Daily Saints Reader's Blog

വി. ചാള്‍സ് ബോറോമിയോ: നവംബർ 4

ഇറ്റലിയിലെ മിലാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാള്‍സ് ബൊറോമിയോ ജനിച്ചത്. അപ്പനായ ഗിബർട്ടോ ബൊറോമിയോ പ്രഭുവിന്റെയു കുടുംബത്തിന്റെയും അച്ചടക്കവും ശിക്ഷണവും അമ്മയായ മാർഗരിറ്റായുടെ ഈശോയെ കുറിച്ചുള്ള കഥകളും ഉത്തമ ക്രൈതവ ജീവിതം നയിക്കേണ്ടതിനെ കുറിച്ചുള്ള ആവേശകരമായ പഠിപ്പിക്കലുകളും , ഈശോയ്ക്ക് വേണ്ടി ജീവിക്കാൻ ചാൾസിനെ പ്രേരിപ്പിച്ചു.

ചാൾസിന്റെ ഒമ്പതാം വയസിൽ അമ്മ മരിച്ചു. തന്റെ കഴിവുകളും സമ്പത്തും സഹജീവികൾക്കു കൂടി അർഹതപ്പെട്ടതാണെന്ന ചിന്ത ചാൾസിന് ചെറുപ്പം മുതലേ ഉണ്ടായിരുന്നു. 12-ാം വയസിൽ ആത്മീയ ജീവിതം തുടങ്ങിയതായി ചാൾസ്‌ പ്രഖ്യാപിച്ചു .

ചാൾസിന് 20 വയസുള്ളപ്പോൾ പിതാവ് ഗിബർട്ട് പ്രഭു മരിച്ചതോടെ വൈദിക ജീവിതം മതിയാക്കി വിവാഹം കഴിച്ച് ബൊറോമിയ കുടുംബത്തിന്റെ തലവനാകാൻ കുടുംബവും ബന്ധുമിത്രാദികളും നിർബന്ധിച്ചുവെങ്കിലും തന്റെ മറ്റൊരു അമ്മാവനെ കുടുംബത്തിന്റെ ചുമതലകൾ ഏൽപിച്ച് ചാൾസ് ഒരു പുരോഹിതനായി തന്നെ ജീവിതം തുടർന്ന് 1959 ൽ സിവിൽ-കാനൻ നിയമങ്ങളിൽ ഡോക്ടറേറ്റ് നേടി.

പോൾ നാലാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ, പ്രശസ്തമായ മെഡിസി കുടുംബത്തില്‍ നിന്നുള്ള ചാൾസിന്റെ അമ്മാവൻ കർദിനാൾ ജിയോവാനി അഞ്ചെലോ ദെ മെദിച്ചി അക്കാലത്ത് പിയൂസ് 4-ാമൻ എന്ന പേര് സ്വീകരിച്ച് മാർപാപ്പയായി.

ചാള്‍സിന്‍റെ 23-മത്തെ വയസ്സില്‍, പാപ്പായായ ഈ അമ്മാവന്‍ അദ്ദേഹത്തെ ഒരു കര്‍ദ്ദിനാള്‍ ആയും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായും നിയമിക്കുകയും നിരവധി ഔദ്യോഗിക ഭരണത്തിന്റെ ചുമതലകള്‍ നല്‍കുകയും, തന്‍റെ ഔദ്യോഗിക നിയമകാര്യ പ്രതിനിധിയായി പല സ്ഥലങ്ങളിലേക്കയക്കുകയും, ഒരു സ്ഥിരം മെത്രാനില്ലാതെയിരുന്ന മിലാനിന്റെ മെത്രാനായി നിയമിക്കുകയും ചെയ്തു.

സഭയെ രചനകൾ കൊണ്ട് സമ്പന്നമാക്കുന്നതിനായി വത്തിക്കാനിൽ അദേഹം ഒരു അക്കാദമി ആരംഭിച്ചു. വൈകും നേരങ്ങളിൽ അല്മായരും സഭാ പണ്ഡിതൻമാരും മറ്റും ഒത്തുകൂടി ചർച്ചകൾ നടത്തി ചിന്തകളെ വാചകങ്ങളാക്കുകയും തുടർന്ന് ഉത്തമ പഠന ഗ്രന്ഥങ്ങളാക്കുകയു ചെയ്ത് , പ്രൊട്ടസ്റ്റന്റ് വിപ്ലവം തളർത്തിയ സഭയെ വളരെയധികം ശക്തിപ്പെടുത്തുകയും മുടങ്ങി കിടന്ന 19-ാം സൂനഹദോസായ ട്രെന്റ് കൗൺസിൽ പുനർജീവിപ്പിക്കുകയും ചെയ്തു.

