News Social Media

ഹാലോവീൻ ദിനാഘോഷങ്ങളുടെ മറവിലുള്ള ക്രൈസ്തവ അവഹേളനം; ജാഗ്രത പുലർത്തണം

നവംബർ ഒന്ന് – സകല വിശുദ്ധരുടെയും തിരുന്നാൾ ദിനത്തോടനുബന്ധിച്ച് അതിന്റെ തലേദിവസം നടത്തുന്ന ആചരണം (All Hallows Eve) ലക്ഷ്യമാക്കിയിരുന്നത് വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിചിന്തനവും ധ്യാനവുമായിരുന്നെങ്കിൽ, അത്തരമൊരു പവിത്രമായ ആചരണത്തിന്റെ കച്ചവടവൽക്കരണം വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സാത്താനിക വേഷഭൂഷാദികളും മുഖമൂടികളും ചേഷ്ഠകളും അനുകരിച്ചുകൊണ്ടുള്ള ആഘോഷപരിപാടികളാണ് പലയിടങ്ങളിലും ഹാലോവീൻ ദിനത്തോടനുബന്ധിച്ച് കണ്ടുവരുന്നത്. ആ മാതൃകയിൽ സമീപകാലത്താണ് കേരളത്തിലെ ചില വിദ്യാലയങ്ങളിൽ പ്രത്യേകിച്ച് കോളേജുകളിൽ ഹാലോവീൻ ദിനാഘോഷം കണ്ടുതുടങ്ങിയത്.

അർത്ഥമറിയാതെ വിദ്യാർഥികൾ നടത്തുന്ന ആഘോഷങ്ങളിൽ അവഹേളനപരമായ രീതിയിൽ സമർപ്പിത വസ്ത്രങ്ങളും പൈശാചിക മുഖമൂടികളും മറ്റും ധരിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ കാണാറുണ്ട്.

മുൻവർഷങ്ങളിൽ ഹാലോവീൻ ദിനമായ ഒക്ടോബർ 31 ന് കേരളത്തിലെ ചില കോളേജുകളിൽ അരങ്ങേറിയ ആഘോഷപരിപാടികൾ ക്രൈസ്തവ വിരുദ്ധതയുടെ അരങ്ങേറ്റമായി മാറുകയും വ്യാപകമായ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

സന്യാസത്തെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നതും പൈശാചികതയെ ദ്യോതിപ്പിക്കുന്നതുമായ വേഷവിധാനങ്ങളും നൃത്ത നൃത്യങ്ങളും ഹാലോവീൻ ആഘോഷങ്ങളുടെ മറവിൽ അരങ്ങേറുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയാത്തതാണ്.

പങ്കെടുക്കുന്നവരിലും കാഴ്ചക്കാരിലും തെറ്റായ അഭിമുഖ്യങ്ങൾ ജനിപ്പിക്കാനിടയുള്ള ഹാലോവീൻ ആഘോഷങ്ങളിൽനിന്ന് യുവജനങ്ങളും കുട്ടികളും അകന്നുനിൽക്കണമെന്ന മുന്നറിയിപ്പുകൾ പലപ്പോഴായി നൽകപ്പെട്ടിട്ടുണ്ടെങ്കിലും വീണ്ടും ആവർത്തിക്കപ്പെടുന്നതായി കാണാറുണ്ട്.

ക്രൈസ്തവ സമൂഹവും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. കത്തോലിക്കാ വിശ്വാസത്തെയും, ക്രൈസ്തവ മൂല്യങ്ങളെയും കളങ്കപ്പെടുത്തുന്നതൊന്നും നമ്മുടെ വിദ്യാലയങ്ങളിൽ സംഭവിക്കാതിരിക്കട്ടെ.