യോഹന്നാൻ 16 : 25 – 33
സമാധാനം.
അവൻ ഉപമകളിലൂടെ അവരെ പഠിപ്പിച്ചു. മൂന്ന് വർഷക്കാലം കൂടെ നടന്ന ശിഷ്യർപോലും, അവൻ പറഞ്ഞവ അധികമൊന്നും ഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. അതിനാൽ തന്റെ ഉത്ഥാനശേഷം പരിശുദ്ധാത്മാവ് എല്ലാം വെളിപ്പെടുത്തിത്തരുമെന്ന വാഗ്‌ദാനം അവൻ നൽകുന്നു.
പിതാവിന്റെ പക്കലേക്ക്‌തന്നെ താൻ മടങ്ങിപ്പോകുന്നുവെന്നു അവൻ പറയുമ്പോൾ, വിശ്വാസത്തോടെ ആ ദൈവീകരഹസ്യം ശിഷ്യർ ഏറ്റുപറയുന്നു. എന്നാൽ അപ്പോഴും യേശു അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നു.
താൻ പിതാവിങ്കലേക്ക് പോകുന്നവേളയിൽ, വിശ്വാസത്യാഗം നിങ്ങളിൽ ഉണ്ടാകുമെന്നും, എങ്കിലും ധൈര്യം കൈവിടാതിരിക്കണമെന്നും, താൻ ലോകത്തെ കീഴടക്കിയതിനാൽ, എന്നിൽ നിങ്ങൾക്ക് സമാധാനം കണ്ടെത്താൻ കഴിയുമെന്നും അവൻ അവരെ പറഞ്ഞു ബലപ്പെടുത്തുന്നു.
തുടർന്ന് അവൻ അവരുമായി ഒറ്റപ്പെടലിന്റെ വേദന പങ്കുവെക്കുന്നു. കൂട്ടിനായി കൂടെ നടന്നവരും, ചേർത്തുനിർത്തിയവരും, ഓടിയകന്നപ്പോൾ,അവനും ഒറ്റപ്പെടലിന്റെ വേദന ഏറെ അറിഞ്ഞു.
പലപ്പോഴും ഈ ഒരു അനുഭവം നമ്മുക്കും ഉണ്ടാകാറുണ്ട്. തള്ളിപ്പറയപ്പെടുകയും ഒറ്റിക്കൊടുക്കപ്പെടുകയും ആരാലും തിരസ്കൃതനായി നിൽക്കേണ്ടി വരുകയും ചെയ്ത നിമിഷങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകാം.
അവിടൊക്കെ നമ്മെ ചേർത്തുപിടിച്ചാശ്വസിപ്പിക്കാൻ ഇതേ അവസ്ഥകളിലൂടെ കടന്നുപോയ ഈശോക്കെ കഴിയൂ. ലോകത്തിന്റെ ഞെരുക്കങ്ങളിൽ അടിപതറാത്ത പാദങ്ങൾ അവന്റേത് മാത്രമാണ് എന്നത് മറക്കാതിരിക്കാം.
നമ്മുടെ ആ നിമിഷങ്ങളിൽ അവനിൽ സമാധാനം കണ്ടെത്താൻ കഴിയണമെങ്കിൽ, അവനുമായി നേരത്തേതന്നെ സ്നേഹത്തിൽ സഹവസിക്കേണ്ടിയിരിക്കുന്നു. അതിനു വിശ്വാസമെന്ന അടിത്തറ നമ്മിൽ പണിയപ്പെടണം.
ദൈവീകരഹസ്യങ്ങളുടെ ഗ്രാഹ്യത്തിനായി നമ്മുക്ക് ആത്മാവിന്റെ നിറവിനായി പ്രാർത്ഥിക്കാം. ഒറ്റപ്പെടലിന്റെ, തള്ളിപ്പറച്ചിലിന്റെ, അവഗണനയുടെ നിമിഷങ്ങളിൽ, വിശ്വാസപൂർവ്വം ഈശോയിൽ സമാധാനം കണ്ടെത്താം. അങ്ങനെ നമ്മിലൂടെ അനേകർ അവനിലേക്ക് അടുക്കട്ടെ….വിശ്വാസത്തിൽ വളരട്ടെ…