News Social Media

പ്രവാസി സമൂഹത്തിന് കരുത്തും പ്രചോദനവുമായി: ‘യൂറോ ക്ലേരോ 2024’

മാഡ്രിഡ്‌: യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേഷനില്‍ സേവനം ചെയ്യുന്ന വൈദീകരുടെ വാര്‍ഷിക ധ്യാനവും സമ്മേളനവും – ‘യൂറോ ക്ലേരോ 2024’ – ജൂണ്‍ 10 മുതല്‍ 14 വരെ തിയ്യതികളില്‍ സ്പെയിനിലെ മാഡ്രിഡില്‍ വച്ച് നടന്നു.

മാഡ്രിഡ്‌ ആര്‍ച് ബിഷപ്പ് കര്‍ദിനാള്‍ ജോസ് കോബോ കാനോ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ സ്നേഹത്തിന്റെ ഐക്യത്തില്‍ യൂറോപ്പിലെ സീറോ മലബാര്‍ പ്രവാസി വിശ്വാസികള്‍ക്ക് തനിമയുള്ള വിശ്വാസവും പാരമ്പര്യങ്ങളും ഒപ്പം വൈവിധ്യതകളും കാത്തു സൂക്ഷിക്കാനാവട്ടെ എന്ന് സ്പെയിനിലെ ഓറിയന്റല്‍ സഭകളുടെ കൂടെ ഉത്തരവാദിത്തമുള്ള കര്‍ദിനാള്‍ ആശംസിച്ചു.

സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രവാസി സമൂഹത്തിനു ആവശ്യമായ അജപാലന പദ്ധതികള്‍ കാലോചിതമായി നടപ്പാക്കാനും, അപ്പസ്തോലിക് വിസിറ്റേഷന്‍റെ വളര്‍ച്ചക്ക് കരുത്താകാനും തിടുക്കത്തില്‍, മലമുകളിലൂടെ, എലിസബത്തിനെ സന്ദര്‍ശിക്കാന്‍ തയ്യറായ പരിശുദ്ധ അമ്മയുടെ തീക്ഷണതയിലും, കരുതലിലും, സഹന മനോഭാവത്തിലും എല്ലാ വൈദീകര്‍ക്കും ആകട്ടെ എന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

നിരന്തരമായ പ്രാര്‍ത്ഥന, ഇടറാത്ത വിശ്വാസം, ഇടര്‍ച്ചകളില്ലാത്ത കരുത്തുറ്റ സാക്ഷ്യം, ചൈതന്യവത്തായ കൂദാശാ പരികര്‍മ്മങ്ങള്‍ എന്നിവയിലൂടെ ക്രിസ്തു പകരക്കരാകാന്‍ വൈദീകര്‍ക്ക് ആവട്ടെ എന്ന് അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പറഞ്ഞു.

യൂറോപ്പിലെ സഭക്ക് സാക്ഷ്യമാണ് ഓറിയന്റല്‍ സഭകളിലെ വിശ്വാസ സമൂഹം എന്ന് സ്പെയിനിലെ മുഴുവന്‍ ഓറിയന്റല്‍ സഭകളുടെ ഓർഡിനേറിയറ്റിന്‍റെ വികാരി ജനറാള്‍ ഡോ. ആന്ദ്രേസ് മാര്‍ട്ടിനെസ് എസ്തെബാന്‍ പറഞ്ഞു.
ക്ലരീഷ്യന്‍ മിഷനറി സഭയുടെ ജനറല്‍ സുപീരിയര്‍ ഡോ. മാത്യു വട്ടമറ്റം സി.എം.എഫ്. ധ്യാന ചിന്തകള്‍ പങ്കുവച്ചു. യൂറോപ്പിലെ വ്യത്യസ്ഥ രാജ്യങ്ങളില്‍ സേവനം ചെയ്യുന്ന 30 വൈദീകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഡോ. ക്ലമന്റ് ചിറയത്ത്, ഡോ. ബാബു പാണാട്ടുപ്പറമ്പില്‍, ഡോ. ബിനോജ് മുളവരിക്കല്‍, ഫാ. ജോര്‍ജ്ജ് ജേക്കബ്‌ പുതുപറമ്പില്‍, ഫാ. ജോമി തോട്ട്യാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യൂറോപ്പിലെ വ്യത്യസ്ത കമ്മ്യൂണിറ്റികളിൽ നിന്നും ആളുകളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു കേൾക്കുകയും അതിനെ തുടർന്ന് ഗൗരവമായ ചർച്ചകൾ നടത്തുകയും തുടർ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.

സമ്മേളനത്തോട് അനുബന്ധിച്ച് ആവിലയിലെ അമ്മ ത്രേസ്യയുടെ ജന്മസ്ഥലം, സെഗോവിയായിലെ കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ തീര്‍ത്ഥകേന്ദ്രം എന്നിവടങ്ങളിലേക്ക് തീര്‍ത്ഥയാത്ര ഉണ്ടായിരുന്നു. തോളേദോ യിലെ മര്‍ത്ത്മറിയം കമ്മ്യുണിറ്റി, മാഡ്രിഡിലെ സെന്റ്‌. തോമസ്‌ കമ്മ്യുണിറ്റി എന്നിവര്‍ക്കൊപ്പം വിശുദ്ധ കുര്‍ബാനകള്‍ ഉണ്ടായിരുന്നു.