ജിസ്‌ന:

യുവജനങ്ങൾക്ക് പ്രചോദനവും വഴികാട്ടിയുമാണ് 25 വയസ്സുവരെ മാത്രം ജീവിച്ച ഡോക്ടർ തേജയുടെ ജീവിതം. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര പഞ്ചായത്തിൽ ഇളന്തിക്കര എന്ന കൊച്ചു ഗ്രാമത്തിൽ മാളിയേക്കൽ ജോസിന്റെയും ട്രീസയുടെയും മകളായി 1987 മാർച്ച് മൂന്നാം തീയതിയാണ് തേജ ജനിച്ചത്. ഏപ്രിൽ അഞ്ചാം തീയതി ജ്ഞാന സ്നാനത്തിലൂടെ റോസി എന്ന പേര് സ്വീകരിച്ചു ക്രൈസ്തവ പാരമ്പര്യമുള്ള ഇരിങ്ങാലക്കുട രൂപതയിലെ പുത്തൻവേലിക്കര സെന്റ് ജോർജ് പള്ളി ഇടവകാംഗമായി.
പിതാവിന്റെ സഹോദരി അച്ചാമ്മ തലതൊട്ട് അമ്മയും ഭർത്താവ് സാനി കളപ്പുരയ്ക്കൽ തലതൊട്ടപ്പനും ആയിരുന്നു. 1991 ജനുവരി 21-ന് അവൾക്ക് ഒരു കുഞ്ഞനിയൻ ജനിച്ചു. സ്വന്തം പേരിന്റെ അക്ഷരങ്ങൾ കൊണ്ട് അവൾ അവന് ഇട്ട പേരാണ് ജിതിൻ. തേജക്ക് സ്കൂളിൽ ചേരേണ്ട പ്രായമായപ്പോൾ അവളെ പറവൂരിലെ മരിയ തെരേസ സ്കൂളിൽ ചേർത്തു. അവിടെയുള്ള മാലാഖ കുഞ്ഞുങ്ങളിൽ കൂടുതൽ അഴകാർന്നൊരു മാലാഖയായിരുന്നു അവൾ.

അവിടെ നിന്നായിരുന്നു അവൾ പതുക്കെ പിച്ചവച്ച് തുടങ്ങിയത്. അവിടെ അവൾ പഠനത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു. കൂടാതെ അവൾ പാട്ടുപാടുകയും വളരെ മനോഹരമായി നൃത്തം ചെയ്യുകയും ചെയ്തിരുന്നു. ബാങ്ക് ജോലിക്കാരൻ ആയിരുന്ന അവളുടെ പപ്പയാണ് അവളെ എല്ലാ ദിവസവും സ്കൂളിലേക്ക് കൊണ്ടുപോവുകയും തിരികെ കൊണ്ടുവരികയും ചെയ്യുന്നത്.
വൈകിട്ട് പപ്പ കൂട്ടാൻ വരുന്നത് വരെ അവൾ അവിടുത്തെ സിസ്റ്റേഴ്സിന്റെ കൂടെയാണ് സമയം ചെലവഴിച്ചിരുന്നത്. അവരെ അവൾ പാട്ടുപാടി കേൾപ്പിക്കും ഡാൻസ് കളിച്ചു കാണിക്കും. 5. 30 ആകുമ്പോൾ സിസ്റ്റേഴ്സ് ചാപ്പലിൽ പ്രാർത്ഥിക്കാൻ കേറും. കൂടെ കുഞ്ഞി തേജയും അവരോടൊപ്പം ചാപ്പലിൽ വരും. എന്നിട്ട് സക്രാരിയുടെ മുൻപിൽ മുട്ടുകുത്തി കണ്ണുകൾ അടച്ച് വളരെ ഭക്തിയോടെ പ്രാർത്ഥിക്കും. ആ കൊച്ചു കുഞ്ഞിന്റെ ഭക്തി സിസ്റ്റേഴ്സ് പോലും വളരെ അത്ഭുതത്തോടെ ആയിരുന്നു നോക്കി കണ്ടിരുന്നത്.
