Faith Reader's Blog Social Media

ക്രിസ്തുവിനെ പ്രണയിച്ച യുവ സുന്ദരി: വാഴ്ത്തപ്പെട്ട ക്യാര ലൂച്ചേ ബദാനോ…

Jisna

1971 ഒക്ടോബർ 29-ന് ഇറ്റലിയിലെ സസല്ലോ എന്ന കൊച്ചു ഗ്രാമത്തിലാണ് വാഴ്ത്തപ്പെട്ട ക്യാര ലൂച്ചേ ബദാനോ ജനിച്ചത്. ക്യാരയുടെ പിതാവ് റുജേരോ ബദാനോയും മാതാവ് മരിയ തെരേസയും ആയിരുന്നു. വിവാഹം കഴിഞ്ഞ് ഒരുപാട് വർഷങ്ങൾക്കുശേഷമാണ് ക്യാര ജനിക്കുന്നത്. അതിനാൽ ക്യാരയുടെ ജനനം അവർക്ക് വല്ലാത്ത ആഹ്ലാദമായിരുന്നു. ഒരുപാട് പ്രാർത്ഥനകൾക്കു ശേഷം കിട്ടിയ കുട്ടി ആയതിനാൽ റുജേരോ തന്റെ ഭാര്യയോട് പറഞ്ഞു; “ഈ കുഞ്ഞ് നമ്മുടെതല്ല ദൈവത്തിന്റെതാണ്”.

റുജേരോ മരിയ ദമ്പതികളുടെ വിവാഹത്തിന്റെ പത്താം വർഷമാണ് ഈ കുഞ്ഞു പിറന്നത്. ക്യാരയുടെ ജനനം റുജേരോ മരിയ ദമ്പതികളുടെ ജീവിതം പാടെ മാറ്റിമറിച്ചു. നല്ല സ്വഭാവമുള്ള കുട്ടിയായിരുന്നു ക്യാര, വഴക്കുണ്ടാക്കാറില്ല, സമയത്തിന് ഉറങ്ങിക്കൊള്ളും. അതിനാൽ മാതാപിതാക്കൾക്ക് അവളെക്കുറിച്ച് വളരെ അഭിമാനമായിരുന്നു. ആയിടയ്ക്ക് ക്യാരയുടെ അമ്മ മരിയയ്ക്ക് ഒരു രോഗം പിടിപെട്ടു. എന്നിട്ട് പോലും ക്യാരയുടെ പരിചരണം മരിയ തന്നെയാണ് ഏറ്റെടുത്തത്. വീട്ടിലെ മറ്റു കാര്യങ്ങൾ നോക്കിയിരുന്നത് മരിയയുടെ സഹോദരിയായിരുന്നു.

അധികം വൈകാതെ തന്നെ ക്യാരയുടെ മാതാപിതാക്കൾ അവളെ ദേവാലയത്തിൽ കൊണ്ടുപോയി പരിശീലിപ്പിച്ചു. അതിനാൽ തന്നെ ക്യാരക്ക് ആത്മീയ കാര്യങ്ങളോട് വളരെയധികം താല്പര്യമായിരുന്നു. ഒരു ക്രിസ്മസ് കാലത്ത് ക്യാര ഉണ്ണിശോയോട് പ്രാർത്ഥിച്ചത് പുതിയ കളിപ്പാട്ടങ്ങൾ കിട്ടുവാൻ അല്ല, മറിച്ച് തന്റെ വല്യമ്മയെ സുഖപ്പെടുത്തണം എന്നായിരുന്നു. എങ്കിൽപോലും ക്യാര ഇടയ്ക്കിടെ തന്റെ മാതാപിതാക്കളോട് കുറുമ്പ് കാട്ടിയിരുന്നു. പക്ഷേ ഉടനടി അവൾ അവരുമായി രമ്യതയിൽ ആകും.