സഭയ്ക്ക് പൊതുവായി മതബോധന ഗ്രന്ഥം ” കാത്തെക്കീസ് മുസ് റൊമാനിസ്” അഥവ റോമൻ കാറ്റെക്കിസം തയ്യാറാക്കി. കുട്ടികളുടെ വളർച്ചയുടെ വിവിധ പ്രായമനുസരിച്ച് ഗ്രന്ഥങ്ങൾ രചിക്കുകയും മതബോധനത്തിന് ഹാജർ നിർബന്ധമാക്കുകയും ചെയ്ത് സൂക്ഷമവും ക്രമവുമായി ദൈവാനുഭവങ്ങൾ തിരിച്ചറിയുന്നതിനും അതുവഴി വിശ്വാസം വളർത്തിയെടുക്കുന്നതിനും , ഇതിന്റെ അടിസ്ഥാനത്തിൽ നല്ല ഒരു ജീവിതം നയിച്ച് നിത്യജീവന് അർഹരാകുന്നതിനും കുട്ടികളേയും യുവജനങ്ങളേയും പരിശീലിപ്പിക്കുന്നതിനും ചാൾസ് ബൊറോമിയോ ആരംഭിച്ച സംവിധാനമാണ് ആഗോള സഭ സൺഡേ സ്കൂൾ എന്ന് പേരിൽ ഏറ്റെടുത്തത്.

ഒരു സമ്പന്നനായാണ്‌ ജനിച്ചതെങ്കിലും തന്റെ ജീവിതത്തിന്റെ ഒരു നല്ല ഭാഗം ഇദ്ദേഹം ഞെരുക്കത്തിലും സഹനത്തിലുമാണ് കഴിഞ്ഞിരുന്നത്. 1570-ല്‍ ഉണ്ടായ ക്ഷാമത്തില്‍ ആളുകൾക്ക് വേണ്ടി മൂന്ന് മാസത്തോളം ഭക്ഷണം കണ്ടെത്തേണ്ടിവന്നതിലും 6 വര്‍ഷത്തിനു ശേഷം രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന മഹാമാരിയില്‍ (പ്ലേഗ്) തന്റെ ജില്ലയിലെ ആല്‍പൈന്‍ പര്‍വ്വത ഗ്രാമങ്ങളിലുള്ള ആള്‍ക്കാര്‍ക്ക് ഭക്ഷണവും വേണ്ട ശ്രദ്ധയും നല്‍കുന്നതിനായി പുരോഹിതരെയും, മത പ്രവര്‍ത്തകരെയും അല്‍മായരായ ആളുകളെയും നിയോഗിച്ചുകൊണ്ടിരുന്നതിലും, മരിച്ചുകൊണ്ടിരിക്കുന്നവരും രോഗികളുമായ ധാരാളം ആളുകളെ അദ്ദേഹം ശുശ്രുഷിച്ചതിലും അദ്ദേഹം വന്‍ കടബാധ്യതയും വരുത്തിവച്ചിരുന്നു.

രൂപതാ കൗൺസിലുകളുടെയും പ്രാദേശിക കൗൺസിലുകളുടെയും സംഘാടനങ്ങൾ, മതബോധന സംവിധാനത്തിലെ നവീകരണം, ദൈവാലയങ്ങളുടെ ഉടമസ്ഥാവകാശം അധികാര പരിധി നിർണ്ണയിക്കൽ , ദൈവാലയാധികാരികളുടെ തെറ്റായ നയങ്ങൾക്കെതിരെയുള്ള നടപടികൾ,

പ്രാദേശിക പ്രഭുക്കൻമാരുടെ സഭയിലെ ഇടപെടലുകൾക്കെതിരെ എടുത്ത തീരുമാനങ്ങൾ, സന്യാസ സഭകളുടെ നവീകരണകൾക്കായി നടപ്പിലാക്കിയ പരിഷ്കാരങ്ങൾ, എന്നിവ , മറ്റു പലതും ലക്ഷ്യം വച്ച് സഭാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്ന സ്വാർത്ഥമതികളായ ചിലരുടെ ശത്രുതക്ക് ചാൾസ് പാത്രമാകേണ്ടി വന്നു.

ഹ്യൂമിലിയാക്കി സന്യാസ സമൂഹത്തിൽ ചാൾസ് നടപ്പിലാക്കിയ പരിഷ്കാരങ്ങളിൽ വിയോജിച്ച് വിഘടിച്ച് നിന്ന ഒരു വിഭാഗം സന്യാസികളിൽ ഒരാൾ അൽമായനേപ്പോലെ വേഷം ധരിച്ച്, ചാള്‍സ് ബോറോമിയോ അള്‍ത്താരക്കു മുന്നില്‍ മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന സമയം പുറകില്‍ നിന്നും അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു.