നാലാം ക്ലാസ് വരെ തേജ പറവൂർ ഇൻഫന്റ് ജീസസ് സ്കൂളിലാണ് പഠിച്ചത്. അവിടെ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പരീക്ഷയുടെ സമയത്ത് തേജക്ക് പനി വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ഡോക്ടർമാർ അവളോട് പരീക്ഷ എഴുതണ്ട എന്ന് പറഞ്ഞു. എന്നിട്ടും കയ്യിൽ ഇഞ്ചക്ഷൻ സൂചിയും വച്ച് അവൾ സ്കൂളിൽ വന്ന് പരീക്ഷയെഴുതി. ആ ക്രിസ്തുമസ് പരീക്ഷയിൽ അവൾ ക്ലാസിൽ ഫസ്റ്റ് ആവുകയും ചെയ്തു. വളരെ ചെറുപ്പത്തിൽ തന്നെ അവൾ പഠനത്തിന് അത്രയേറെ പ്രാധാന്യം കൊടുത്തിരുന്നു.

1997 മെയ് ഒന്നിന് റവറന്റ് ഫാദർ ജോബ് ചിറ്റില പള്ളിയിൽ നിന്നും തേജ ഈശോയെ സ്വീകരിച്ചു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ സ്നേഹഗിരി ഹോളി ചൈൽഡ് സ്കൂളിൽ പഠിച്ചു. അവിടെയും അവൾ എല്ലാ ക്ലാസ്സുകളിലും ഒന്നാമത് ആയിരുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കണ്ണിലുണ്ണിയായിരുന്നു അവൾ. എസ്എസ്എൽസി പരീക്ഷയിൽ പതിനഞ്ചാം റാങ്കോടെ പാസായി അവൾ തന്റെ സ്കൂളിന് സൽപേര് സൃഷ്ടിച്ചു.
സ്കൂളിൽ മാത്രമല്ല മതബോധന ക്ലാസുകളിലും അവൾ ഒന്നാം സ്ഥാനത്തായിരുന്നു. മതബോധനത്തിന് ഇടവക തലത്തിൽ ഒന്നു മുതൽ പത്തുവരെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തേജ നാല്, ഏഴ്, പത്ത് ക്ലാസുകളിൽ രൂപത തലത്തിലും റാങ്കുകൾ നേടി. രണ്ടായിരത്തിലും 2001-ലും ലോഗോസ് ക്വിസ്സിന് രൂപത തലത്തിലും രണ്ടായിരത്തിൽ ഓൾ കേരള തലത്തിലും റാങ്കുകൾ നേടിക്കൊണ്ട് വിശ്വാസ പരിശീലനത്തിലും അവൾ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. തേജ ഏത് ജീവിത സാഹചര്യത്തിലും സൗമ്യയും ശാലീനയുമായി കാണപ്പെട്ടു. ഈ വിശിഷ്ട ഗുണം ജീവിതത്തിലുടനീളം പ്രകാശിതമായിരുന്നു.
തേജയുടെ പ്ലസ് വൺ പ്ലസ് ടു വിദ്യാഭ്യാസം തൃശ്ശൂർ സാക്രെട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു. ഹോസ്റ്റലിൽ നിന്നായിരുന്നു തേജ പഠിച്ചത്. അവിടെ അവൾക്ക് നല്ല സൗഹൃദങ്ങൾ ഉണ്ടായിരുന്നു. തേജയുടെ കൂട്ടുകാരികൾ അവളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്; തേജയുടെ ആത്മവിശ്വാസവും പ്രസരിപ്പും ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. ആദ്യ ദിവസങ്ങളിൽ ഞങ്ങൾ ആരും പരസ്പരം പരിചയപ്പെട്ടിരുന്നില്ല. എല്ലാവർക്കും വളരെ ജാഡ ആയിരുന്നു. പക്ഷേ തേജ എന്ന സുന്ദരിക്കുട്ടി വളരെ എളിമയോടെ ഇങ്ങോട്ട് വന്നു എല്ലാവരെയും പരിചയപ്പെട്ടു.

