Daily Saints Reader's Blog

വിശുദ്ധ പത്താം പീയുസ് മാർപാപ്പ : ഓഗസ്റ്റ് 21

1903 മുതല്‍ 1914 വരെ തിരുസഭയെ നയിച്ച മഹാ ഇടയനായിരുന്നു കത്തോലിക്കാ സഭയുടെ 259 മത്തെ മാര്‍പ്പാപ്പയായിരുന്ന വിശുദ്ധ പത്താം പിയൂസ്. വി. പിയൂസ് അഞ്ചാമനു ശേഷം വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട ആദ്യത്തെ മാര്‍പ്പാപ്പയുമാണ് അദ്ദേഹം.

തിരുസഭയ്ക്ക് അനേകം വിശുദ്ധരെ സംഭാവന നല്‍കിയ ഇറ്റലിയിലെ റീസ് എന്ന കൊച്ചു ഗ്രാമത്തിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ 1835 ജൂൺ 2 നായിരുന്നു വിശുദ്ധ പത്താം പിയൂസിൻ്റെ ജനനം. ജോസഫ് സാര്‍ത്തോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. ജിയോവാന്നി സാര്‍ത്തോയുടെയും മാര്‍ഗരറ്റിൻ്റെയും പത്തു മക്കളില്‍ മൂത്തവനായിരുന്നു ജോസഫ്.

പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്ന ജോസഫിന് ഒരു വൈദികനാകണമെന്നുള്ള മോഹം ചെറുപ്പം മുതല്‍ തന്നെ ഉണ്ടായിരുന്നുവെങ്കിലും പിതാവ് ആദ്യമൊന്നും അനുകൂലിച്ചില്ല. ഒടുവില്‍ ഭാര്യയുടെയും ഇടവക വികാരിയുടെയും നിര്‍ബന്ധത്തിനു വഴങ്ങി സമ്മതം മൂളുകയായിരുന്നു. 1858 സെപ്തംബർ 18 ന് (വി. കുരിശിൻ്റെ തിരുനാള്‍ദിനം) രൂപതാ മെത്രാനില്‍ നിന്ന് അദ്ദേഹം പൌരോഹിത്യം സ്വീകരിച്ചു.

തോമ്പോളോ, സാല്‍സാനോ എന്നീ രണ്ട് ഇടവകകളില്‍ സഹ വികാരിയായും വികാരിയായും 18 വര്‍ഷത്തോളം അദ്ദേഹം സേവനം അനുഷ്ടിച്ചു. ആത്മീയ ദാരിദ്ര്യമനുഭവിച്ചിരുന്ന ഈ ഇടവകകളിലെ വിശ്വാസികളുടെ ജീവിത നവീകരണത്തിനും ഇടവകയുടെ ആത്മീയ അഭിവൃദ്ധിക്കും വേണ്ടി അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു. എത്ര സമയം വേണമെങ്കിലും കുമ്പസാരക്കൂട്ടില്‍ ചെലവഴിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നു.

ദാനശീലനും ഉദാരമതിയുമായിരുന്ന അദ്ദേഹം, സഹായം അഭ്യര്‍ഥിച്ചു വരുന്ന പാവപ്പെട്ടവരെ ഒരിക്കലും നിരാശപ്പെടുത്തിയിരുന്നില്ല. സ്വന്തം വസ്ത്രവും ഭക്ഷണവും വരെ ദരിദ്രര്‍ക്ക് ദാനം ചെയ്തിരുന്നതിനാല്‍ അദ്ദേഹത്തെ പരിചരിക്കുന്നതിനായി കൂടെത്താമസിച്ചിരുന്ന രണ്ടു സഹോദരിമാര്‍ നന്നേ ക്ലേശിച്ചിരുന്നു. ദീര്‍ഘമായ ഇടവക ശുശ്രൂഷക്കു ശേഷം അദ്ദഹം ട്രെവിസോ രൂപതാ ചാന്‍സലര്‍ ആയും അതിനുശേഷം മാന്തുവാ രൂപതയുടെ മെത്രാനായും നിയമിക്കപ്പെട്ടു.

സ്ഥാനമാനങ്ങള്‍ സ്വീകരിക്കുന്നതില്‍ അങ്ങേയറ്റം വിമുഖനായിരുന്നതിനാല്‍ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയും അനുസരണയെ പ്രതിയുമാണ് അദ്ദേഹം പുതിയ ചുമതലകള്‍ ഏറ്റെടുത്തിരുന്നത്. മെത്രാനായി ചുമതലയേല്‍ക്കുന്നതിനു മുന്‍പ് അദ്ദേഹം കുടുംബാംഗങ്ങളെ കാണുവാന്‍ റീസിലെ ചെറു ഭവനത്തിലെത്തി. ഗ്രാമവാസികള്‍ അതൊരു ആഘോഷമാക്കി മാറ്റിയെങ്കിലും അദ്ദേഹം മ്ലാനവദനനായിരുന്നു. കാരണം തിരക്കിയ അമ്മയോട് അദ്ദേഹം പറഞ്ഞു: “ഒരു മെത്രാൻ്റെ കടമ എത്ര വലുതാണെന്ന് അമ്മക്കറിയില്ല. ശരിയായി അത് നിര്‍വഹിച്ചില്ലെങ്കില്‍ ആത്മരക്ഷ തന്നെ അപകടത്തിലാകും.”

