റോമാസാമ്രാജ്യത്തിലെ പ്രവിശ്യകളായിരുന്ന പന്നോനിയ, ഡാൽമേഷ എന്നിവയുടേയും ഇറ്റലിയുടേയും ഇടയിൽ, അക്വലെയക്ക് സമീപമുള്ള സ്ട്രിഡോൻ എന്ന സ്ഥലത്താണ് ജെറോം ജനിച്ചത്. പ്രസംഗകലയും തത്ത്വശാസ്ത്രവും പഠിക്കാൻ അദ്ദേഹം റോമിലെക്ക് പോയി. അവിടെ, വൈയാകരണൻ ഡൊണാറ്റസിന് ശിഷ്യപ്പെട്ട ജെറോം, ഗ്രീക്ക്, ലത്തീൻ ഭാഷകളിൽ അവഹാഗം നേടി.
റോമിൽ കുറേ വർഷങ്ങൾ കഴിഞ്ഞ ശേഷം ജെറോം സുഹൃത്ത് ബൊണോസസിനൊപ്പം ഗോളിലേക്ക് പോയി. മതവിഷയങ്ങളുടെ ഗൗരവപൂർവമുള്ള പഠനം അദ്ദേഹം തുടങ്ങിയത് ഇക്കാലത്താണ്.
റൂഫിനസ് എന്ന സുഹൃത്തിനുവേണ്ടി പോയ്ട്യേയിലെ ഹിലരിയുടെ സങ്കീർത്തനവ്യാഖ്യാനം അദ്ദേഹം പകർത്തിയെഴുതി. തുടർന്ന് റൂഫിനസിനൊപ്പം ഏതാനും വർഷങ്ങൾ ജെറോം അക്വെലയിൽ താമസമാക്കി. അവിടെ ക്രിസ്ത്യാനികളുടെ ഒരു സുഹൃദ്വലയം അദ്ദേഹത്ത കേന്ദ്രമാക്കി രൂപം കൊണ്ടു.
373-ആം ആണ്ടിൽ ത്രേസ്, ഏഷ്യാമൈനർ എന്നിവിടങ്ങൾ വഴി ചില സുഹൃത്തുക്കൾക്കൊപ്പം ജെറോം വടക്കൻ സിറിയയിലെത്തി. ഏറെക്കാലം അദ്ദേഹം താമസിച്ചത് അന്തിയോക്കിയയിലാണ്. അവിടെവച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ചിലർ, കാലാവസ്ഥയുടെ കാഠിന്യം സഹിക്കാഞ്ഞ് മരിച്ചു. ജെറോം തന്നെ ഒന്നിലേറെ വട്ടം ഗുരുതരമായ രോഗാവസ്ഥയിലായി.
അത്തരം അവസ്ഥകളിലൊന്നിൽ അദ്ദേഹത്തിന്, സിസറോയുടേയും വിർജിലിന്റേയും രചനകൾ പോലുള്ള മതേതര സാഹിത്യം ആസ്വദിക്കുന്നത് നിർത്തി ദൈവികവിഷയങ്ങളുടെ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു ദർശനമുണ്ടായി.
മരണാനന്തരം നിത്യവിധിയാളന്റെ മുൻപിൽ താൻ നിൽക്കുന്നതായാണ് ജെറോം കണ്ടത്. സ്വന്തം ജീവിതത്തെ ന്യായീകരിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് താൻ ക്രിസ്ത്യാനിയാണെന്ന് അദ്ദേഹം ബോധിപ്പിച്ചു. “നീ നുണപറയുന്നു; നീ ക്രിസ്ത്യാനിയല്ല, സിസറോണിയനാണ്” എന്ന ശകാരവും തുടർന്ന് ബോധം കെടുത്തും വിധമുള്ള ചാട്ടവാറടിയുമാണ് ഇതിനു പ്രതികരണമായി ന്യായാസനത്തിൽ നിന്ന് കിട്ടിയത്. ഇതേതുടർന്ന് വർഷങ്ങളോളം ജെറോം ക്ലാസിക്കുകൾ വായിക്കുന്നത് നിർത്തി ബൈബിളിന്റെ തീവ്രപഠനത്തിൽ മുഴുകി.