തേജ ഒരു പുസ്തകപ്പുഴു ആയിരുന്നില്ല. ഞങ്ങൾ എല്ലാ ദിവസവും പള്ളിയിൽ പോകാറുണ്ടായിരുന്നു. തേജ എപ്പോഴും കുമ്പസാരിക്കുമായിരുന്നു. അവൾ വളരെ സംസാരപ്രിയ ആയിരുന്നു. പഠിച്ച് ഒരു ഡോക്ടർ ആവുക പാവങ്ങളെ സേവിക്കുക എന്നതായിരുന്നു അവളുടെ ആഗ്രഹം. അവൾ പഠിക്കുന്നത് മറ്റുള്ളവർക്കും കൂടി പറഞ്ഞുകൊടുത്തു കൊണ്ടായിരുന്നു. സംശയം ചോദിക്കുന്നവർക്ക് മടുപ്പ് കൂടാതെ എത്ര തവണ വേണമെങ്കിലും അവൾ പറഞ്ഞു കൊടുക്കുമായിരുന്നു.
പഠിക്കുവാനുള്ള കഴിവിൽ തേജ ഒരിക്കലും അഹങ്കരിച്ചിരുന്നില്ല. ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും തേജയുടെ വീട്ടിൽ പോകുമായിരുന്നു. അവിടുന്ന് ഞങ്ങൾ ഒരുമിച്ചിരുന്ന് ഹാപ്പി ഡേയ്സ് എന്ന സിനിമ പലതവണ കാണുമായിരുന്നു. സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമ തേജക്ക് ഒരുപാട് ഇഷ്ടമായിരുന്നു. നല്ല സൗന്ദര്യ ബോധമുള്ള വളരെ ഭംഗിയായി ഒരുങ്ങി നടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു കുട്ടിയായിരുന്നു തേജ, എന്നിങ്ങനെ തേജയുടെ സ്വഭാവ സവിശേഷതകൾ എത്ര വർണ്ണിച്ചിട്ടും സുഹൃത്തുക്കൾക്ക് മതിയാകുന്നില്ല.
പ്ലസ് ടു പഠനം അവൾ ഒന്നാം സ്ഥാനത്തോടെ പൂർത്തിയാക്കി. പ്ലസ് ടു പഠിക്കുന്നതിനൊപ്പം അവൾ എൻട്രൻസും ചെയ്തിരുന്നു. അതിനാൽ ആദ്യ ചാൻസിൽ തന്നെ അവൾക്ക് കൊച്ചിൻ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചു. അവിടെയും അവൾക്ക് ഒരുപാട് നല്ല സൗഹൃദങ്ങൾ ലഭിച്ചു. ടീച്ചേഴ്സിനും തേജയെ കുറിച്ച് നൂറു നാവാണ്. പിന്നീട് ഒന്നാം റാങ്കോടെ തേജ എംബിബിഎസ് പാസായി. ആതുര ശുശ്രൂഷ എന്ന വലിയ ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടതിൽ അവൾ ഏറെ സന്തോഷവതി ആയിരുന്നു.
തേജ സന്തോഷത്തോടെ അവളുടെ സേവനം ആരംഭിച്ചു. ഒരു ദിവസം ലേബർ റൂമിൽ ഒരു യുവതി തനിക്ക് രണ്ടു കുട്ടികൾ ഉണ്ടെന്നും ഇനി ഒരു കുട്ടിയുടെ ആവശ്യമില്ലെന്നും പറഞ്ഞു അബോർഷൻ ചെയ്യാൻ അഡ്മിറ്റായി. ആ ദിവസം തന്നെ മറ്റൊരു സ്ത്രീക്ക് ബിപി കൂടിയത് കൊണ്ട് സ്വന്തം ആരോഗ്യം രക്ഷിക്കാൻ വേണ്ടി അബോർഷൻ ചെയ്യേണ്ടിവന്നു. അവർ ഒരുപാട് വർഷത്തെ ചികിത്സയ്ക്ക് ശേഷം ആയിരുന്നു ഗർഭിണി ആയതുതന്നെ.