ഒരിക്കൽ അവളുടെ മമ്മി അവളെ മേശ ഒരുക്കുവാൻ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ക്യാര അത് പറ്റില്ല എന്ന് പറഞ്ഞു. പക്ഷേ കുറച്ചു കഴിഞ്ഞ് അവൾ തിരിച്ചുവന്ന് മമ്മിയെ സഹായിച്ചു. ഒരിക്കൽ കളിക്കാൻ പുറത്തുപോയ ക്യാര ഒരു പഴുത്ത ആപ്പിളും ആയി വീട്ടിലേക്ക് വന്നു. ഈ ആപ്പിൾ എവിടെ നിന്നാണ് കിട്ടിയത് എന്ന് മമ്മി അവളോട് ചോദിച്ചു . അപ്പുറത്തെ വീട്ടിലെ ജാനി ചേട്ടത്തിയുടെ തോട്ടത്തിൽ നിന്നും പറിച്ചതാണെന്ന് അവൾ മമ്മിയോട് പറഞ്ഞു. ആ ആപ്പിൾ എത്രയും പെട്ടെന്ന് ജാനി ചേട്ടത്തിക്ക് തിരിച്ചുകൊടുത്ത് അവരോട് സോറി പറയുവാൻ അവളുടെ മമ്മി അവളോട് ആവശ്യപ്പെട്ടു. പക്ഷേ ക്യാര അതിനു സമ്മതിച്ചില്ല.

ഒടുവിൽ മമ്മിയുടെ നിർബന്ധം സഹിക്കാനാവാതെ മടിച്ചുമടിച്ച് ആണെങ്കിലും അവൾ ജാനി ചേട്ടത്തിയുടെ അടുത്ത് ചെന്ന് സോറി പറഞ്ഞ് ആപ്പിൾ തിരികെ ഏൽപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ജാനി ചേട്ടത്തി ക്യാരയുടെ വീട്ടിലേക്ക് വന്ന് ഒരു കുട്ട നിറയെ ആപ്പിൾ ക്യാരക്ക് സമ്മാനിച്ചു. എന്നിട്ട് അവളോട് പറഞ്ഞു “നിന്റെ സത്യസന്ധതയ്ക്കുള്ള ഒരു സമ്മാനമാണിത്”.


ഇത് കേട്ടപ്പോൾ ക്യാരക്ക് ഒത്തിരി സന്തോഷമായി. ക്യാരക്ക് ആറു വയസ്സുള്ളപ്പോൾ അവളുടെ മാതാപിതാക്കൾ അവളെ സ്കൂളിൽ ചേർത്തു. ക്യാര നന്നായി പഠിക്കുന്ന ഒരു കുട്ടിയായിരുന്നു. ഹോംവർക്കൊക്കെ അവൾ അമ്മയുടെ സഹായം കൂടാതെ തന്നെ ചെയ്യുമായിരുന്നു. എട്ടാമത്തെ വയസ്സിൽ ആണ് ക്യാര പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത്. അന്ന് ഇടവക വികാരി അവൾക്ക് നൽകിയ ബൈബിൾ ആണ് മരണംവരെ അവൾക്ക് വഴികാട്ടി ആയത്.

ക്യാരയുടെ ജീവിതത്തിൽ തന്നെ മാറ്റിമറിച്ച ഒരു യുവജനപ്രസ്ഥാനം ആയിരുന്നു ഫോക് ലോർ. അവൾക്ക് 9 വയസ്സുള്ളപ്പോഴാണ് അവൾ അതിൽ അംഗമാകുന്നത്. അതിന്റെ മീറ്റിങ്ങുകളിലും പരിപാടികളിലും പങ്കെടുത്ത ക്യാര പുതിയൊരു വ്യക്തിയായി മാറി. യേശുവിനോടുള്ള സ്നേഹം കവിഞ്ഞൊഴുകുന്ന ഒരു സംഘടനയായിരുന്നു അത്. അതിലുള്ള അംഗങ്ങൾ ഒരുമിച്ച് പ്രാർത്ഥിക്കുകയും കളിക്കുകയും സഹായിക്കുകയും തമാശ പറയുകയും ഒക്കെ ചെയ്യുമായിരുന്നു. ഈ യുവജനപ്രസ്ഥാനത്തിന്റെ സ്ഥാപകയുടെ പേര് ക്യാര ലൂബിക്ക് എന്നായിരുന്നു.