ഇക്കാലത്ത്, താപസന്റെ പ്രായശ്ചിത്ത ജീവിതം ലക്ഷ്യമാക്കി ജെറോം അന്തിയോക്കിയക്ക് തെക്കുപടിഞ്ഞാറുള്ള കാൽസിസ് മരുഭൂമിയിൽ കുറേക്കാലം താമസിച്ചു. വേറേയും ധാരാളം താപസന്മാർ അവിടെയുണ്ടായിരുന്നു. അവിടേയും അദ്ദേഹം എഴുത്തും വായനയും തുടർന്നു. പരിവർത്തിതനായ ഒരു യഹൂദന്റെ സഹായത്തോടെ അദ്ദേഹം എബ്രായ ഭാഷ പഠിക്കാൻ തുടങ്ങിയത് അവിടെവച്ചാണ്.
അന്തിയോക്കിയയിലെ യഹൂദവംശജരായ ക്രിസ്ത്യാനികളുമായി ജെറോം എഴുത്തുകുത്തുകൾ നടത്തുകയും പുതിയനിയമത്തിന്റെ അംഗീകൃത സംഹിതയിലുൾപ്പെട്ട മത്തായിയുടെ സുവിശേഷത്തിന്റെ സ്രോതസ്സായി അവർ കണക്കാക്കിയിരുന്ന “എബ്രായരുടെ സുവിശേഷം” എന്ന അകാനോനിക രചനയിൽ താത്പര്യം കാട്ടുകയും ചെയ്തു.
378-379-ൽ അന്തിയോക്കിയയിൽ മടങ്ങിയെത്തിയ ജെറോമിന് പൗളീനോസ് മെത്രാൻ പുരോഹിത്യം നൽകി. തന്റെ സംന്യാസജീവിതത്തിന് ഇത് വിരാമമിടുകയില്ല എന്ന ഉറപ്പുവാങ്ങിയാണ് ജെറോം ഇതിന് അരമനസ്സോടെയാണെങ്കിലും വഴങ്ങിയത്.
താമസിയാതെ കപ്പദോച്ചിയൻ പിതാക്കന്മാരിൽ ഒരാളായിരുന്ന നസിയാൻസസിലെ ഗ്രിഗറിയുടെ കീഴിൽ ബൈബിൾ പഠനത്തിന് കോൺസ്റ്റാന്റിനോപ്പിളിലേക്കുപോയ ജെറോം അവിടെ രണ്ടുവർഷം കഴിഞ്ഞു; തുടർന്നുള്ള മൂന്നുവർഷം (382-385) ജെറോം ഒന്നാം ഡമാസ്യൂസ് മാർപ്പാപ്പയുടെ കാര്യദർശിയായി റോമിലായിരുന്നു.
അന്തിയോക്കിയായിലെ മതഭിന്നത അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ള 382-ലെ സൂനഹദോസിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി റോമിലെത്തിയ ജെറോം ക്രമേണ മാർപ്പാപ്പായുടെ വിശ്വസ്തന്മാരിലൊരാളായി മാറുകയും അദ്ദേഹത്തിന്റെ അലോചനാസംഘത്തിലെ പ്രമുഖരിലൊരാളായി അവിടെ തുടരുകയുമാണ് ചെയ്തത്.
ഇക്കാലത്ത് മറ്റു ജോലികൾക്കിടയിൽ ജെറോം ബൈബിളിന്റെ പഴയ ലത്തീൻ പരിഭാഷയുടെ പരിഷ്കരണത്തിന് തുടക്കമിട്ടു. ഗ്രീക്ക് മൂലത്തെ ആശ്രയിച്ചുള്ള പുതിയനിയമപരിഭാഷയായിരുന്നു ആദ്യം. പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിനെ ആശ്രയിച്ചുള്ള പഴയ സങ്കീർത്തനപരിഭാഷയുടെ പരിഷ്കരണമായിരുന്നു പിന്നെ.
ജെറോമിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവനയായി കരുതപ്പെടുന്ന ‘വൾഗെയ്റ്റ്’ ബൈബിൾ പരിഭാഷയുടെ തുടക്കം ഇതായിരുന്നു. ഈ സംരംഭം പൂർത്തിയാകാൻ ഏറെ വർഷങ്ങളെടുത്തു. റോമിൽ കുലീനകുടുംബങ്ങളിൽ പെട്ട അഭ്യസ്തവിദ്യരായ ഒരുപറ്റം പട്രീഷ്യൻ വനിതകൾ അദ്ദേഹത്തിന്റെ അനുയായികളായി. വിധവകളായ മാർസെല്ല, പൗള; അവരുടെ മക്കൾ ബ്ലെസില്ല, യുസ്റ്റോക്കിയം എന്നിവർ അവരിൽ പ്രമുഖരായിരുന്നു.
ജെറോമിന്റെ ആശയങ്ങളുടെ സ്വാധീനത്തിൽ ആ വനിതകൾ സംന്യാസജീവിതത്തിൽ തത്പരരായതും സംന്യാസേതരപൗരോഹിത്യത്തിനു നേരെയുള്ള ജെറോമിന്റെ നിശിതവിമർശനങ്ങളും, റോമിലെ പുരോഹിതപ്രമുഖന്മാരേയും അവരുടെ പിന്തുണക്കാരേയും അദ്ദേഹത്തിന്റെ ശത്രുക്കളാക്കി.
384-ആം വർഷം ആശ്രയദാതാവായിരുന്ന ഡമാസ്യൂസ് മാർപ്പാപ്പയുടെ മരണത്തിനുശേഷം ജെറോമിന്റെ ശത്രുക്കൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. സുഹൃദ്വലയത്തിലെ വനിത പൗളയുമായി അദ്ദേഹത്തിന് ആനുചിതമായ ബന്ധമുണ്ടെന്ന് അവർ ആരോപിച്ചു. താമസിയാതെ റോമിലെ പദവികൾ ഉപേക്ഷിച്ച് അദ്ദേഹത്തിന് അവിടം വിട്ടുപോകേണ്ടി വന്നു.
385-ആം ആണ്ട് ഓഗസ്റ്റ് മാസം സഹോദരൻ പൗളീനിയാനൂസിനും അനേകം സുഹൃത്തുക്കൾക്കുമൊപ്പം ജെറോം അന്ത്യോക്കിയയിലെത്തി. തങ്ങളുടെ ശിഷ്ടജീവിതം വിശുദ്ധനാട്ടിൽ ചെലവഴിക്കാൻ തീരുമാനിച്ചിരുന്ന പൗളയും യുസ്റ്റോക്കിയവും താമസിയാതെ അദ്ദേഹത്തിനൊപ്പം ചേർന്നു. ജെറോം അവർക്ക് ആത്മീയോപദേഷ്ടാവായി.
അന്ത്യോക്യയിലെ മെത്രാൻ പൗളീനൂസിനൊപ്പം തീർത്ഥാടകരായി അവർ ജെറുസലേം , ബെത്ലഹേം, എന്നിവിടങ്ങളും ഗലീലായിലെ വിശുദ്ധസ്ഥലങ്ങളും സന്ദർശിച്ചു. താപസജീവിതത്തിലെ ധീരന്മാരുടെ നാടായി കരുതപ്പെട്ടിരുന്ന ഈജിപ്തും അവർ സന്ദർശിച്ചു. 420-ആമാണ്ട് സെപ്റ്റംബർ 30-ന് ജെറോം ബെത്ലഹേമിൽ വെച്ച് മരണമടഞ്ഞു.