Meditations

സ്വർഗ്ഗത്തിൽനിന്നും വന്ന മനുഷ്യപുത്രനെ വിശ്വസിച്ച് ഏറ്റുപറയാം, നിത്യജീവൻ നേടാം ..

യോഹന്നാൻ 3 : 31 – 36
ദൈവസ്നേഹത്തിന്റെ പൂർണ്ണത.

ദൈവത്തിന്റെ വചനമായവൻ, ഉന്നതത്തിൽനിന്നും വന്നവനാണ്. ആയതിനാൽ, എല്ലാറ്റിനും ഉപരിയായവനാണവൻ. അവൻ ലോക സൃഷ്ടിക്കുമുമ്പേ ഉള്ളവനാണ്. പിതാവിനെ വെളിപ്പെടുത്തുന്ന ഏകപുത്രനുമാണ്. അവൻ സ്വർഗ്ഗത്തിൽനിന്നും വന്ന മനുഷ്യപുത്രനാണ്. അവന്റെ പൂർണ്ണതയിൽനിന്നുമാണ് ദൈവമക്കളാകാൻ നാം യോഗ്യതനേടുന്നത്.

എന്നാൽ, ഈ സത്യങ്ങളൊന്നും വിശ്വസിച്ചു അംഗീകരിക്കാത്തവർ ഏറെയുണ്ട്. വിശ്വസിച്ചു ഏറ്റുപറയുന്നവർ, നിത്യജീവൻ സ്വന്തമാക്കും.

ദൈവം സ്നേഹമായതിനാൽ, അവൻ കോപിഷ്ഠനല്ല, മറിച്ച്, അവനെ തിരിച്ചറിയാത്തവർക്കും, അവനിൽ വിശ്വസിച്ചു അവനെ സ്വീകരിക്കാത്തവർക്കും ദൈവം കോപിഷ്ഠനായി കരുതപ്പെടുന്നു എന്നുമാത്രം. ഇത് പഴയനിയമ കാഴ്ചപ്പാടാണ്.

കാരണം, ആ കാലഘട്ടത്തിൽ ദൈവം തന്നെ പൂർണ്ണമായി വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, പുതിയനിയമ കാലഘട്ടത്തിൽ, ദൈവത്തെ സ്വപുത്രൻ തന്നെ വെളിപ്പെടുത്തുന്നു. അപ്രകാരം ദൈവം അതിന്റെ പൂർണ്ണതയിൽ സ്നേഹം മാത്രമാണ്.

സ്വപുത്രനിലൂടെ ദൈവം നമുക്ക് നിത്യജീവൻ നൽകി. മാമ്മോദീസായിലൂടെ നാം ഈ രക്ഷയിലേക്ക് കടന്നു വരുന്നുണ്ടെങ്കിലും, ബോധപൂർവ്വം അത്‌ മനസ്സിലാക്കി നാം ജീവിച്ചുകൊണ്ടു, ദൈവമക്കളുടെ ജീവിതരീതിയും സ്വാതന്ത്ര്യവും നാം നേടിയെടുക്കണം.

അവിടുത്തെ നിസ്സീമമായ സ്നേഹം, അളവട്ടതും, വ്യവസ്ഥയില്ലാത്തതും, നിത്യവുമാണ്. ഇത് മനസ്സിലാക്കാതെ, പലപ്പോഴും നാം നമ്മുടെ ജീവിതാനുഭവങ്ങളിൽ, വിശ്വാസത്തിൽനിന്നും വ്യതിചലിച്ചു പോകുന്നു. അങ്ങനെ അവന്റെ പൂർണ്ണതയിൽ പങ്കുചേരാൻ നമുക്ക് കഴിയാതെ പോകുന്നു.

പഴയനിയമത്തിന്റെ പൂർണ്ണതയാണ് പുതിയനിയമം എന്നത് പലപ്പോഴും നാം മറക്കുന്നതാണതിനു കാരണം. വിശ്വാസപൂർവ്വമായ പ്രാർത്ഥനയോടെ, നമുക്കും അവന്റെ സ്നേഹത്തിൽ ഒന്നുചേർന്നു, അവന്റെ പൂർണ്ണതയിലേക്ക് വളരാം….