ഈ യുവജനപ്രസ്ഥാനത്തെക്കുറിച്ച് ക്യാര പറയുന്നത് ഇപ്രകാരമാണ്; “ഞാൻ അവിടെ കണ്ട പെൺകുട്ടികൾ നല്ലവരും മര്യാദക്കാരും സ്കൂളിൽ കണ്ടുമുട്ടുന്നവരിൽ നിന്നും വളരെ വ്യത്യസ്തരും ആണ്”. ഈ പ്രസ്ഥാനത്തിൽ ചേർന്നതോടെ ക്യാരയും ഒരുപാട് നന്മകളിലൂടെ ജീവിക്കാൻ തുടങ്ങി. ഈ പ്രസ്ഥാനത്തിലൂടെ ക്യാരക്ക് ഒരു ആത്മാർത്ഥ സുഹൃത്തിന് ലഭിച്ചു. ആ സുഹൃത്തിന്റെ പേര് ചീക്ക എന്നായിരുന്നു. അവർ രണ്ടുപേരും പറ്റുന്ന രീതിയിൽ എല്ലാം പാവങ്ങളെ സഹായിച്ചു കൊണ്ടിരുന്നു.

യൗവനത്തിൽ എത്തിയ ക്യാര അതീവ സുന്ദരിയായിരുന്നു. എങ്കിലും ചെറുപ്പത്തിൽ സമ്പാദിച്ച നല്ല ശീലങ്ങൾ ഒന്നും അവൾ ഒരിക്കലും മറന്നിരുന്നില്ല. എപ്പോഴും അവൾ മറ്റുള്ളവരെ സഹായിക്കുവാൻ സമയം കണ്ടെത്തിയിരുന്നു. ക്യാര നന്നായി പഠിച്ചിരുന്നുവെങ്കിലും എല്ലാ വിഷയങ്ങൾക്കും ഒരുപോലെ വിജയിക്കുവാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. ഒരു ടീച്ചർക്ക് ക്യാരയോട് അസൂയ ആയിരുന്നു. അതിനാൽ ക്യാരയെ അവരുടെ വിഷയത്തിനു മാത്രം തോൽപ്പിച്ചു. ക്യാരയുടെ ജീവിതത്തിലെ വലിയ ദുഃഖങ്ങളിൽ ഒന്നായിരുന്നു ഇത്. എങ്കിലും അവൾ വീണ്ടും നന്നായി പഠിച്ചു ആ പരീക്ഷയെഴുതി പാസായി. എന്നാൽപോലും അതേക്കുറിച്ച് ഓർക്കുമ്പോൾ അവൾക്ക് കരച്ചിൽ വരുമായിരുന്നു. പക്ഷേ അവൾ എല്ലാം ഈശോയ്ക്ക് സമർപ്പിച്ചു.

യുവത്വം മാറ്റത്തിന്റെ സമയമായതിനാൽ ക്യാരയുടെ മാതാപിതാക്കൾക്ക് അവളെ കുറിച്ച് ചെറിയൊരു പേടിയൊക്കെ ഉണ്ടായിരുന്നു. ശനിയാഴ്ചകളിൽ അവൾ കടകളുടെ മുൻപിൽ നിന്നുകൊണ്ട് ആൺകുട്ടികളുമായി സംസാരിച്ച് വീട്ടിൽ എത്തുമ്പോൾ ഒത്തിരി രാത്രി ആകുമായിരുന്നു. അതിനാൽ ക്യാരയുടെ മാതാപിതാക്കൾ അക്കാര്യം പറഞ്ഞ് അവളുമായി വഴക്കായി.

ക്യാര ചോദിച്ചു “നിങ്ങൾക്ക് എന്താ എന്നെ ഒട്ടും വിശ്വാസമില്ലേ “? അവർ പറഞ്ഞു; ” നിന്നെ ഞങ്ങൾക്ക് വിശ്വാസമുണ്ട് പക്ഷേ അവന്മാരെ ഞങ്ങൾക്കൊട്ടും വിശ്വാസമില്ല”. പക്ഷേ ക്യാരക്ക് തന്റേതായ ന്യായീകരണങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ അവർ ഒരു ധാരണയിൽ എത്തി. അമ്മ അവളോട് പറഞ്ഞു; ” ഇനിമുതൽ നീ ലേറ്റ് ആവുകയാണെങ്കിൽ അന്ന് മുഴുവൻ നീ അവിടെ നിന്നിട്ട് പിറ്റേദിവസം രാവിലെ 10 മണിയാകുമ്പോൾ വീട്ടിലെത്തിയാൽ മതി”. ഇത് കേട്ടപ്പോൾ ക്യാരക്ക് വളരെയധികം സന്തോഷമായി. അങ്ങനെ ആ പ്രശ്നം അവിടെ അവസാനിച്ചു.