രണ്ട് കാരണങ്ങളാൽ അബോർഷൻ ചെയ്യാൻ തയ്യാറായി കിടക്കുന്ന സ്ത്രീകൾ. തേജ രണ്ടുപേരുടെയും അടുക്കൽ ചെന്ന് സംസാരിച്ചു. കുട്ടികൾ ഉള്ളതിന്റെ പേരിൽ അബോർഷൻ ചെയ്യാൻ വന്ന സ്ത്രീയോട് തേജ പറഞ്ഞു; കുഞ്ഞുങ്ങൾ ഈശ്വരന്റെ വരദാനമാണ്, അതിനെ നശിപ്പിക്കരുത്. ആ സ്ത്രീയെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ തേജ പരമാവധി ശ്രമിച്ചു. ഒടുവിൽ തേജ വിജയിക്കുക തന്നെ ചെയ്തു. ആ കുഞ്ഞു പിറന്നപ്പോൾ ഏറ്റവും അധികം സന്തോഷിച്ചത് തേജയായിരുന്നു.
തേജ രോഗികളോട് വളരെ ആത്മാർത്ഥത പുലർത്തിയിരുന്നു. അതിനാൽ തന്നെ ഹോസ്പിറ്റലിൽ വരുന്ന രോഗികൾക്ക് തേജയെ കാണിക്കാൻ ആയിരുന്നു താല്പര്യം. ഒരു ഡോക്ടർക്ക് വേണ്ടുന്ന എല്ലാ ഗുണങ്ങളും തേജയിൽ ഉണ്ടായിരുന്നു. തേജക്ക് 25 വയസ്സ് ആയപ്പോൾ മാതാപിതാക്കൾ അവളെ വിവാഹം കഴിപ്പിക്കുവാൻ തീരുമാനിച്ചു. തേജയുടെ സഹപാഠിയായ ഒരു യുവ ഡോക്ടറായിരുന്നു അവളുടെ വരൻ. അങ്ങനെ 2011 മെയ് 22 -ആം തീയതി വിവാഹം ഉറപ്പിച്ചു. 2012 ജനുവരി 26-ന് മനസ്സമ്മതം നടന്നു. 2012 ഏപ്രിൽ 14-ന് വിവാഹം നടത്താൻ തീരുമാനിച്ചു.
തേജ വളരെ സന്തോഷവതി ആയിരുന്നു. തേജയുടെ വീട്ടുകാരും വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. വിവാഹത്തിന് ധരിക്കുവാനുള്ള വസ്ത്രങ്ങൾ വാങ്ങിച്ചു. 2012 മാർച്ച് 12-ആം തീയതി ഉച്ച സമയത്ത് തേജ പറവൂർ ഉള്ള എയ്ഞ്ചൽ ഗാർമെന്റ്സ് എന്ന തയ്യൽ കടയിൽ ചെന്നു. തേജ സ്ഥിരമായി സ്റ്റിച്ച് ചെയ്യാൻ കൊടുക്കുന്ന ഒരു ഷോപ്പ് ആയിരുന്നു അത്. ഇത്തവണ അവൾ വന്നത് വിവാഹത്തിന്റെ മന്ത്രകോടി ബ്ലൗസ് അടിപ്പിക്കുവാൻ ആയിരുന്നു.
ബ്ലൗസ് തയ്ക്കുന്ന ചേച്ചിയുടെ പേര് ഡെയ്സി എന്നായിരുന്നു. തേജ ബ്ലൗസിന്റെ തുണിയെടുത്ത് മേശപ്പുറത്ത് വച്ചു. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് ഡെയ്സി ചേച്ചിയോട് “ചേച്ചി ഈ ബ്ലൗസ് മതിയോ അതോ ബ്രോക്കേഡ് തുണി എടുക്കണോ” എന്ന് ചോദിച്ചു . അപ്പോൾ ചേച്ചി പറഞ്ഞു, “ഹേയ് വേണ്ട, ഇതു തന്നെ മതി, കഴിച്ചു കഴിയുമ്പോൾ ഇത് കാണാൻ വളരെ ഭംഗിയുണ്ടാകും”. അപ്പോൾ തേജ പറഞ്ഞു;”എന്നാൽ പിന്നെ ഇതുതന്നെ മതിയല്ലേ”?