ആദ്യം താന്‍ മരിക്കുകയാണെന്നാണ് ചാള്‍സ് ബോറോമിയോകരുതിയത്. പക്ഷെ ആ വെടിയുണ്ടക്ക് അദ്ദേഹത്തിന്റെ മേല്‍വസ്ത്രത്തെ തുളച്ചു പോകുവാന്‍ കഴിഞ്ഞില്ല. ഒരു ക്ഷതമേല്‍പ്പിക്കുവാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. പക്ഷേ വെടിയുണ്ടയുടെ അംശങ്ങൾ ഒരു മുഴയായി ജീവതകാലം മുഴുവൻ ശരീരത്തിൽ നിലനിന്നു.

ഒരു സിനഡില്‍ വച്ച് തന്റെ മുന്‍പിലുള്ള മെത്രാന്‍മാരോട് വിശുദ്ധ ചാള്‍സ് ബൊറോമിയോ ഇപ്രകാരം പറഞ്ഞു. “ദേഷ്യം പൂണ്ട നമ്മുടെ വിധികര്‍ത്താവ് നമ്മോടു ചോദിക്കുന്നു : നിങ്ങള്‍ എന്റെ സഭക്ക് പുതുജീവന്‍ നല്‍കുവാന്‍ വന്നവരാണെങ്കില്‍, നിങ്ങളെന്തിന് കണ്ണടക്കുന്നു? എന്റെ കുഞ്ഞാടുകളുടെ ഇടയനായി ഭവിക്കുകയാണെങ്കില്‍, സാത്താൻ വക്താക്കൾക്ക് എന്തിനു അവസരം നൽകുന്നു ?

അവർ മൂലം ദൈവജനം ചിന്നിചിതറുവാന്‍ നിങ്ങൾ എന്തിനു അനുവദിക്കുന്നു? ഭൂമിയുടെ ഉപ്പായ നിങ്ങള്‍ക്ക് നിങ്ങളുടെ പുളി നഷ്ടപ്പെട്ടുവോ? ലോകത്തിന്റെ പ്രകാശമായ നിങ്ങള്‍ ഇരുട്ടില്‍ ഇരിക്കുകയും മരണത്തിന്റെ നിഴലില്‍ ഒരിക്കലും പ്രകാശമുള്ളവരായി കാണാതിരിക്കുകയും ചെയ്യുന്നുവോ. മനുഷ്യരുടെ പ്രീതിക്കായി പ്രവര്‍ത്തിക്കുകയല്ലാതെ നിങ്ങള്‍ ഒന്നും ചെയ്യാൻ ധൈര്യപ്പെടുന്നില്ല. അതിനാല്‍ പ്രേഷിതന്മാരായ നിങ്ങള്‍ നിങ്ങളുടെ പ്രേഷിതപ്രവര്‍ത്തന ദൃഡത പരീക്ഷണത്തിനു വിധേയമാക്കേണ്ടതാണ്”.

ഒരിക്കല്‍ അദ്ദേഹം ഒരു പരിഹാര പ്രദക്ഷിണം നടത്തി. തന്റെ കഴുത്തില്‍ ഒരു കയര്‍ ചുറ്റി, നഗ്നപാദനായി ചോരയൊലിപ്പിച്ചുകൊണ്ട് തോളില്‍ ഒരു മരക്കുരിശും ചുമന്നുകൊണ്ടു അദ്ദേഹം നടന്നു. ഇതുവഴി, ദൈവസ്നേഹത്തിലേക്ക് വരുന്നതിന് തന്റെ മക്കള്‍ക്ക് ത്യാഗത്തിന്റെ മാതൃക സ്വയം നല്‍കുകയായിരുന്നു ചാള്‍സ് ചെയ്തത്.

ചണം കൊണ്ടുള്ള വസ്ത്രം ധരിച്ച്, മേലാകെ ചാരം പൂശി, ക്രൂശിതനായ ക്രിസ്തുവിന്റെ ഒരു ചിത്രം കയ്യില്‍ പിടിച്ചുകൊണ്ട് 1584- നവംമ്പർ 3 ന് രാത്രി, തന്റെ 46-മത്തെ വയസ്സിലാണ് അദ്ദേഹം മരിച്ചത്. മിലാനിലെ പള്ളിയിൽ അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നു. 1610 നവംബർ 1ന് പോൾ 5-ാം മാർപ്പാപ്പ ചാൾസ് ബൊറോമിയോയെ വിശുദ്ധ പദവിയിലേക്കുയർത്തുകയും നവംബർ 4 വിശുദ്ധന്റെ തിരുനാളായി പ്രഖ്യാപിക്കുകയും ചെയ്തു.

തിരുസഭയുടെ പ്രഥമ ദൗത്യമായി വിലയിരുത്തപ്പെടുന്ന വിശ്വാസ പരിശീലനത്തെ കൂടുതൽ ചിട്ടയായി അവതരിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തത് വഴി വിശ്വാസ പരിശീലകർക്ക് മധ്യസ്ഥനായി നിലകൊള്ളാൻ തിരുസഭ തെരഞ്ഞെടുത്തത് വി. ചാൾസ് ബൊറോമിയോയേയാണ്.