ക്യാര എല്ലാദിവസവും പള്ളിയിൽ പോകുന്നതിനാൽ സഹപാഠികൾ അവളെ കുട്ടികന്യാസ്ത്രീ എന്ന് വിളിച്ച് കളിയാക്കുമായിരുന്നു. ക്യാരക്ക് അത് വളരെയധികം സങ്കടമുണ്ടാക്കി. എങ്കിലും അവൾ അതൊക്കെ ഈശോയ്ക്ക് സമർപ്പിച്ചു. അവൾ എല്ലാ കാര്യങ്ങളും പങ്കുവെക്കുന്നത് അവളുടെ ആത്മാർത്ഥ സുഹൃത്ത് ചീക്കയും ആയിട്ട് ആയിരുന്നു. പക്ഷേ ഉപരിപഠനത്തിന്റെ ഭാഗമായി ചീക്ക ദൂരെ ഒരു സ്ഥലത്തേക്ക് പോയത് ക്യാരക്ക് വല്ലാത്ത മനപ്രയാസം ഉണ്ടാക്കി. അവൾക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു.

ആയിടയ്ക്ക് അവൾ സുന്ദരനും സുമുഖനുമായ ലൂക്കാ എന്ന യുവാവുമായി പ്രണയത്തിലായി. അവർ ഒരുമിച്ച് കാണുവാനും സമയം ചെലവഴിക്കുവാനും തുടങ്ങി. പക്ഷേ ലൂക്കക്ക് വേറെയും പ്രണയബന്ധങ്ങൾ ഉണ്ടെന്നറിഞ്ഞ ക്യാര ആ ബന്ധം പൂർണ്ണമായും ഒഴിവാക്കി. കാരണം ക്യാര ആത്മാർത്ഥമായ ഒരു ബന്ധമായിരുന്നു അവനിൽ നിന്നും ആഗ്രഹിച്ചിരുന്നത്. ക്യാരക്ക് ഒറ്റയ്ക്കിരിക്കുമ്പോൾ ഒട്ടും ഇഷ്ടമില്ലായിരുന്നു. എപ്പോഴും അവളുടെ കൂടെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടാകുമായിരുന്നു. അവളുടെ ഉറ്റ സുഹൃത്തായ ചീക്കയുമായി എല്ലാ ദിവസവും അവൾ ഫോണിൽ സംസാരിക്കുമായിരുന്നു. കൂടാതെ അവർ പരസ്പരം കത്തുകളും എഴുതുമായിരുന്നു.

എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്ന ക്യാരക്ക് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ക്യാൻസർ എന്ന മാരകരോഗം കടന്നുവന്നത്. അന്ന് ക്യാരക്ക് വയസ്സ് 17. ഒരിക്കൽ ടെന്നീസ് കളിച്ചുകൊണ്ടിരുന്ന ക്യാരക്ക് തോളിൽ അതികഠിനമായ വേദന അനുഭവപ്പെട്ടു. പക്ഷേ അവൾ അത് ആരോടും പറഞ്ഞില്ല. കുറേ ദിവസങ്ങൾ കഴിഞ്ഞിട്ടും വേദന മാറിയില്ല. ഒടുവിൽ അവൾ അത് മാതാപിതാക്കളോട് പറഞ്ഞു. അവർ അവളെ ഹോസ്പിറ്റലിൽ കാണിച്ചു.

ഡോക്ടർ ആണെങ്കിൽ ഇത് വല്ല പൊട്ടലോ മറ്റോ ആണെന്ന് പറഞ്ഞ് ചെറിയ ചികിത്സയും മരുന്നും നൽകി പറഞ്ഞയച്ചു. ദിവസങ്ങൾ കഴിയുംതോറും വേദന കൂടി വന്നു. ഡോക്ടർമാർ വീണ്ടും അവളെ വിശദമായി പരിശോധിച്ചു. ഒടുവിൽ ഫലം വന്നു. വളരെ ഗുരുതരമായ ഒരു ക്യാൻസർ. അവളുടെ മാതാപിതാക്കൾ ആകെ തകർന്നു പോയി. പക്ഷേ അവർക്ക് ക്യാരയോട് എന്താണ് അവൾക്ക് രോഗം എന്ന് പറഞ്ഞില്ല. അന്നുമുതൽ അവൾക്ക് പലതരം പരിശോധനകൾക്ക് വിധേയ ആകേണ്ടിവന്നു.

