്ചിരിക്കുന്നു.
അവരെ മോചിപ്പിച്ചു ഹമാസിനെ നിരായുധരാക്കുന്നതുവരെ, തങ്ങൾക്കു വിശ്രമമില്ല എന്ന് ഇസ്രയേൽ നിലപാടെടുത്തിരിക്കുന്നു. ഹമാസ്സ് ബന്ദികളാക്കി വച്ചിരിക്കുന്നവർക്കില്ലാത്ത ഒരു “മനുഷ്യാവകാശ”വും ഹമാസിനോ അവരെ പിന്തുണയ്ക്കുന്നവർക്കോ ഉണ്ടെന്ന്, തങ്ങൾ അംഗീകരിക്കില്ലെന്നും ഇസ്രയേൽ നിലപാടെടുത്തിരിക്കുന്നു.
ഹമാസ്സ് ഒരുവിധത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ല. അവർ ‘ബന്ദികൾക്ക് അന്തിമോപചാരം’ അർപ്പിച്ചു കഴിഞ്ഞു. ഇസ്രയേലാകട്ടെ, ബന്ദികളുടെ മോചനത്തിനായി ഏതറ്റം വരെയും പോകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നു നിലപാടെടുക്കുന്നു.
ഗസ്സയിൽ തീമഴ പെയ്യുന്നു. നിരപരാധികൾ മരിച്ചു വീഴുന്നു. ബന്ദികൾ കൊലചെയ്യപ്പെടുന്നു. ഹമാസ്സ്, അന്തിമ യുദ്ധത്തിൽ, തങ്ങളുടെ മേൽക്കൈ പ്രഖ്യാപിക്കുന്നു. ഈ യുദ്ധം എന്നവസാനിക്കുമെന്നോ ഒടുവിൽ,
ആരു ജയിക്കുമെന്നോ, ആരവശേഷിക്കുമെന്നോ ആർക്കും പറയാൻ കഴിയില്ല.
2023 ഒക്ടോബറിൽ, “ഹമാസ്സ് ഭീകരതക്ക് ന്യായീകരണമുണ്ട്” എന്നു നിലപാടെടുത്ത ഐക്യരാഷ്ട്ര സംഘടന ഇപ്പോൾ പരുങ്ങി നിൽക്കുകയാണ്. ലോകം “ഭീകരതയെ” തള്ളിപ്പറയുന്ന ഒരു പുതിയ ലോകക്രമം ഉണ്ടാകുന്നതുവരെ, ഈ യുദ്ധം തുടരുകതന്നെ ചെയ്യും എന്നതാണ് “പലസ്‌തീൻ പ്രശ്നം” മുന്നോട്ടു വയ്ക്കുന്ന
ആഗോള പ്രതിസന്ധി.