ആത്മീയവും ഭൗതികവുമായി മുരടിച്ചിരുന്ന മാന്തുവാ രൂപതയെ പുനരുദ്ധരിക്കുവാന്‍ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. ആ ശ്രമങ്ങള്‍ ഫലം കാണുകയും ചെയ്തു. മാന്തുവാ രൂപതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെപ്പറ്റി കേട്ടറിഞ്ഞ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പ, ബിഷപ്‌ സാര്‍ത്തോയെ വെനീസിലെ പാത്രിയര്‍ക്കീസായി നിയമിച്ചു.

1893 ജൂണിലായിരുന്നു ഇത്. പ്രഗല്‍ഭനും ആത്മീയ ചൈതന്യം തുളുമ്പുന്ന സഭാ ഭരണാധികാരിയുമെന്ന നിലയില്‍ അവിടെയും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. 1903 ജൂലൈ 20 ന് ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പ കാലം ചെയ്തു. പുതിയ മാര്‍പ്പാപ്പയെ തെരെഞ്ഞെടുക്കുന്നതിനായി ലോകമെമ്പാടുമുള്ള കര്‍ദിനാള്‍മാരോടൊപ്പം കര്‍ദിനാള്‍ സാര്‍ത്തോയും യാത്രയായി.

‘വേഗം തിരിച്ചു വരണേ’ എന്ന അഭ്യര്‍ഥനയുമായി അദ്ദേഹത്തെ യാത്രയാക്കാനെത്തിയവരോട് ഉടന്‍ തിരിച്ചു വരും എന്നുറപ്പു നല്‍കിയിട്ടാണ് അദ്ദേഹം യാത്രയായത്. എന്നാല്‍ ദൈവഹിതം മറ്റൊന്നായിരുന്നു. 1903 August 9 ന് കര്‍ദിനാള്‍ സാര്‍ത്തോ, പത്താം പിയൂസ് എന്ന നാമം സ്വീകരിച്ച് ക്രിസ്തുവിൻ്റെ വികാരിയായി, പത്രോസിൻ്റെ പിന്‍ഗാമിയായി ചുമതലയേറ്റു.

സഭാമക്കള്‍ക്ക്‌ അനുദിന ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള അനുവാദം നല്‍കിയത് വിശുദ്ധ പത്താം പിയൂസ് മാര്‍പ്പാപ്പയാണ്. 11 കൊല്ലം സഭയെ ക്രിസ്തു പാതയിലൂടെ നയിച്ചതിനു ശേഷം 1914 ഓഗസ്റ്റ് 20 ന് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

പത്താം പീയൂസ് മാർപാപ്പയുടെ ജീവിതത്തിൽ ഒരു കഥയുണ്ട് :- ദാരിദ്രത്തിൽ ജനിച്ചവനാണെന്ന് താനെന്ന് മാർപാപ്പയായപ്പോഴും ഓർക്കുവാൻ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മാർപാപ്പയായതിനു ശേഷം അദ്ദേഹത്തിൻ്റെ അമ്മയായ മാർഗരറ്റ് അദ്ദേഹത്തെ ആദ്യമായി കാണുവാൻ വന്നു.

ദാരിദ്ര്യത്തിൽ ജീവിച്ചിരുന്ന അവർ അയൽപക്കത്തുള്ളവരുടെ വിലപിടിപ്പുള്ള വസ്ത്രവും ആഭരണങ്ങളും കടം വാങ്ങി ധരിച്ചിട്ടാണ് വന്നത്. ഒരു മാർപാപ്പയുടെ അമ്മ കീറിപ്പറിഞ്ഞ വസ്ത്രവുമായി വന്നാൽ തന്റെ മകന് മോശമല്ലേ എന്ന് കരുതിയാണ് ആ പാവം സ്ത്രീ അങ്ങിനെ വന്നത്.

അമ്മ തന്നെ സന്ദർശിക്കുവാൻ വന്നിട്ടുണ്ട് എന്നറിഞ്ഞ് അദ്ദേഹം അമ്മയെ സ്വീകരിക്കുവാൻ എത്തി. എന്നാൽ അമ്മയെ കണ്ടയുടനെ അദ്ദേഹം പറഞ്ഞു – “ഇത് എൻ്റെ അമ്മയല്ല – എൻ്റെ അമ്മ ഒരു പാവപ്പെട്ട സ്ത്രീയാണ്. അമ്മ തിരിച്ചു പോയി തൻ്റെ സാധാരണ വസ്ത്രത്തിൽ വന്നപ്പോൾ ആ അമ്മയെ കെട്ടിപ്പിടിച്ചു പറഞ്ഞു ” ഇതാണ് എൻ്റെ അമ്മ”. അത്രമാത്രം എളിയവനായിരുന്ന വി. പത്താം പിയൂസ് പാപ്പ.

ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ വിശുദ്ധനെന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ നാമകരണ നടപടികള്‍ 1943 ഫെബ്രുവരിയില്‍ ആരംഭിച്ചു. 1951 ജൂൺ 3 ന് സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും 1954 മെയ് 29 ന് വിശുദ്ധനായും പ്രഖ്യാപിച്ചു. വിശുദ്ധ പത്താം പീയൂസ് മാർപാപ്പയുടെ തിരുനാൾ ഓഗസ്റ്റ് 21 നു തിരുസഭ ആഘോഷിക്കുന്നു.