രോഗം കുറയുമ്പോൾ പതിവുപോലെ അവൾ സ്കൂളിലേക്ക് പോവുകയും മറ്റുള്ളവരെ സഹായിക്കാൻ പോവുകയും ചെയ്തിരുന്നു. ഒരു ദിവസം ക്യാരക്ക് ഒരു വലിയ ഓപ്പറേഷന് വിധേയയാകേണ്ടിവന്നു. ഓപ്പറേഷനു ശേഷം കീമോതെറാപ്പിയുടെ ഒരു നീണ്ട നിര തന്നെ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ക്യാര തന്റെ അസുഖം എന്താണെന്ന് വൈകാതെ തന്നെ തിരിച്ചറിയുമെന്ന് അവളുടെ മാതാപിതാക്കൾക്ക് മനസ്സിലായി. അങ്ങനെ കീമോതെറാപ്പി വാർഡിൽ ചെന്ന ക്യാരക്ക് തന്റെ രോഗം എന്താണെന്ന് മനസ്സിലായി.

അവിടെ മുടി നഷ്ടമായ ഒരുപാട് പെൺകുട്ടികൾ ഉണ്ടായിരുന്നു. താൻ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന തന്റെ മുടിയും നഷ്ടപ്പെടാൻ പോവുകയാണല്ലോ എന്ന ചിന്ത അവളെ വല്ലാതെ അലട്ടി. കീമോ കഴിഞ്ഞുവന്ന ക്യാര അവിടെയുള്ള ഒരു സോഫയിൽ മുഖം അമർത്തി കിടന്നു. മാതാപിതാക്കൾ വിളിച്ചിട്ടും അവൾ അവരെ നോക്കിയില്ല. അരമണിക്കൂറോളം അവൾ അങ്ങനെ തന്നെ കിടന്ന ശേഷം മുഖമുയർത്തി അമ്മയെ നോക്കി പുഞ്ചിരിച്ചു. ക്യാര തന്റെ ജീവിതത്തിൽ ഇതിനോടകം തന്നെ ഒരു തീരുമാനം എടുത്തിരുന്നു. പിന്നീട് ഒരിക്കലും അവൾ തന്റെ അവസ്ഥയോർത്ത് ദുഃഖിച്ചിട്ടില്ല.

വീണ്ടും അവൾ പഴയതിലും ഉത്സാഹത്തോടെ തന്റെ ഉത്തരവാദിത്തങ്ങൾ ചെയ്തുകൊണ്ടേയിരുന്നു. ഇതിനിടയിൽ ക്യാരയുടെ അസുഖം കൂടിക്കൊണ്ടേയിരുന്നു. അവളെ സന്ദർശിക്കുവാനും ആശ്വസിപ്പിക്കാനും വരുന്നവരെ ക്യാരയാണ് ആശ്വസിപ്പിച്ചിരുന്നത്. ക്യാര എല്ലാവർക്കും ഒരു അത്ഭുതം തന്നെയായിരുന്നു. ചികിത്സയുടെ ഭാഗമായി ഇതിനോടകം ക്യാരയുടെ രണ്ട് കാലുകളും തളർന്നു പോയിരുന്നു. എന്നിട്ടും അവൾക്ക് യാതൊരു പരാതിയും ഇല്ലായിരുന്നു. പറ്റുന്ന രീതിയിൽ ഒക്കെ അവൾ അമ്മയെ സഹായിക്കുമായിരുന്നു.

ചികിത്സകൾ എല്ലാം നിഷ്ഫലമായിക്കൊണ്ടേയിരുന്നു. പക്ഷേ അവളുടെ ക്ഷമ ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. വേദനയുടെ കാഠിന്യം കുറയ്ക്കുവാനായി മോർഫിൻ കുത്തി വയ്ക്കുവാൻ ഡോക്ടർമാർ തീരുമാനിച്ചു. പക്ഷേ ക്യാര അതിനു സമ്മതിച്ചില്ല. “എനിക്ക് യേശുവിനു കൊടുക്കുവാൻ വേദന മാത്രമേ ഉള്ളൂ, അതിനാൽ എനിക്ക് മോർഫിൻ വേണ്ട” എന്ന് ക്യാര തീർത്തും പറഞ്ഞു.മിസ്റ്റിക് പാരമ്പര്യമുള്ള സ്ത്രീകളുടെ ഇടയിൽ യേശുവിനെ മണവാളനായി കരുതുന്ന ഒരു പാരമ്പര്യം ഉണ്ട്. താൻ എപ്പോൾ വേണമെങ്കിലും മരിക്കുമെന്ന് അറിയാമായിരുന്ന ക്യാര തന്റെ വിവാഹാഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

