Pope's Message Reader's Blog

സ്നേഹം നമ്മെ ആശ്ചര്യപ്പെടുത്തുന്നു: ഫ്രാൻസിസ് മാർപാപ്പാ

ക്രിസ്തുമസ് – പുതുവത്സരദിന ആശംസകൾ അറിയിക്കുന്നതിനും, തങ്ങളുടെ സ്നേഹം പങ്കുവയ്ക്കുന്നതിനുമായി, ഇറ്റലിയിലെ ‘കത്തോലിക്കാ ക്രിയാത്മക കൂട്ടായ്മ’ അഥവാ അത്സിയോനെ കത്തോലിക്കാ സംഘടനയിലെ യുവ അംഗങ്ങൾ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു. തദവസരത്തിൽ പാപ്പാ അവർക്ക് ആശംസകൾ നേർന്നുകൊണ്ട്, ഹ്രസ്വസന്ദേശം നൽകുകയും ചെയ്തു.

എല്ലാവർഷവും, ക്രിസ്തുമസ് ആശംസകൾ നേരുന്നതിനായി അംഗങ്ങൾ വത്തിക്കാനിൽ എത്താറുണ്ട്. സംഘടനയുടെ ദേശീയ അധ്യക്ഷനും, മറ്റു ഭാരവാഹികളും സ്വകാര്യസദസ്സിൽ സംബന്ധിച്ചു.

തന്റെ സന്ദേശത്തിൽ, ശിഷ്യന്മാരെ ദൗത്യനിർവ്വഹണത്തിനായി വിളിക്കുന്ന യേശുവിനെ, പാപ്പാ യുവജനങ്ങൾക്ക് എടുത്തു കാണിച്ചു. സംഘടനയുടെ ഈ വർഷത്തെ പ്രധാന പ്രമേയം , ‘വലയിറക്കുക’ എന്നതാണ്, ഈ പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് പാപ്പാ തുടർന്ന് സംസാരിച്ചത്.

യേശു ശിഷ്യൻമാരെ ആഹ്വാനം ചെയ്തത്, ‘മനുഷ്യരെ പിടിക്കുന്നവരാകുക’ എന്നതാണെന്നും, ഇത് തന്നെയാണ് സംഘടനയിലെ അംഗങ്ങളുടെയും ഉത്തരവാദിത്വമെന്നും പാപ്പാ പറഞ്ഞു.

എന്നാൽ മനുഷ്യരെ പിടിക്കുക എന്നത് കൊണ്ട് യേശു വിവക്ഷിക്കുന്നത്, വെറുതെ ആളുകളെ ആകർഷണവലയത്തിലാക്കി പിടിക്കുക എന്നതല്ല, മറിച്ച് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തെ ബഹുമാനിച്ചുകൊണ്ട്, എല്ലാവരെയും സ്നേഹിക്കുകയും, അവരെ രക്ഷയിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

പുത്രനെ അത്രമേൽ സ്നേഹിച്ച പിതാവിന്റെ സ്നേഹം പങ്കുവയ്ക്കുന്നതാണ്, പുത്രൻ ‘മനുഷ്യരെ പിടിക്കുക’ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്നും പാപ്പാ പറഞ്ഞു. ഈ സ്നേഹത്തിന്റെ പങ്കുവയ്ക്കൽ, നമ്മെ ആശ്ചര്യപ്പെടുത്തുന്നുവെന്നും പാപ്പാ ചൂണ്ടികാണിച്ചു. വിവിധങ്ങളായ പ്രവൃത്തികൾ കൊണ്ട് ക്രിസ്തുമസ് കാലം വളരെ സവിശേഷമാണെന്ന് പറഞ്ഞ പാപ്പാ, യേശുവിന്റെ ജനനവേളയിൽ സംഭവിച്ചതെല്ലാം ആശ്ചര്യങ്ങളാണെന്നും കൂട്ടിച്ചേർത്തു.