ഫാ. ജയ്‌സൺ കുന്നേൽ mcbs
ഒന്നാം ദിനം ; എളിമപ്പെടാനുള്ള അവസരങ്ങൾ ഭാഗ്യാവസരങ്ങൾ
“എളിമയാണ് സുകൃതങ്ങളുടെ രാജ്ഞി എളിമപ്പെടാൻ കിട്ടുന്ന ഏത് അവസരവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.” വി. അൽഫോൻസാമ്മ ശിരസ്സിൽ ചാരം പൂരി നോമ്പിൻ്റെ തീവ്രതയിലേക്കു വിഭൂതിതിരുനാളിലൂടെ നാം പ്രവേശിച്ചിരിക്കുന്നു.
സുകൃതങ്ങൾ പുഷ്പിക്കുന്ന വസന്തകാലമല്ലോ നോമ്പ്. അനുതാപത്തിൻ്റെയും പ്രാർത്ഥനയുടെയും ഉപവാസത്തിൻ്റെയും നാളുകളിൽ ഉള്ളിൽ പുത്തുലയേണ്ട ആദ്യ സുകൃതമാണ് എളിമ. ദൈവഹിതത്തിനു കീഴ്‌വഴങ്ങി ജീവിക്കുക എന്നതാണ് എളിമ എന്ന സുകൃതത്തിൻ്റെ പ്രഥമവും പ്രധാനവുമായ കാര്യം.
നെറ്റിയിലെ വിശുദ്ധ ചാരം ദൈവ ദൃഷ്ടിയിൽ ഭക്തനുണ്ടാകേണ്ട ഹൃദയവിചാരമാണ് ഓർമ്മിപ്പിക്കേണ്ടത്. പൊടിയിൽ നിന്നു ദൈവം മെനഞ്ഞെടുത്തവൻ തൻ്റെ സൃഷ്ടാവിനെ നിരന്തരം സ്മരിക്കണമെന്നും ഈ ജീവിതത്തിൻ്റെ നശ്വരത മനസ്സിലാക്കി ഉന്നതങ്ങളിലേക്കു നോക്കി ജീവിക്കണമെന്നും ചാരം ഓർമ്മിപ്പിക്കുന്നു.
ജീവിതത്തെ പരിശുദ്ധാത്മാഗ്നിയാൽ നിരന്തരം സ്നാനപ്പെടുത്തി വിശുദ്ധീകരിച്ചെടുക്കാൻ എളിമ എന്ന സുകൃതം നാം നിരന്തരം പരിശീലിക്കേണ്ടിയിരിക്കുന്നു. എളിമപ്പെടാൻ കിട്ടുന്ന അവസരങ്ങളെ ജീവിതഭാഗ്യമായി കണ്ട വിശുദ്ധയാണ് ഭരണങ്ങനാത്തെ വിശുദ്ധ അൽഫോൻസാമ്മ.
എളിമ ഭാഗ്യമാകുന്നത് ആത്മാവു ദൈവക്യത്തിലും ദൈവാശ്രയത്തിലും ജീവിക്കുമ്പോഴാണ്. ദൈവം മാത്രം മതിയായവൻ എന്നു പറയാൻ എളിമ ഉള്ളവർക്കേ സാധിക്കു എന്നു അൽഫോൻസാമ്മയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. നോമ്പിലെ ആദ്യദിനത്തിലെ ചാരം ദൈവഹിതത്തിനു കീഴ് വഴങ്ങി ജീവിക്കാൻ നമുക്കു പ്രചോദനമരുളട്ടെ.
തിരുവചനം ഓർമ്മിപ്പിക്കുന്നു: ” ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്‍റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക.”( ഏശയ്യാ 66 : 2).
എളിമയിൽ വളരാനുള്ള മുന്നു വഴികളാണ് വിശ്വാസം(Faith) ക്ഷമ(Forgivness) കൂട്ടായ്മ Fellowship). അതിനാൽ വിശ്വാസത്തിൽ ആഴപ്പെട്ട് ക്ഷമ കൂട്ടായ്മയിൻ പരിശീലിക്കുമ്പോൾ എളിമ എന്ന സുകൃതം നമ്മിലും പുഷ്പിക്കും.
ഫാ. ജയ്‌സൺ കുന്നേൽ mcbs