തന്റെ ശവസംസ്കാരത്തെ വിവാഹാഘോഷം ആയിട്ടാണ് അവൾ വിശേഷിപ്പിച്ചത്. അതിനായി അവൾ തന്റെ ആത്മസുഹൃത്തായ ചീക്കയോട് തനിക്കുവേണ്ടി ഒരു വെളുത്ത ഉടുപ്പും ചുവന്ന ബൽറ്റും തയ്യാറാക്കുവാൻ ആവശ്യപ്പെട്ടു. അന്ന് പാടേണ്ട പാട്ടുകളും വായനകളും അവൾ തന്നെ തിരഞ്ഞെടുത്തു. ഈ സമയത്തൊക്കെ അവൾ ശരീരം തളർന്ന് ഓക്സിജന്റെ സഹായത്തോടെയാണ് കിടന്നിരുന്നത്. കഠിനമായ വേദനകൾക്കിടയിലും അവൾ വേദന കുറയ്ക്കുവാനുള്ള മരുന്ന് സ്വീകരിച്ചിരുന്നില്ല.
മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന് അവൾ തന്നെ പിതാവിനോട് ആവശ്യപ്പെട്ടു.

അങ്ങനെ ക്യാര എപ്പോൾ വേണമെങ്കിലും മരിക്കാമെന്ന അവസ്ഥയിലായി. ശ്വാസതടസ്സം കൂടി വന്നു. മരിക്കുന്നതിന്റെ തലേദിവസം അവൾ എല്ലാ സുഹൃത്തുക്കളോടും ഏറെ പ്രയാസപ്പെട്ട് ആണെങ്കിലും സംസാരിച്ചു. തന്റെ ബെസ്റ്റ് ഫ്രണ്ട് ആയ ചീക്കയുമായി വളരെയേറെ സമയം ചെലവഴിച്ചു. ആ രാത്രി പതിവിൽ കൂടുതൽ ക്ലേശകരമായി ക്യാരക്ക്‌ അനുഭവപ്പെട്ടു. താൻ മരിക്കുമ്പോൾ തന്റെ പ്രിയപ്പെട്ടവരോട് കൂടെ മാത്രമായിട്ട് ഇരിക്കാനാണ് ക്യാര ആഗ്രഹിച്ചത്.

അവളുടെ ആത്മ സുഹൃത്തുക്കൾ നിശബ്ദരായി അവളുടെ മുറിയുടെ പുറത്ത് കാത്തുനിന്നിരുന്നു. ക്യാരയുടെ അവസാന വാക്കുകൾ അമ്മയ്ക്കുള്ളതായിരുന്നു. ” സന്തോഷമായിരിക്കുക കാരണം ഞാനും സന്തോഷവതിയാണ് “. പിന്നീട് അവൾ അപ്പന്റെ കൈപിടിച്ച് മെല്ലെ അമർത്തി. അവളുടെ കണ്ണുകൾ സാവധാനം അടഞ്ഞു. നേരത്തെ പറഞ്ഞതുപോലെ അവളുടെ രണ്ട് കണ്ണുകളും നീക്കം ചെയ്യപ്പെട്ടു. ഇപ്പോൾ രണ്ടുപേർക്ക് അവമൂലം കാഴ്ച ലഭിച്ചിട്ടുണ്ട്.