അതിനുശേഷം തേജ താഴെ കവറിൽ വെച്ചിരുന്ന അളവ് ബ്ലൗസ് എടുക്കാൻ കുനിഞ്ഞു. പെട്ടെന്നാണ് അത് സംഭവിച്ചത്. അവൾ നിലത്തേക്ക് വീണു. ചേച്ചി വേഗം തേജയെ എടുത്ത് മടിയിൽ കിടത്തി മുഖത്തേക്ക് വെള്ളം തളിച്ചു. എന്നിട്ട് കുലുക്കി വിളിച്ചു. പക്ഷേ തേജ അനങ്ങുന്നില്ല. പെട്ടെന്ന് തന്നെ ചേച്ചി തൊട്ടടുത്തുള്ള പല്ല് ഡോക്ടർ ടോണിയെ വിളിച്ചു. അദ്ദേഹവും സ്റ്റാഫും ഓടിവന്നു. ഡോക്ടർ പഞ്ഞിയിൽ മുക്കി എന്തോ മെഡിസിൻ തേജയെ മണപ്പിച്ചു. നിലത്ത് കിടത്തി കാർഡിയാക് മസാജ് കൊടുത്തു. മുഖത്ത് വെള്ളം തളിച്ചിട്ടും തേജ അനങ്ങാതെ ആയപ്പോൾ അവർ വേഗം ഒരു ഓട്ടോ പിടിച്ച് ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു.
അവിടുത്തെ ഡോക്ടർ പരിശോധിച്ച ശേഷം ഓക്സിജൻ മാസ്ക് വെച്ചുകൊടുത്തു. ഡെയ്സി ചേച്ചിക്ക് പരിചയമുള്ള ഒരു ഡോക്ടർ ഫ്രാൻസിസ് ആ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. അദ്ദേഹത്തോട് വിവരം പറഞ്ഞു. അദ്ദേഹം കാഷ്വാലിറ്റിയിൽ എത്തി പരിശോധിച്ച ഉടനെ തേജയുടെ കസിനായ ഡോക്ടർ കുഞ്ചറിയെ ഫോൺ വിളിച്ചു. അദ്ദേഹം ഉടനെ എത്തി. അദ്ദേഹം ഡോൺബോസ്കോയിലെ കാർഡിയോളജിസ്റ്റിനെയും വിളിച്ചു.
പക്ഷേ എല്ലാവരുടെയും പരിശ്രമങ്ങളോട് നന്ദി പറഞ്ഞു തേജ യാത്രയായി. വിവരമറിഞ്ഞ മാതാപിതാക്കളും സഹോദരനും ഹൃദയം നൊന്തു കരഞ്ഞു. ആ മരണത്തിനു മുമ്പിൽ അവർ പകച്ചു പോയി. പക്ഷേ അത് ദൈവത്തിന്റെ പദ്ധതി ആണെന്നും, ദൈവമാണ് തേജയുടെ ഉടമസ്ഥൻ എന്നും ഈ ഭൂമിയിൽ അവളെ നന്നായി നോക്കുവാൻ ദൈവം ഏൽപ്പിച്ചത് തങ്ങളെ ആയിരുന്നു എന്നും അവർ തിരിച്ചറിഞ്ഞു.
ഈശോയ്ക്ക് ഡോക്ടർ തേജയെ ആവശ്യമുണ്ടായിരുന്നു… അതിനാൽ അവളെ സുരക്ഷിതമായ ഒരു സ്ഥലത്തെത്തിച്ച് ഒരു പോറൽ പോലും ഏൽക്കാതെ ഒരു വേദന പോലും നൽകാതെ അവൾ പോലും അറിയാതെ മാലാഖവൃന്ദത്തിനൊപ്പം പെട്ടെന്ന് അവളെ കൂട്ടിക്കൊണ്ടു പോയി. തേജയുമായി സമ്പർക്കം പുലർത്തിയവർക്കൊക്കെ ആ മരണം ഇപ്രകാരം ഒരു അനുഭവമാണ് സമ്മാനിച്ചത്.
