യോഹന്നാൻ 17 : 1 – 8
ജീവിതമാതൃക.
പുത്രൻ പിതാവിനെ മഹത്വപ്പെടുത്തിയത് ഇപ്രകാരമായിരുന്നു, അവിടുന്ന് തന്നെ ‘ഭരമേൽപ്പിച്ച ദൗത്യം പൂർത്തീകരിച്ചു’. ദൈവഹിതം നിറവേറ്റിക്കൊണ്ടു പിതാവിനെ മഹത്വപ്പെടുത്തി. ആയതിനാലാവണം, അവിടുന്ന് ശിഷ്യരെ പഠിപ്പിച്ച പ്രാർത്ഥനയിലും ഇതേ മഹത്വീകരണം കൂട്ടിച്ചേർത്തത്.
നാം ദൈവഹിതമനുസരിച്ചും ദൈവത്തിന് വിധേയപ്പെട്ടും ജീവിക്കുമ്പോഴാണ് ദൈവം മഹത്വപ്പെടുന്നത്. നമ്മുടെ അനുദിനപ്രാർത്ഥന ഇതാവട്ടെ ‘ദൈവമേ…നിന്റെ ഹിതം എന്നിൽ പൂർത്തിയാക്കണമേ’ എല്ലാവർക്കും നിത്യജീവൻ നൽകാനുള്ള അധികാരവും അവന് നല്കപ്പെട്ടിരിക്കുന്നു.
നിത്യജീവനെന്നാൽ, ഏകസത്യദൈവത്തേയും അവിടുത്തെ പുത്രനായ മിശിഹായേയും അറിഞ്ഞു ജീവിക്കുക എന്നതുതന്നെ. ‘അറിയുക’എന്നാൽ ബാഹ്യമായ ഒരറിവ് മാത്രമല്ല, മറിച്ച്, ആ വ്യക്തിയെ സ്നേഹിച്ചു, അയാളുമായി ഐക്യപ്പെട്ടു, നിരന്തരമായ സ്നേഹബന്ധത്തിൽ ആയിരിക്കുക എന്നാണ് അർത്ഥം.
പുത്രൻ തമ്പുരാനെ അറിയുകയെന്നാൽ, അവിടുത്തെ ദൈവത്വവും മനുഷ്യത്വവും അറിയുക എന്നതുതന്നെ. ചുരുക്കത്തിൽ ദൈവസ്നേഹത്തിലും മനുഷ്യസ്നേഹത്തിലും നാം വളരുമ്പോളാണ് യഥാർത്ഥ നിത്യജീവൻ നാം സ്വന്തമാക്കുന്നത്.
മഹത്വീകരണത്തിന്റെ ഒഴിച്ചുകൂടാനാവാത്ത രണ്ട് വഴികളാണ് പീഡാസഹനവും മരണവും. ഇവയിലൂടെയാണ് ഉത്ഥാനത്തിന്റെ മഹത്വീകരണത്തിൽ പ്രവേശിക്കാനാവുക. എന്നാൽ ഇവ രണ്ടും മനുഷ്യപ്രകൃതിക്ക് അപ്രാപ്യമാണ്.
ആയതിനാലാണ് മനുഷ്യാവതാരം സ്വീകരിച്ച പുത്രൻ ദൈവ ശക്തിക്കും കൃപയ്ക്കുമായി പ്രാർത്ഥിക്കുന്നത്. ഇതിലൂടെ ഭയലേശമെന്യേ കടന്നുപോകാൻ പ്രാർത്ഥനയുടെ പിൻബലം കൂടിയേ തീരൂ.
അവിടുന്ന് തന്റെ തീവ്രവേദനകൾക്കിടയിലും പലപ്പോഴും പ്രാർത്ഥനക്കിടം കണ്ടെത്തുന്നത് നാം തിരുവചനത്തിൽ പല ഇടങ്ങളിലും കാണുന്നുണ്ടല്ലോ.
അതിലൂടെയാണ് ദൈവഹിത പൂർത്തീകരണ ശക്തി അവിടുന്ന് പ്രാപിച്ചതും. ദൈവത്തോടുള്ള പ്രാർത്ഥന, നമ്മുടെ ജീവിതദൗത്യപൂർത്തീകരണത്തിന് അനിവാര്യമാണെന്ന തിരിച്ചറിവ് നാഥൻ നമുക്ക് നൽകുന്നു.
ഈശോയുടെ ഓരോ വാക്കും അവിടുത്തെ ഓരോ പ്രവൃത്തികളും പിതാവായ ദൈവത്തെ വെളിപ്പെടുത്തുന്നവയായിരുന്നു.
അവൻ പിതാവിന്റെ സ്വരമായിരുന്നു. സ്വരമെന്നാൽ വചനമാണ്. വചനമാണ് മാംസം ധരിച്ചത്. ആയതിനാൽ വചനമായ ഈശോയെ കാണുന്നവൻ, അവനിലൂടെ പിതാവായ ദൈവത്തെത്തന്നെ കാണുന്നു എന്നുസാരം.
നമ്മുടെ അനുദിനജീവിതത്തിൽ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും അതീവ ശ്രദ്ധകേന്ദ്രീകരിക്കാം. കാരണം, വചനം ഒരുവനെ അറിവിലേക്കും വിശ്വാസത്തിലേക്കും നയിക്കുന്നു. പ്രാർത്ഥനയോ, ജീവിതദൗത്യപൂർത്തീകരണ മാർഗ്ഗവും.