Daily Saints Reader's Blog

വിശുദ്ധ അൽഫോൺസസ് റോഡ്രിഗസ് :ഒക്ടോബർ 31

1531-ല്‍ സ്പെയിനിലെ ഒരു കുടുംബത്തിലെ പതിനൊന്ന്‍ മക്കളില്‍ മൂന്നാമത്തവനായാണ്‌ വിശുദ്ധ അല്‍ഫോണ്‍സസ് റോഡ്രിഗസിന്റെ ജനനം. അദ്ദേഹത്തിന് പതിനൊന്നു വയസ്സായപ്പോള്‍ മൂത്ത സഹോദരന്റെ കൂടെ അദ്ദേഹത്തെയും ഒരു ജെസ്യൂട്ട് കോളേജിലേക്കയച്ചു.

1557-ല്‍ അദ്ദേഹം നല്ല സ്വഭാവഗുണങ്ങള്‍ ഉള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തു. 5 വർഷത്തിനുശേഷം ഭാര്യയും രണ്ട് കുട്ടികളും മരണപ്പെട്ടു. പിന്നീട് ഒരു മകൻ മാത്രമായിരുന്നു അവശേഷിച്ചത്. ഈ ദുരിതങ്ങൾ തന്റെ പാപങ്ങൾ മൂലമാണ് തനിക്ക് വന്നതെന്നു അദ്ദേഹം വിശ്വസിച്ചു.

ഇനി ഒരു ചെറിയ പാപം പോലും ചെയ്യുന്നതിനെക്കാൾ ഈ ലോകത്തിൽ തന്നെ നാരകീയ പീഡനങ്ങൾ സഹിക്കുവാനാണിഷ്ടം എന്നദ്ദേഹം ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവേഷ്ടത്തിനായി അദ്ദേഹം തന്നെ തന്നെ ദൈവത്തിനു സമർപ്പിച്ചു. അതിന് ശേഷം പാപപരിഹാരത്തിനു വേണ്ടിയുള്ള ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. ഒരു വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ അമ്മയും ഏകമകനും മരിച്ചു.

അല്‍ഫോണ്‍സസ്, സെഗോവിയ ഉപേക്ഷിച്ച് വലെന്‍സിയായിലേക്ക്‌ പോയി. അവിടെ വച്ച് ഒരു ജെസ്യൂട്ട് സന്യാസിയെ കണ്ടു. തനിക്ക്‌ 38 വയസ്സായപ്പോള്‍ അദ്ദേഹം തന്നെയും ജെസ്യൂട്ട് സഭയില്‍ ചേര്‍ക്കണമെന്നപേക്ഷിച്ചു. അങ്ങനെ അദ്ദേഹത്തിന് ജെസ്യൂട്ട് സന്യാസസഭയില്‍പ്രവേശനം ലഭിക്കുകയും ചെയ്തു. തന്റെ മതപരമായ ജീവിതം മുഖ്യമായും അദ്ദേഹം ചിലവിട്ടത് ഒരു ജെസ്യൂട്ട് കോളേജിലെ ചുമട്ടുകാരനായിട്ടാണ്.

1617-ല്‍ വിശുദ്ധ അല്‍ഫോണ്‍സസ് മരണമടഞ്ഞു; 1888-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പ അദ്ദേഹത്തിന്റെ പേരിലുള്ള അത്ഭുത പ്രവര്‍ത്തികള്‍ അംഗീകരിക്കുകയും വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.