അവളുടെ ചിന്തകളും ആലോചനകളും സ്വപ്നങ്ങളും ജീവിത വീക്ഷണവും മനോഹരമായ കയ്യക്ഷരത്തിൽ അവൾ തന്റെ ഡയറിയിൽ കുറിച്ചിരുന്നു. അതിൽ ഒരു വാക്യം വളരെ ശ്രദ്ധേയമാണ്. അത് ഇപ്രകാരമാണ്; “ഈശോയെ, ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ എന്റെ ജീവിതത്തെ എത്ര മനോഹരമായിട്ടാണ് ഈശോ ഒരുക്കിയിരിക്കുന്നത്”. ദൈവം അവളിലൂടെ ഇറങ്ങിവന്ന് നമ്മുടെ ചുറ്റിലും ജീവിക്കുകയായിരുന്നു. പ്രൈമറി ക്ലാസ് മുതൽ എംബിബിഎസ് വരെ അവളെ പഠിപ്പിച്ച അധ്യാപകർ, വൈദികർ, സിസ്റ്റേഴ്സ്, കളിച്ചും ചിരിച്ചും കുസൃതി കാട്ടിയും ഒപ്പം പഠിച്ച സഹപാഠികൾ, ബന്ധുമിത്രാദികൾ ഇവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത് ഡോക്ടർ തേജ ഒരു കൊച്ചു വിശുദ്ധയായിരുന്നു എന്നാണ്.
ഇന്നത്തെ കാലത്ത് യുവജനങ്ങൾക്ക് തേജയുടെ ജീവിതം ഒരു മാതൃകയാണ്. എങ്ങനെ നമുക്ക് വിശുദ്ധിയിൽ ജീവിക്കാം എന്ന് തന്റെ കൊച്ചു ജീവിതം കൊണ്ട് തേജ നമ്മളെ കാണിച്ചു തന്നു. സ്വർഗ്ഗത്തിൽ നമുക്കായി ദൈവത്തോട് സംസാരിക്കാൻ നമ്മുടെ സ്വന്തം മലയാളി പെൺകുട്ടിയായ തേജ ഉണ്ടല്ലോ എന്നോർത്ത് മലയാളികളായ നമുക്ക് അഭിമാനിക്കാം. “കാലമല്ല മനസ്സാണ് വിശുദ്ധരെ സൃഷ്ടിക്കുന്നത്”.
————————————————————————
മലയാളി കത്തോലിക്കാ വൈദികരുടെയും സിസ്റ്റേഴ്സിന്റെയും നേതൃത്വത്തിൽ നടത്തുന്ന കർണാടകയിലെ അംഗീകാരമുള്ള കോളേജിലേക്ക് നേരിട്ട് സീറ്റുകൾ ക്ഷണിക്കുന്നു.
◼ BSCനഴ്സിംഗ്
◼ ജനറൽ നഴ്സിംഗ്
◼ തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്‌സുകൾ ( കേരളത്തിലെ കത്തോലിക്കാ വൈദികർ നടത്തുന്ന കോളേജിലും )
About Us
കുട്ടികൾക്ക് പഠിക്കുവാൻ സുരക്ഷിതമായ ക്യാമ്പസും അവർക്ക് ഭാവിയിൽ നല്ലൊരു ജോലിയും ആണ് ആവശ്യം എങ്കിൽ കോൺടാക്ട് ചെയ്യുക.
Contact : 70 25 95 86 16📞

◼ KNC, INC അംഗീകാരം
◼ വിശുദ്ധ കുർബാനക്ക് ഉള്ള സൗകര്യം
◼ കേരള ഫുഡ്
◼ റാഗിങ്ങ് ഇല്ലാത്ത ക്യാമ്പസ്
◼ ക്യാമ്പസിനു ഉള്ളിൽ ഹോസ്റ്റൽ സൗകര്യം
◼ സുരക്ഷിതമായ ക്യാമ്പസ്
◼ പെൺകുട്ടികൾക്ക് സിസ്റ്റേഴ്സ് നടത്തുന്ന ഹോസ്റ്റൽ സൗകര്യം
◼ പഠനത്തോടൊപ്പം സൗജന്യമായി ജർമൻ, IELTS, OET ക്ലാസുകൾ
◼ സ്വന്തം ഹോസ്പിറ്റൽ
◼ വൈഫൈ സൗകര്യം
◼ കർണാടകത്തിലെ ഏറ്റവും വലിയ ക്യാമ്പസ്
◼ നഴ്സിംഗ് ഡിഗ്രി കുട്ടികൾക്ക് വിദേശത്തേക്ക് 100% ഡയറക്റ്റ് ക്യാമ്പസ് പ്ലേസ്മെന്റ്. +917025958616 (Direct College).