1990 ഒക്ടോബർ 7, അതിരാവിലെ തന്നെ ക്യാരയുടെ മരണവാർത്ത നാട് മുഴുവൻ പ്രചരിച്ചു. എല്ലാവരും ബദാന കുടുംബത്തിലേക്ക് ഒഴുകിയെത്തി. അവിടെ വന്ന എല്ലാവരും അത്ഭുതപ്പെട്ടു. തികച്ചും അസാധാരണമായ ഒരു ശവസംസ്കാരമായിരുന്നു അത്. ക്യാര ആവശ്യപ്പെട്ടതുപോലെ ആരും കരഞ്ഞില്ല. രൂപതയിലെ വൈദികരുടെയും വിശുദ്ധരുടെയും ശവസംസ്കാര കർമ്മങ്ങൾ നടത്തുന്ന പ്രധാന മെത്രാനാണ് ക്യാരയുടെ ചടങ്ങിൽ മുഖ്യ കാർമികത്വം വഹിച്ചത്.

ഇടവകയിലെ ഹൃദയസ്പർശിയായ ചടങ്ങുകൾക്ക് ശേഷം അനേകം വൈദികരുടെയും സിസ്റ്റേഴ്സിന്റെയും പലസ്ഥലങ്ങളിൽ നിന്നും വന്ന അനേകായിരം ജനങ്ങളുടെയും സാന്നിധ്യത്തിൽ ക്യാരയുടെ ഭൗതികശരീരം ഇടവക ദേവാലയത്തിലെ കല്ലറയിൽ സംസ്കരിക്കപ്പെട്ടു. തങ്ങൾ ഒരു വിശുദ്ധയുടെ ശവസംസ്കാര ചടങ്ങിലാണ് സംബന്ധിക്കുന്നത് എന്ന് അവിടെയുള്ളവരുടെ മനസ്സ് മന്ത്രിച്ചു. പുതു മണവാട്ടിയെപ്പോലെ കല്യാണ വസ്ത്രവും ധരിച്ച് തന്റെ ആത്മനാഥന്റെ പക്കലേക്ക് ഓടിയണഞ്ഞ അവൾ അന്നുമുതൽ തന്നെ സമീപിക്കുന്നവർക്ക് യേശുവിൽ നിന്നും അനുഗ്രഹങ്ങൾ വാങ്ങി നൽകുവാനും തുടങ്ങി.

ക്യാരെക്കുറിച്ച് ഇറ്റലിയിൽ മാത്രമല്ല ലോകം മുഴുവനും പ്രചരിച്ചുകൊണ്ടിരുന്നു. വിശ്വാസികളുടെ ഇടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഭക്തി കണക്കിലെടുത്തുകൊണ്ട് സ്ഥലത്തെ മെത്രാൻ 1998 ഡിസംബർ 7-ന് ക്യാരയെ ദൈവദാസിയായി പ്രഖ്യാപിച്ചു. ക്യാരയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുവാൻ ഒരു അത്ഭുതം ആവശ്യമായിരുന്നു. ആന്ധ്രയാ എന്ന യുവാവിന് വളരെ ഗുരുതരമായ ഒരു രോഗം ബാധിച്ചു. ആ രോഗം ഭേദമാകാൻ സാധ്യതയില്ല എന്നും 48 മണിക്കൂറിനുള്ളിൽ എന്തും സംഭവിക്കും എന്നും ഡോക്ടർമാർ അറിയിച്ചു.

ആ യുവാവിന്റെ അമ്മാവൻ ക്യാരയെ കുറിച്ച് കേട്ടിരുന്നു. ക്യാരയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനായി അദ്ദേഹം ക്യാരയുടെ മാതാപിതാക്കളോടും സുഹൃത്തുക്കളോടും ആവശ്യപ്പെട്ടു. അവരുടെ പ്രാർത്ഥനകൾ സ്വർഗത്തിലേക്ക് ഉയർന്നു. രണ്ടുദിവസത്തിനുള്ളിൽ ആന്ധ്രയുടെ അസുഖം പൂർണമായും ഭേദപ്പെട്ടു. അത് ഒരു അത്ഭുതം തന്നെയാണെന്ന് ഡോക്ടർമാർ രേഖപ്പെടുത്തി. അങ്ങനെ 2010 സെപ്റ്റംബർ 25 ആം തീയതി ആർച്ച് ബിഷപ്പ് ആഞ്ചലോ ക്യാരയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. യുവജനങ്ങൾക്ക് ഒരു മാതൃകയും പ്രചോദനവുമായി ഇന്നും വാഴ്ത്തപ്പെട്ട ക്യാര ലൂച്ചേ ബദാനോ വിരാജിക്കുന്നു.

വാഴ്ത്തപ്പെട്ട ക്യാര ലൂച്ചേ ബദാനോയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!